കോട്ടയം: തിരുവനന്തപുരത്ത് ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരില്‍ ജഗതിയില്‍ ഒരു വീടുണ്ട്. പക്ഷേ, സ്വന്തം മണ്ഡലവും ജന്മദേശവുമായ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായൊരു വീടില്ലെന്ന യാഥാര്‍ത്ഥ്യം അറിയുന്നവര്‍ ചുരുക്കം. പുതുപ്പള്ളിക്കാരുടെ ഹൃദയമായിരുന്നു അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നത്. രാഷ്‌ട്രീയ വിശ്രമ നാളുകള്‍ തന്റെ നാട്ടുകാര്‍ക്കൊപ്പം ചിലവഴിക്കാന്‍, ഓഫീസ് മുറിയോട് കൂടിയ ഒരു വീട് വേണമെന്നത് ആഗ്രഹമായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. കുടുംബ ഓഹരിയായി കിട്ടിയ സ്ഥലത്ത്, പ്രത്യേക രീതിയില്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഭിത്തിയൊക്കെയുള്ള പരിസ്ഥിതിക്ക് ഇണങ്ങിയ വീടായിരുന്നു സ്വപ്‌നം. മകന്റെ പേരിലാണ് വീടെഴുതിയിരിക്കുന്നത്. എന്നാല്‍ നിനച്ചിരിക്കാതെ പിടികൂടിയ അര്‍ബുദ രോഗം ആ സ്വപ്‌നസാക്ഷാത്കാരവും മന്ദഗതിയിലാക്കി. രോഗം മൂര്‍ച്ഛിച്ചതോടെ വീടിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടം മാത്രമേ പൂര്‍ത്തിയായുള്ളു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തുമ്പോള്‍ തങ്ങിയിരുന്നത് തറവാട് വീട്ടിലാണ്. ഇവിടെ ഇളയ അനുജനും കുടുംബവുമാണ് താമസിക്കുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തുന്ന സന്ദര്‍ശകരെല്ലാം ഈ തറവാട്ട് വീട്ടിലാണ് എത്തിയിരുന്നത്. അവസാന നാളുകള്‍ ചിലവഴിക്കാന്‍ ആഗ്രഹിച്ച, പണിതീരാത്ത വീടിന്റെ മുറ്റത്ത് ഉമ്മന്‍ ചാണ്ടി നാളെ ഒരിക്കല്‍ കൂടിയെത്തും, മണ്ണില്‍ ചവിട്ടാതെ, മണ്ണിലേക്ക് മടങ്ങുന്നതിനും മുമ്പേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: