തിരുവനന്തപുരം: രാഷ്ട്രീയരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വം, ജനഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ നേതാവ്. കരുതലും കാരുണ്യവും മുഖമുദ്രയാക്കിയ ഭരണാധികാരി… അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. കാലയവനികയ്ക്കുള്ളില്‍ ഉമ്മന്‍ചാണ്ടി മറയുമ്പോള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന വിശേഷണം തന്നെയാവും. മുഖ്യമന്ത്രിയായപ്പോഴും അധികാര രാഷ്ട്രീയത്തിന്റെ ആഡംബരങ്ങളില്ലാതെ, കമാന്‍ഡോകളുടെ സുരക്ഷാവലയമില്ലാതെ, സാധാരണക്കാരില്‍ സാധാരണക്കാരനായി ജനങ്ങളുടെ കൈയ്യകലത്തില്‍ ജീവിച്ച ഭരണാധികാരി. അപസര്‍പ്പകഥകളെ വെല്ലുന്ന എതിരാളികളുടെ ആക്ഷേപങ്ങളെയും കല്ലേറുകളെയും പുഞ്ചിരിയോടെ നേരിട്ട ഭരണകര്‍ത്താവ്. തനിക്കുമുന്നില്‍ സഹായമഭ്യര്ഥിച്ചെത്തുന്ന നിര്‍ധനരായവരുടെ കണ്ണീരിനുമുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതിയും നിയമത്തിന്റെ ചുവപ്പുനാടകളുമൊന്നും ഉമ്മന്‍ചാണ്ടിക്ക് വിഷയമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടേറിയറ്റിന്റെ വാതിലുകള്‍ രാഷ്ട്രീയഭേദമന്യേ പൊതുജനങ്ങള്‍ക്കായി തുറന്നു കിടന്നിരുന്നു.
കേരളത്തിന്റെ വികസനപന്ഥാവില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി എടുത്ത തീരുമാനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. 1995 ല്‍ തുടക്കമിട്ട വിഴിഞ്ഞം തുറമുഖപദ്ധതി യാഥാര്‍ഥ്യമാവുന്നത് ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം മൂലമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളും പ്രതിപക്ഷത്ത് നിന്നും പിണറായി വിജയന് ഉന്നയിച്ച 6500 കോടിയുടെ അഴിമതി ആരോപണങ്ങളുമൊന്നും വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് വിലങ്ങുതടിയായില്ല. ഉമ്മന്‍ചാണ്ടിയുടെ താല്പര്യത്തിന് നരേന്ദമോദി സര്‍ക്കാര്‍ അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ ഒരിക്കലും നടക്കില്ലെന്ന് പലരും വിധിയെഴുതിയ വിഴിഞ്ഞം പദ്ധതിക്ക് തുടക്കമായി. പദ്ധതിക്കെതിരെ സമരം ചെയ്ത ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ പൂര്‍ണ പിന്തുണ നല്കി പദ്ധതിയുമായി മുന്നോട്ടുപോയത് ചരിത്രം. വിവാദത്തിലായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടിയുടെ ഭരണനൈപുണ്യത തന്നെയായിരുന്നു. 1997 ല്‍ തുടക്കമിട്ട കണ്ണൂര്‍ വിമാനത്താവളം മുതല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി വരെ, ലെറ്റ്മെട്രോ മുതല്‍ കഴക്കൂട്ടം-മുക്കോല ദേശീയപാത വരെ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ പദ്ധതികളായി. ദീര്‍ഘകാലമായി കേരളത്തില്‍ നിലച്ചിരുന്ന ദേശീയപാതാനിര്‍മാണത്തിന് തുടക്കം കുറിച്ചതും അദ്ദേഹം തന്നെ.
വികസനപദ്ധതികള്‍ക്കൊപ്പം സാധാരണക്കാരന്റെ അടിസ്ഥാനസൗകര്യങ്ങള്‍ക്കും സാമൂഹ്യക്ഷേമപദ്ധതികള്‍ക്കും പ്രാധാന്യം നല്കിയ ഭരണകര്‍ത്താവു കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. എല്ലാ ജില്ലകളിലും മെഡിക്കല്കോളജുകളും എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജുകളും എന്ന കാഴ്ചപ്പാട് കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റത്തിന് വഴിതെളിച്ചു. 800 കോടിയുടെ കാരുണ്യചികിത്സാപദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം, ശ്രവണശേഷി കുറവായര്ക്ക് ശ്രുതിതരംഗം പദ്ധതി, സ്നേഹപൂര്‍വം പദ്ധതി, ആരോഗ്യകിരണം പദ്ധതി, വയോമിത്രം പദ്ധതി, സാഫല്യം പദ്ധതി, ഓപ്പറേഷന് സുരക്ഷ തുടങ്ങിയ നിരവധി പദ്ധതികള്‍ ജനവികാരം തിരിച്ചറിഞ്ഞ് നടപ്പാക്കിയ പദ്ധതികളായിരുന്നു.
വാരാന്ത്യങ്ങളില്‍ പുതുപ്പള്ളിയിലെത്തുമ്പോള്‍ നിവേദനങ്ങളുമായി തന്നെ കാത്തുനിന്നിരുന്ന നൂറുകണക്കിനാളുകളുടെ വേദനയില്‍ നിന്നാണ് ചരിത്രമെഴുതിയ ജനസമ്പര്‍ക്കപരിപാടിയുടെ ഉദയം. 2011 മുതല്‍ മൂന്നുവര്‍ഷക്കാലം മൂന്നുഘട്ടങ്ങളായി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ 242 കോടിയുടെ ധനസഹായമാണ് സാധാരണക്കാരിലേക്കെത്തിയത്. ദിവസവും 12 മുതല്‍ 16 മണിക്കൂര്‍ വരെ ഭക്ഷണം പോലും മാറ്റിവെച്ച് പരാതികള്‍ കേട്ടു. വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയലുകള്‍ക്ക്
ഒരു കയ്യൊപ്പില്‍ പരിഹാരമായി. തടസങ്ങള്‍ മറികടക്കാനായി പുതിയ വിജ്ഞാപനങ്ങളിറങ്ങി. ജനസമ്പര്‍ക്കപരിപാടിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷത്തോട് ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കുകള്‍ ജനങ്ങളിലുള്ള വിശ്വാസമായിരുന്നു. ”ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ഇറങ്ങുന്നവര്‍ സര്‍ക്കാരിനെയല്ല, ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്” എന്നായിരുന്നു പ്രതികരണം. ജനസമ്പര്‍ക്കപരിപാടിയുടെ വിജയത്തെ തുടര്‍ന്ന് യുഎന്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
അകമ്പടി വാഹനങ്ങളുടെ നീണ്ട നിരയും ശീതികരിച്ച ആഡംബര കാറും കമാന്‍ഡോകളുടെ സുരക്ഷാവലയും വര്‍ഷാവര്‍ഷം മോടിപിടിപ്പിക്കുന്ന ഔദ്യോഗികവസതിയുമൊന്നുമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. ആദ്യം മുഖ്യമന്ത്രിയായിരുന്ന വേളയില്‍ കുടുംബവുമായി കഴിഞ്ഞിരുന്ന ജഗതിയിലെ പുതുപ്പള്ളി വീട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗികവസതി. കുടുംബാംഗങ്ങളുടെ സ്വകാര്യതയൊന്നും ഉമ്മന്‍ചാണ്ടിയെ അലട്ടിയിരുന്നില്ല. ഏതു സമയത്തും ഏതു പ്രവര്‍ത്തകനും ഏതൊരാള്‍ക്കും ആ വീടിന്റെ വാതില്‍ കടന്നു ചെല്ലാമായിരുന്നു. സെക്രട്ടേറിയറ്റിലും ദിവസവും നൂറുകണക്കിനുപേരാണ് അദ്ദേഹത്തെ കാത്തുനിന്നിരുന്നത്. ആരുടെയും പരാതി കേള്‍ക്കാതിരിക്കുകയോ നോ പറയുകയോ ചെയ്തിരുന്നില്ല. ഉദ്യോഗസ്ഥരായാലും സാധാരണക്കാരായാലും മികച്ച ശ്രോതാവായിരുന്നു ഉമ്മന്‍ചാണ്ടി. ഈ ശീലം കൊണ്ടു തന്നെ പലപ്പോഴും ഔദ്യോഗിക യോഗങ്ങള്‍ മണിക്കൂറുകള്‍ നീളും. പുറത്തിറങ്ങുമ്പോള്‍ നൂറുകണക്കിനാളുകള്‍ നിവേദനവുമായി അദ്ദേഹത്തെ വളയും. എത്രക്ഷീണിതനായാലും അവര്‍ക്കിടയില്‍ നിന്ന് അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും. കേള്‍ക്കുന്നതിനിടെ തന്നെ അവര്‍ നല്കിയ നിവേദനത്തിലൂടെ അദ്ദേഹം കണ്ണോടിച്ചിരിക്കും. പരാതികള്‍ കേട്ടയുടന്‍ അതില്‍ കയ്യൊപ്പ് ചാര്‍ത്തി വേണ്ടതു ചെയ്യണമെന്ന് പറഞ്ഞ് ഒപ്പമുള്ള പേഴ്സണ്‍ സ്റ്റാഫായ ആര്‍കെയ്ക്ക് കൈമാറും. നേരിട്ടിടപെടേണ്ട വിഷയമാണെങ്കില്‍ പരാതിക്കാരുടെ മുന്നില്‍ വച്ചുതന്നെ ബന്ധപ്പെട്ട വകുപ്പ് മേലധികാരിയോട് ബന്ധപ്പെടുകയും എന്തു ചെയ്യാന്‍ കഴിയുമെന്നു ചോദിക്കുകയും ചെയ്യും.
മാധ്യമങ്ങളും എതിരാളികളും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും അദ്ദേഹം സമചിത്തതയോടെ യാണ് നേരിട്ടത്. ബാര്‍ കോഴയിലും സോളാര്‍ വിഷയത്തിലും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടി ഒപ്പമുണ്ടായിരുന്ന ആരോപണവിധേയരെ തള്ളിപറയാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ വിഷയത്തില്‍ കണ്ണൂരില്‍ സിപിഎമ്മുകാര്‍ ആക്രമിച്ചപ്പോഴും നെഞ്ചില്‍ കല്ലു പതിച്ചപ്പോഴും ശക്തമായ നടപടികള്‍ക്കോ പോലീസിനെ ഉപയോഗിച്ച് പ്രതികാരനടപടികള്‍ക്കോ അദ്ദേഹം മുതിര്‍ന്നില്ല.
മാധ്യമപ്രവര്‍ത്തകരുടെ എത്ര പ്രകോപനപരമായ ചോദ്യങ്ങള്‍ക്കും പുഞ്ചിരിയോടെ മറുപടി നല്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം വ്യക്തിഹത്യ ചെയ്യുന്ന ആരോപണമുയര്‍ത്തിയപ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹം വികാരഭരിതനായി പ്രതികരിച്ചത്. ”എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച തന്നെ ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ കോടതി വിധിയെഴുതട്ടെ.” ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച, ജനഹൃദയം കീഴടക്കിയ ഒരു ഭരണകര്‍ത്താവിന്റെ വാക്കുകളായിരുന്നുവത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: