കൊളംബോ: എസിസി എമേര്‍ജിംഗ് ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓപ്പണര്‍ സായി സുദര്‍ശനന്റെ അപരാജിത സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ നാണം കെടുത്തി ടീം ഇന്ത്യ. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ എ ടീം പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ ബിയിലെ മൂന്ന് കളികളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ്് ചാമ്പ്യന്മാരായി സെമിയിലെത്തി. രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാനും അവസാന നാലില്‍ ഇടംപിടിച്ചു. സെമിയില്‍ ഇന്ത്യക്ക് എതിരാളികള്‍ ബംഗ്ലാദേശ് എ ടീമാണ്. ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍. നാളെയാണ് സെമി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 48 ഓവറില്‍ 205 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 36.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 210 റണ്‍സെടുത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
സായ് സുദര്‍ശനന്റെ അപരാജിത സെഞ്ചുറിയും (104), നികിന് ജോസിന്റെ (53) അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
പാകിസ്ഥാന് ഉയര്‍്ത്തിയ 206 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ സായി സുദര്‍ശനനും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ നികിന് ജോസ് സുദര്ശനന് മികച്ച പിന്തുണ നല്കി. സ്കോര്‍ 157-ല്‍ എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ പാകിസ്ഥാനായത്. 64 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത നികിന് ജോസിനെ മെഹ്റാന് മുംതാസിന്റെ പന്തില്‍ മുഹമ്മദ് ഹാരിസ് പിടികൂടി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ യാഷ് ധുള്ളിനെ (21 നോട്ടൗട്ട്) കൂട്ടുപിടിച്ച് സായി സുദര്ശനന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്ത പാകിസ്ഥാന് എ 48 ഓവറില്‍ 205 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക് ടീമിന്റെ പ്രതീക്ഷകളെല്ലാം ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ എറിഞ്ഞുടച്ചു. ഏഴാമനായിറങ്ങി 63 പന്തില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. വാലറ്റത്തിന്റെ പോരാട്ടമാണ് പാകിസ്ഥാനെ 200 കടത്തിയത്.
ഇന്ത്യക്കായി രാജ്വര്ധന് ഹംഗര്‍ഗേക്കര്‍ 8 ഓവറില്‍ 42 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹംഗര്‍ഗേക്കറുടെ അഞ്ചിന് പുറമെ മാനവ് സത്താര്‍ മൂന്നും നിഷാന്ത് സന്ധുവും റിയാന്‍ പരാഗും ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: