ബല്യുപാഖ്യാനം
‘സൂര്യവംശമാകുന്ന ആകാശത്തില്‍ പൂര്‍ണനക്ഷത്രനാഥനായി വിളങ്ങുന്ന മാന്യബുദ്ധേ! ബലിയെന്നപോലെ നീ ബുദ്ധിഭേദമതുകൊണ്ട് ബോധം സമ്പാദിച്ചാലും.’ ഇങ്ങനെ വസിഷ്ഠന് പറഞ്ഞതുകേട്ട നേരം ഹൃദയത്തില്‍ വളരെ സന്തോഷമാര്‍ന്നു ചോദിച്ചു, ‘പ്രഖ്യാതനായ ബലിയെന്നപോലെ നല്ല ജ്ഞാനമാര്‍ന്നുകൊള്ളുന്നത് എപ്രകാരമാണ്? ആയതു നന്നായി ഉള്ളില്‍ കൃപയോടെ അരുളിച്ചെയ്യണം.’ ശ്രീരാമന്റെ ചോദ്യം കേട്ടനേരം വസിഷ്ഠമഹര്‍ഷി പുഞ്ചിരിയോടുകൂടി ഇങ്ങനെ പറഞ്ഞു,- ‘ഖ്യാതി തേടുന്ന പാതാളലോകത്തില്‍ അസുരനായ വിരോചനന്റെ പുത്രന് മഹാനായ ബലി രാജ്യം വഴിപോലെ പാലനം ചെയ്ത് പത്തുകോടി വത്സരം വാണു. നിത്യമായി ഉപയോഗിച്ചു അനുഭവിച്ചുവരുന്ന ഭോഗങ്ങളില്‍ എല്ലാത്തിലും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. ഒരിക്കല്‍ കൊട്ടാരത്തിന്റെ മുകളില്‍ ദാനവേന്ദ്രന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇങ്ങനെ ചോദിച്ചു- എപ്പോഴും ഭോഗങ്ങളെ നല്ലവണ്ണം അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ മഹാരാജ്യംകൊണ്ട് എന്താണു ഫലം? ആദ്യത്തില്‍ മാത്രം നന്നെന്ന് ഉള്ളില്‍ തോന്നുന്നതും പിന്നെ സംശയരഹിതമായി നാശത്തെ പ്രാപിക്കുന്നതും ഇതുവരെ ഭക്ഷിച്ചതുമാകുന്ന ഈ ഭോഗജാലം ചിന്തിച്ചാല്‍ സുഖാവഹമാണെന്ന് എങ്ങനെ പറയാം? പിന്നെയും ഭാര്യയെ പുണരുന്നു, പിന്നെയും ഭുജിക്കുന്നു, കണ്ടതിനെ പിന്നെയും കാണുന്നു, ചെയ്തതുതന്നെ വീണ്ടും വീണ്ടും ചെയ്തീടുന്നു.
ഇത് ബാലക്രീഡയ്ക്കു തുല്യമാണെന്നു തര്‍ക്കമില്ല. ചിന്തിച്ചാലിതു മഹാന്മാരായുള്ളവര്‍ക്കെല്ലാം ഉള്ളില്‍ ലജ്ജയെ വളര്‍ത്തുന്നു. നാള്‍തോറും ചെയ്തതിനെ ചെയ്തുകൊണ്ടിരിക്കുന്ന ജ്ഞാനി ചേതസ്സില്‍ എന്തുകൊണ്ട് നാണമാര്‍ന്നീടുന്നില്ല? പിന്നെയും പകല്‍ വന്നീടുന്നു, രാത്രി വന്നീടുന്നു, പിന്നെയും കാര്യങ്ങള്‍ അവ്വണ്ണം തന്നെ. കൃതവും അകൃതവുമായവയ്ക്കു ഹേതുവായീടുന്ന ക്രിയയെ ഞാന്‍ അതിയായി ചിന്തിച്ചിട്ടും യാതൊന്നും കാണുന്നില്ല. എന്റെ നാശം വന്നീടാത്തതും ഭോഗത്തിങ്കല്‍നിന്ന് വേറിട്ടതുമായുള്ളത് യാതൊന്നാണോ അതിനെ ഞാന്‍ ചിന്തിക്കുന്നെന്നു നിരൂപിച്ചു ബുദ്ധിമാനായ ബലി ധ്യാനിച്ചുകൊണ്ടിരുന്നു. പിന്നെ, ആ ദാനവേന്ദ്രന്‍ ‘ആ ശരി ഓര്‍മ്മവന്നിതു’ എന്നു പുരികം ചുളിച്ചുകൊണ്ടു പറഞ്ഞു. എല്ലാമറിഞ്ഞവനും എന്റെ പിതാവുമായ വിരോചനനോട് മുമ്പു ഞാന്‍ ചോദിച്ചു – ഹേ താത! സര്‍വസൗഖ്യപ്രദുഃഖഭ്രമങ്ങളെല്ലാം ചിന്തിച്ചാല്‍, ഏതൊരേടത്ത് ഇല്ലാതായീടുന്നു, എങ്ങ് ഉപശാന്തമായീടുന്നു, മനോമോഹമെങ്ങില്ലാതായീടുന്നു, സകല ഏഷണകളും അരുചി വെടിഞ്ഞുള്ളതായീടുന്ന വിശ്രമം എങ്ങായീടുന്നു, കരുണാംബുധേ! എന്റെ രൂപം നന്നായി ഏറ്റവും മഹാനന്ദസുന്ദരമായി വ്യാപിച്ചീടുന്നതെങ്ങാകുന്നു? അതിനെ ചൊല്ലിത്തന്നീടേണമേ, അവിടെ ഞാന്‍ ഇരുന്നുകൊണ്ട് വിശ്രമിച്ചു കഴിഞ്ഞുകൊള്ളാം.
ഇത്തരം എന്റെ ചോദ്യംകേട്ടു പിതാവ് ഉള്ളില്‍ പ്രീതിയോടെ ഉത്തരമായി പറഞ്ഞു- പുത്ര! നന്നായിട്ട് ഒരു ദേശം വിളങ്ങീടുന്നതുണ്ട്. ആ ദേശത്തില്‍ അണ്ഡങ്ങള്‍ അനേകങ്ങള്‍ താനേ ഉണ്ടായി, നിലനിന്ന,് നശിക്കുന്നു. അവിടെ ഭൂമിയില്ല, ആകാശമില്ല, സമുദ്രമില്ല, പര്‍വതമില്ല, നല്ല തീര്‍ത്ഥം, വനം, നദി എന്നിവയൊന്നുമില്ല. അത്യന്തം മഹാനാകുന്ന, മഹാദ്യുതിയായീടുന്ന ഒരു രാജാവ് ആ ദേശത്ത് വിളങ്ങുന്നു. എല്ലാം ചെയ്യുന്നവന്, എവിടെയും പോകുന്നവന്, എല്ലാത്തിനും നാഥനായുള്ളവന്, സര്‍വദാ മൗനിയായി വര്‍ത്തിച്ചുകൊണ്ടീടുന്നു. ആ രാജാവിനാല്‍ സങ്കല്പിതനായ മന്ത്രിവരന്‍ വിചാരപൂര്‍വം സര്‍വവും നടത്തുന്നു. ഉള്ളതിനെ ഇല്ലാതെയാക്കീടുന്ന ആ മന്ത്രി പെട്ടെന്ന് ഇല്ലാത്തതിനെ ഉള്ളതാക്കീടും. യാതൊന്നും ഭുജിക്കുവാന്‍ ശേഷി ആ മന്ത്രിക്കില്ല; യാതൊന്നും അറിയുകയില്ലവന്‍ കുമാരക! സര്‍വകാര്യങ്ങളെയും വ്യത്യാസംകൂടാതെ അവന് എപ്പോഴും രാജാവിനുവേണ്ടി ചെയ്തീടുന്നു. രാജാവ് സ്വസ്ഥനായിട്ടു ഏകാന്തത്തില്‍ വസിക്കുന്നു: സര്‍വകാരൈ്യകകര്‍ത്താവായി മന്ത്രിയും വാഴുന്നു. അച്ഛന് ഉള്‍ക്കനിവോടുകൂടി ഇപ്രകാരം പറഞ്ഞനേരം കൗതുകത്തോടെ ഞാന്‍ ഇങ്ങനെ ചോദിച്ചു- ആധിവ്യാധികളൊന്നും കൂടാതെയുള്ളതായ ആ ദേശമേതാണ്? അതിലെങ്ങനെ ചെന്നുചേരാം? അത് എങ്ങനെ ലഭിച്ചീടും; ഉത്തുംഗമാഹാത്മ്യമാര്‍ന്ന ആ മന്ത്രി ആരാണ്? ലോകങ്ങളെയൊക്കെയും ജയിച്ച് വിരുതേറ്റമുള്ള നമ്മാല്‍പ്പോലും ജയിക്കാനാകാതെവാഴുന്ന ആ രാജാവാരാണ്? ഇങ്ങനെ ഞാന്‍ ചോദിച്ചതുകേട്ട് പിതാവു പറഞ്ഞു- ദേവദാനവസംഘം ഏറെച്ചേര്‍ന്നാലും ആ മന്ത്രിയെ ജയിക്കുവാന്‍ തെല്ലും ശേഷിയാവില്ല. ബലവാനായീടുന്ന ആ മന്ത്രിയെ എതിരിടാന്‍ ആരും ഭൂമിയിലൊരേടത്തുമില്ല. പരിഘം, പരശ്വധം, കുലിശം, കരവാള്, ചുരിക, കുന്തം, ചക്രം മുതലായവയെല്ലാം ആ മന്ത്രി തന്റെ നേരിട്ടുവിടുന്നത് പാറയില്‍ പൂവെറിഞ്ഞതുപോലെ തന്നെ. ആ മഹീപാലന്‍ മാത്രം ഏറ്റവും എളുപ്പമായി, കേമനായ ആ മന്ത്രിയെ ജയിക്കുന്നു. യുക്തിയോടെ പാട്ടില്‍ പിടിച്ചീടുകില്‍ അവന് വശ്യനായിവരും. യുക്തികൂടാതെ നേരിട്ടടുത്തീടുന്നതായാല്‍ ചീറീടുന്ന സര്‍പ്പത്തെപ്പോലെ എരച്ചീടും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: