ഡോ.കൂമുള്ളി ശിവരാമന്
അറിവിന്റെ സരസ്വതീ തീര്‍ത്ഥമാണ് അദ്ധ്യാത്മ രാമായണം. എവിടെ മനുഷ്യന് ദുഃഖിക്കുന്നുവോ അവിടെ സാന്ത്വന സംഗീതികയായി രാമായണ വരികള്‍ ചിറകു വിരിക്കുന്നു. മനുഷ്യനെ തേടി, മനുഷ്യനിലൂടെ അനുയാത്ര ചെയ്ത് മാനവികതയെ സാക്ഷാത്ക്കരിക്കുമ്പോഴാണ് ‘മാ നിഷാദ’ പാടി ആദികാവ്യം പിറക്കുക.
ഭാരതീയ സംസ്കൃതിയുടെ വിഗ്രഹശക്തിക്കു മുന്നില്‍ ഉഴിഞ്ഞ സ്നേഹത്തിന്റെ കര്‍പ്പൂരത്തിരിയില്‍ നിന്നാണ് എഴുത്തച്ഛന്, ഭക്തിമുക്തിയുടെ ആത്മീയജ്വാല കൊളുത്തിയെടുക്കുന്നത്. സപ്തവ്യസനങ്ങള്ക്കു നേരെ തൊടുത്തു വിട്ട രാമബാണമാണ് ഗുരുഗ്രന്ഥം. ആഷാഢത്തില്‍ വായിക്കാനിരുന്ന് ഒടുക്കം ശ്രാവണം വിരിയിക്കുന്ന വിസ്മയേതിഹാസമാണിത്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, പ്രപഞ്ചം എന്നീ സങ്കല്പസരണിയുടെ പുനഃസൃഷ്ടിയില്‍ പ്രതിജ്ഞാബദ്ധമാണ് ഈ അനുഗ്രഹഗ്രന്ഥം. രാമായണത്തിലെ കുടുംബ സങ്കല്പത്തിന്റെ മഹിതാദര്ശ പ്രഭവം ‘വസുധൈവ കുടുംബകം’, ‘യത്ര വിശ്വംഭവത്യേകനീഡം’ എന്നീ ഔപനിഷത് പ്രകാശത്തില്‍ ഉജ്ജ്വലിക്കുന്നു.
ധര്‍മസൂര്യന്റെ പ്രഭാപൂരമാണ് അയോധ്യയിലെ ദശരഥ മഹാരാജാവിന്റെ മാതൃകാ കുടുംബം. വിധിയുടെ ദുരന്തമുഖങ്ങളിലും അനുഭവത്തിന്റെ അഗ്നിപരീക്ഷണങ്ങളിലും തീരാവ്യഥയുടെ അലച്ചാര്ത്തുകളിലും ആ കുടുംബം ആര്ഷമൂല്യാധിഷ്ഠിതമായ സത്യധര്‍മങ്ങളുടെ സൂര്യഗാഥയായി. പിതൃഭക്തി, മാതൃഭക്തി, ഗുരുഭക്തി, രാജധര്‍മ്മം, പതിവ്രതാധര്‍മം, സ്നേഹത്തിന്റെ നാനാമുഖങ്ങള്‍, ചിരന്തന മൂല്യങ്ങളുടെ വിസ്മയഖനികള് എല്ലാം കുടുംബത്തിന്റെ അനന്ത സമ്പത്തായി ഗ്രന്ഥപ്പെരുമയേകുന്നു. ദശരഥന്, കൗസല്യ, കൈകേയി, സുമിത്ര, രാമലക്ഷ്മണന് ഭരതശത്രുഘ്നന്മാര് എന്നിവര്‍ രാമായണകുടുംബത്തിലെ അതിമാനുഷര്ക്കപ്പുറം വ്യക്തിനിഷ്ഠയിലും സ്വത്വബോധത്തലും ജീവിത മഹായാനങ്ങളിലും വ്യതിരിക്തമായ ചരിതം രചിക്കുന്നു. ‘രാമോവിഗ്രഹവാന്‍ ധര്‍മ’ എന്ന കണ്ടെത്തലിന്റെ വ്യാഖ്യാന മന്ത്രസൂചികയാണ് രാമായണത്തിലെ ഓരോ വരിയും. ‘ആത്മാനാം മാനുഷം മന്യേ’ എന്ന രാമന്റെ ആത്മനിമന്ത്രണത്തിലെ മാനവരക്തമാണ് ആ രാജകുടുംബത്തിന്റെ സിരകളിലൊഴുകുന്നത്. കൗസല്യാനന്ദവര്ധനന് കൈകേയിക്കും സുമിത്രയ്ക്കും പരമാനന്ദവര്ധനന് തന്നെ.
സര്‍വഗുണസമ്പന്നനും സര്‍വവിദ്യാപാരംഗതനുമായി വളര്‍ന്ന രാമന്, കുടുംബാംഗങ്ങള്‍ക്കെല്ലാം മാതൃകാ മനുഷ്യനായി. വസിഷ്ഠനും വിശ്വാമിത്രാദി ഗുരുജനങ്ങളുമാണ് ആ ശ്രേഷ്ഠസ്വത്വത്തെ സുവര്‍ണമയമാക്കിയത്. വംശത്തിന്റെ ജ്ഞാനസൂര്യനായ രാമന് നിര്‍ണായക ഘട്ടങ്ങളില്‍ സഹോദരന്മാരുടെ മുമ്പില്‍ തത്ത്വചിന്തയുടെ അസ്തമിക്കാത്ത വെളിച്ചം പകര്‍ന്നു. മാതൃഭക്തിയും പിതൃഭക്തിയും ചേര്‍ന്ന ശീലഗുണങ്ങളില്‍ രാമന്റെ ബാലകാണ്ഡം ഉഷഃസന്ധ്യപോലെ തിളങ്ങുകയായിരുന്നു. താടകാവധവും യാഗരക്ഷയും അഹല്യാശാപമോക്ഷവുമെല്ലാം രാമന്റെ ബാലലീലയായി രൂപപ്പെട്ടു. മിഥിലാപ്രവേശവും ചാപഭഞ്ജനവും രാമസീതാസ്വയംവരവും ഭരതലക്ഷ്മണശത്രുഘ്നവിവാഹവും വിധിവിഹിതമായി സംഭവിക്കുന്നു. ലൗകിക ജീവിതത്തില്‍ രാമന് പുലര്‍ത്തിയ നിര്‍മമത്വവും നൈതികതയുമാണ് ആ കുടുംബാന്തരീക്ഷത്തില്‍ സ്നേഹസൗഹൃദം വിടര്‍ത്തിയത്. ക്രുദ്ധനായ പരശുരാമനോട്,
‘ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്ക്കെന്തോന്നുള്ളു തപോനിധേ’
എന്ന രാമവചനം കുടുംബസംസ്കൃതിയില്‍ നിന്ന് നേടിയെടുത്ത സ്ഥൈര്യത്തിന്റെയും നിര്മമതയുടെയും ഫലമാണ്. നാരദരാഘവ സംവാദത്തില്‍ നിന്നുയിര്‍ക്കൊണ്ട ആത്മതത്വസത്യവും ജന്മലക്ഷ്യരഹസ്യവും രാമന്റെ അതീത പ്രകൃതിയെ അനാവരണം ചെയ്യുന്നു. ഗൃഹാന്തരീക്ഷത്തില്‍ അശനിപാതമായി വന്നു ഭവിച്ച കൈകേയീവര പ്രാര്‍ഥനയും അഭിഷേകവിഘ്നവും സംയമനത്തിന്റെയും സമന്വയത്തിന്റെയും മാര്‍ഗത്തില്‍ കുടുംബത്തില്‍ രക്ഷാകവചം തീര്‍ക്കുകയായിരുന്നു. ദാശരഥി ഭാവാര്ഥത്തില് കുടുംബസാരഥിയായി മാറി. ഭരതനോടുള്ള അകളങ്കസ്നേഹവും ലക്ഷ്മണനോടുള്ള വാത്സല്യാമൃതവും അവിടെ വഴിഞ്ഞൊഴുകി. കൈകേയിയമ്മയുടെ ഹൃദയം കാണാനും ദുഃഖപരവശനായി വീണ പിതാവി
നും കൗസല്യയ്ക്കും പുത്രന് സാന്ത്വനനിധിയായി. ഉപനിഷദോക്തികളുടെ ധര്‍മവൈഖരിയില്‍ കുടുംബ ഹൃദയത്തെ ഉലയിലൂതിയ പൊന്നു പോലെ ഉജ്ജ്വലിപ്പിക്കുകയായിരുന്നു രഘുവരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: