തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും അതിന്റെ ഭാഗമായുളള ലൈംഗികശേഷിക്കുറവ് ഗണ്യമായി ഉയരുകയാണെന്നും റിപ്പോര്‍ട്ട്. രോഗികളും ഡോക്ടര്‍മാരും ഇതിന് വേണ്ട പ്രാധാന്യം നല്‍കാത്തതിനാലാണ് ശേഷിക്കുറവുളളവരുടെ എണ്ണം ഏറുന്നത്.
കോവളത്ത് ഇന്ത്യയിലും വിദേശത്തുമുള്ള ഫിസിഷ്യന്‍മാരും ഡയബറ്റോളജിസ്റ്റുകളും പങ്കെടുത്ത പതിനൊന്നാമത് ജെപിഇഎഫ് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തത്. കേരളത്തില്‍ പ്രമേഹ വ്യാപനം 20 ശതമാനമാണ്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്.ദേശീയ ശരാശരി എട്ട് ശതമാനം മാത്രമാണ്.
”ലൈംഗിക ശേഷിക്കുറവ് പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ പരിമിതമാണ്. ലൈംഗികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രോഗികള്‍ മാത്രമല്ല, ഡോക്ടര്‍മാരും മടിക്കുന്നു എന്നതാണ് പ്രശ്‌നം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലും ഇക്കാര്യം വ്യക്തമായി ”-ഡോ എ വി രവീന്ദ്രന്‍ പറഞ്ഞു.
ടൈപ്പ് 2 പ്രമേഹത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ പ്രമേഹബാധിതര്‍ക്ക് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ്, ലൈംഗിക താത്പര്യം, ഉദ്ധാരണം എന്നിവ കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുളളത്. പ്രമേഹം ബാധിച്ചതിന്റെ കാലദൈര്‍ഘ്യം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
”പുരുഷന്മാര്‍ 10 വര്‍ഷത്തിലേറെയായി പ്രമേഹമുള്ളവരാണെങ്കില്‍, ഏകദേശം 80 ശതമാനം പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണക്കുറവ് ഉണ്ടാകുമെന്ന് കണ്ടെത്തി. പത്ത് വര്‍ഷത്തിലേറെയായി പ്രമേഹമുള്ള സ്ത്രീകളില്‍ ഏതാണ്ട് 90 ശതമാനം പേര്‍ക്കും ലൈംഗിക ശേഷിക്കുറവ് ഉണ്ടാകും. മുപ്പതുകളിലും നാല്‍പ്പതുകളിലും പ്രായമുള്ള കൂടുതല്‍ ചെറുപ്പക്കാര്‍ പ്രമേഹരോഗികളായി മാറുന്നത് ആശങ്കാജനകമാണ്. അത്തരം രോഗികളില്‍ ഹൃദ്രോഗ സാധ്യത സംശയിക്കുന്നുണ്ട് -ഡയബറ്റോളജിസ്റ്റും ജെപിഇഎഫിന്റെ സംഘാടക സംഘാംഗവുമായ ഡോ ജ്യോതിദേവ് കേശവദേവ് പറഞ്ഞു.
”ഉദ്ധാരണക്കുറവുള്ള ധാരാളം പ്രമേഹ രോഗികളുണ്ട്. ചികിത്സകള്‍ ലഭ്യമാണെന്ന് അവര്‍ അറിയണം. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ തേടേണ്ടത് പ്രധാനമാണ്,”- മുംബയ് ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ വിദഗ്‌ദ്ധന്‍ ഡോ.ദീപക് ജുമാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: