ഗുരുവായൂര്‍: ഔദ്യോഗിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അല്പം പോലും അല്പത്തം കാണിക്കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് ശ്രീകൃഷ്ണ നഗരിയിലും പ്രതിധ്വനിക്കുന്നു. കണ്ണന്റെ തിരുസന്നിധിയിലും നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് ആധ്യാത്മിക നഗരിയെയും ദു:ഖത്തിലാഴ്ത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്റേയും, ഭക്തജന സൗകര്യാര്‍ത്ഥം പണിയാനുദ്ദേശിക്കുന്ന ക്യൂ കോംപ്ലക്സിന്റേയും ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. 2015 ആഗസ്റ്റ് 18 നായിരുന്നു, ശിലാസ്ഥാപനം. ക്ഷേത്രം തന്ത്രിമുഖ്യന്റെ മേല്‍നോട്ടത്തിലും, ക്ഷേത്രം ഓതിക്കന് പൊട്ടക്കുഴി നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലും നടന്ന ഭൂമി പൂജക്കുശേഷമായിരുന്നു, ശിലാസ്ഥാപനം.
ശിലാസ്ഥാപനത്തിനുശേഷം ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങ് ഗുരുവായൂരില്‍ യാഥാര്‍ത്ഥ്യമായി. ശിലാസ്ഥാപനത്തിനു ശേഷം, വൈകീട്ട് 4.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ അലങ്കരിച്ചു വെച്ച ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പില്‍ ഭദ്രദീപം തെളിയിച്ചും, ശിലാഫലകം അനാച്ഛാദനം ചെയ്തുമാണ് ഉമ്മന്‍ചാണ്ടി ഔപചാരികമായി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അതിന്റെ പിതൃത്വം ഏറ്റെടുത്ത് മേനി നടിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം.
എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവവും, അല്പത്വവുമുള്ള ഭരണക്കാര്‍ വര്‍ത്തമാന കാലഘട്ടത്തില്‍ വിലസുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ വിശാലമനസിനെ സാധാരണക്കാരന് ഉയര്‍ത്തിപ്പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: