എന്റെ പ്രായമാണ് ‘എംഎല്‍എ’ ഉമ്മന്‍ ചാണ്ടിക്ക്. 53 വര്‍ഷം. ഞങ്ങള്‍ പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരം. അതില്‍ രാഷ്‌ട്രീയമില്ല. ഇതുവരെ വോട്ടു കൊടുത്തിട്ടില്ലെങ്കിലും ആ പേരു പറയുമ്പോള്‍ അഭിമാനം തോന്നും.
ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് അമ്മയില്‍നിന്നാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഉച്ചയൂണിന് ചോറുപൊതിയുമായി എത്തുക കരോട്ട് വള്ളക്കാലില്‍ വീട്ടിലാണ്. ഉമ്മന്‍ചാണ്ടിയുടെ കുടുംബവീട്. സ്‌കൂളില്‍ ആവശ്യത്തിന് വെള്ളമില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ വികൃതികള്‍ പലതും അമ്മ പറയുമായിരുന്നു. അതില്‍ മനസ്സില്‍ പതിഞ്ഞത്, ‘ബേബിക്കുട്ടിയേ ചോറ് എട്’ എന്നു വിളിച്ചുപറഞ്ഞ് ഓടിവരുന്നതാണ്. സ്‌നേഹം കൂടുമ്പോള്‍ ‘എടീ ബേബിക്കുട്ടീ’ എന്നും വിളിക്കും. അമ്മയെ പേരുവിളിക്കുന്നത് ഉള്‍ക്കൊള്ളാന്‍ എന്റെ കൊച്ചു മനസ്സ്് തയ്യാറായിരുന്നില്ല. പക്ഷേ ആ വിളിയിലെ സ്‌നേഹം പിന്നീട് മനസിലായി.
കുട്ടിക്കാലത്ത് ആരാധന തോന്നിയ ഉമ്മന്‍ചാണ്ടിയോട് സംസാരിക്കാനവസരം കിട്ടിയത് 1988 ജനുവരി 24നാണ്. പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കാണാന്‍ പോകാന്‍ കോട്ടയത്തുനിന്ന് പാതിരാത്രി പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയതാണ്. സമയം കഴിഞ്ഞിട്ടും വണ്ടിപോകുന്നില്ല. ഞായറാഴ്ചത്തെ സ്ഥിരം യാത്രക്കാരന്‍ എത്തിയില്ലത്രെ. കുറെ കഴിഞ്ഞപ്പോള്‍ ആള്‍ ഓടിപ്പിടിച്ച് എത്തി. താമസിച്ചതിന് കാരണം പറഞ്ഞ്് എന്റെ സമീപത്തു വന്നിരുന്നു. ഉമ്മന്‍ചാണ്ടിയോടൊപ്പം ഇരിക്കുന്നതിന്റെ അഭിമാനമാനത്തോടെ ഞാന്‍ പറഞ്ഞു ‘എന്റെ അമ്മ കൂടെ പഠിച്ചിരുന്നതാണ്’ എന്ന്. ഉടന്‍ വിവരങ്ങള്‍ തിരക്കി. തിരുവനന്തപുരത്ത് എന്തെങ്കിലും ആവശ്യം വന്നാല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. വിദ്യാര്‍ത്ഥിയായ എനിക്ക് ചോദിക്കാനൊന്നുമില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം ഉറക്കം പിടിച്ചു. പതിയെ തല എന്റെ തോളിലേക്ക് ചാരി. ഞാന്‍ ഉറങ്ങാതെയും ഇരുന്നുമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലതവണ അദ്ദേഹത്തിന്റെ മുന്നില്‍ പോയിട്ടുണ്ടെങ്കിലും ശിപാര്‍ശയുമായി പോയത് ഒരു തവണ മാത്രം.
അതു ബാലഗോകുലത്തിന്റെ ആവശ്യത്തിനായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്ന സമയം. ശ്രീകൃഷ്ണജയന്തിയുടെ പിറ്റേന്ന് പരീക്ഷ വച്ചു. ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അത് പ്രയാസം ഉണ്ടാക്കും. വിദ്യാഭ്യാസമന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും കണ്ട് ബാലഗോകുലം നിവേദനം നല്‍കി. പിറ്റേന്നല്ലേ, അന്നല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ മാറ്റാനാവില്ലെന്ന് സെക്രട്ടറിയും. അവസാനശ്രമം എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അകത്തും പുറത്തും നല്ല തിരക്ക്. മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ചാണ്ടിയില്ല. ഓഫീസില്‍ത്തന്നെയുള്ള വലിയ മേശയ്‌ക്കു ചുറ്റുമായി ചര്‍ച്ച നടക്കുകയാണ്. 10 മിനിറ്റിനകം ഉമ്മന്‍ചാണ്ടി വന്ന് ഞങ്ങളെ കേട്ടു.
ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്ന് പരീക്ഷയോ? കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകില്ലേ? വൈകുന്നേരമല്ലേ ശോഭായാത്ര.? പുതുപ്പള്ളിയിലെ ശോഭായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളതല്ലേ? എന്നൊക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിയേയും സെക്രട്ടറിയേയും കണ്ടകാര്യവും കിട്ടിയ മറുപടിയും സൂചിപ്പിച്ചപ്പോള്‍ അടുത്തുനിന്ന സെക്രട്ടറിയോട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വിളിച്ച് പരീക്ഷ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചു. ആ ഉത്തരവുമായി പോയാല്‍ മതി എന്ന് ഞങ്ങളോട് പറഞ്ഞിട്ട് വീണ്ടും മീറ്റിങ്ങിലേക്ക് കയറി. എട്ടുമണിയോടെ പരീക്ഷ റദ്ദാക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഫാക്്‌സിലേക്ക് വന്നു. അപ്പോഴും മീറ്റിങ് തീര്‍ന്നിരുന്നില്ല.
കേരളത്തിനകത്തും പുറത്തും ചരിചയപ്പെടുന്നവര്‍ സ്വാഭാവികമായി ചോദിച്ചിരുന്ന ചോദ്യമാണ്, നാടെവിടെ? ‘പുതുപ്പള്ളി’ എന്ന് ഉത്തരം പറയുമ്പോള്‍ 99 ശതമാനം പേരും ചോദിക്കും, ‘ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളി’?
അതെ എന്നതിനൊപ്പം ‘അമ്മയുടെ കൂടെ പഠിച്ച ആളാണ് ഉമ്മന്‍ചാണ്ടി’ എന്നുകൂടി ഞാന്‍ അഭിമാനത്തോടെ കൂട്ടിച്ചേര്‍ക്കുമായിരുന്നു. പുതുപ്പള്ളിക്കാര്‍ക്ക് രാഷ്‌ട്രീയത്തിനതീതമായ അഭിമാനമായിരുന്നു ഉമ്മന്‍ ചാണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: