കൊല്ലം: ദിശ തെറ്റിച്ച് വന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ കാവാലം ചെറുകര ഇത്തിത്തറ സാബുവിന്റെ മകള്‍ എസ്.ശ്രുതി (25), കോഴിക്കോട് ചീക്കിലോട് നന്മണ്ട മേലേ പിലാത്തോട്ടത്തില്‍ അബ്ദുല്‍ ജമാലിന്റെ മകന് എം.പി.മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ഓടെ ദേശീയപാതയില്‍ കൊല്ലം ബൈപ്പാസ് തുടങ്ങുന്ന കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇവരുടെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാവനാട് ബൈപ്പാസ് തുടങ്ങുന്ന ആല്‍ത്തറമൂട് ജംഗ്ഷനില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറി യൂ ടേണ്‍ എടുത്തുവേണം കൊല്ലം നഗരഭാഗത്തേക്ക് തിരിഞ്ഞുവരാന്‍. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ ജംഗ്ഷനിലെ വണ്‍വേയിലൂടെ വേണം പോകാന്‍. എന്നാല്‍ പുലര്‍ച്ചെ വാഹനത്തിരക്കില്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സി ബസ് യു ടേണെടുക്കാതെ ദിശ തെറ്റിച്ച് വണ്‍വേയിലൂടെ വന്നതാണ് അപകടത്തിന് കാരണമായത്.അപകടത്തില്‍പ്പെട്ട ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും യുവതിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. എം.പി.മുഹമ്മദ് നിഹാലിന്റെ മാതാവ്: സാജിദ. സഹോദരങ്ങള്‍: നുഫൈല്‍, മുഫ്ലിഹ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: