തിരുവല്ല : എട്ടുവര്‍ഷംമുമ്പ് പന്നിക്കുഴിയില്‍ ഗതാഗത ആവശ്യത്തിന് തോട്ടില്‍ പണിത തടയണ പൊളിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങളും കര്‍ഷകരും. കുറേ വീട്ടുകാര്‍ക്ക് ഗതാഗതത്തിന് ഉപകരിച്ചെങ്കിലും അതിലേറെപ്പേര്‍ക്ക് ദുരിതം വിതച്ച തടയണ ആര്‍ക്കും പ്രശ്നമില്ലാത്തവിധം പൊളിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
എട്ടുവര്‍ഷം നീണ്ട അലസതയ്ക്ക് ഇത്തവണയെങ്കിലും പരിഹരാമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മുത്തൂരില്‍ എം.സി.റോഡിലെ പന്നിക്കുഴിപ്പാലത്തിന് വടക്കുവശത്ത് തോടുനിരപ്പില്തന്നെയാണ് തടയണ. തോടിന്റെ കിഴക്കേകര നഗരസഭയും പടിഞ്ഞാറേക്കര പെരിങ്ങര പഞ്ചായത്തുമാണ്. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവര്‍ പഴയ പന്നിക്കുഴിപ്പാലത്തിലേക്കുള്ള വഴിയിലൂടെയാണ് യാത്ര ചെയ്തിരുന്നത്.
പുതിയ പാലം പണിതപ്പോള്‍ ഈ വഴി പ്രായോഗികമല്ലാതായി. ഇതോടെയാണ് തടയണ പണിത് യാത്രാമാര്‍ഗം ഒരുക്കിയത്. ജലം മറുഭാഗത്തേക്ക് പോകാന്‍ രണ്ട് കുഴലുകളുമിട്ടു. കോണ്‍ക്രീറ്റ് ചെയ്താണ് തടയണ പണിതത്. ജലം തോട്ടില്‍ പൊങ്ങുന്നതനുസരിച്ച് കുഴലിലൂടെ മറുഭാഗത്തേക്ക് ഒഴുകിമാറില്ല.
കവിയൂര്‍ പുഞ്ചയില്‍നിന്ന് കുറ്റപ്പുഴ തോട്ടിലൂടെ വരുന്ന വെള്ളമെല്ലാം ഒഴിഞ്ഞുപോകേണ്ടത് ഈ ചെറിയ പൈപ്പുകളില്‍ കൂടിയാണ്. പെരുന്തുരുത്തി തെക്ക് പാടശേഖരത്തില്‍ കൃഷിയിറക്കാനും വെള്ളക്കെട്ടുകാരണം കഴിയാറില്ല.
പെരുന്തുരുത്തി, കുറ്റപ്പുഴയിലെ ചിലഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടും പതിവായി. ഈ ഭാഗത്ത് മാലിന്യം വന്‍തോതില്‍ അടിയുകയും ചെയ്തു. കവിയൂര്‍ പുഞ്ചയില്‍കൂടി ഒഴുകുന്ന വലിയതോടാണ് പിന്നീട് കുറ്റപ്പുഴ തോടായി മാറുന്നത്. ഇത് കോട്ടാലിയില്‍ രണ്ടായി പിരിഞ്ഞ് ഒരുകൈവഴിയായാണ് പന്നിക്കുഴി പാലത്തിനടിയിലൂടെ ചന്തത്തോട്ടിലെത്തി വേങ്ങല്‍ വഴി എ.സി.കനാലിലെത്തുന്നത്.
കഴിഞ്ഞ മഴക്കാലത്ത് കുറ്റപ്പുഴ തോടിന്റെ കരയിലുള്ള വീടുകളില്‍ വെള്ളം കയറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: