ചെന്നൈ: അനധികൃത ചെങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം ഇ ഡി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയും മകനും എംപിയുമായ ഗൗതം സിംഹമണിപ്പൊന്നിനെയും ഇ ഡി ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചു. ചെന്നൈ നുങ്കമ്പാക്കത്തുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്.
പൊന്മുടിയുടെയും മകന്‍ ഗൗതമിന്റെയും വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു.
പതിമൂന്ന് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ രാത്രിയോടെ പൊന്മുടിയെയും മകന്‍ ഗൗതമിനെയും ചോദ്യം ചെയ്യുന്നതിനായി ശാസ്ത്രിഭവന്‍ ഓഫീസിലെത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷം ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരുന്നു.
തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് വീണ്ടും ഹാജരാകാന്‍ സമന്‍സ് നല്കിയത്. 70 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ഉള്‍പ്പെടെ നിരവധി രേഖകള്‍ ഇ ഡി കണ്ടെടുത്തിരുന്നു.
2007 മുതല്‍ 2011 വരെ ഖനി മന്ത്രിയായിരിക്കേ പൊന്മുടി അഞ്ച് ചെങ്കല്‍ ക്വാറികള്‍ ബിനാമി പേരിലും ബന്ധുക്കള്‍ക്കും അനുവദിച്ചെന്നാണ് ഇ ഡി കേസ്. ചട്ടം ലംഘിച്ച് രണ്ടെണ്ണം മകനും എംപിയുമായ ഗൗതമിനും നല്കി. മാത്രമല്ല അനുവദനീയമായതില്‍ കൂടുതല്‍ ചെമ്മണ്ണ് ഖനനം ചെയ്തു.
2,64,644 ലോഡ് അധികമായി കടത്തി. സര്‍ക്കാരിന് ഇരുപത്തിയെട്ടുകോടിയുടെ നഷ്ടവുമുണ്ടായി. 2020ല്‍ വിദേശ നാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ഇ ഡി ഗൗതമിന്റെ 8.60 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: