Categories: Samskriti

ഭഗവദ് ദര്‍ശനവും ധ്രുവസ്തുതിയും

ബ്രഹ്മത്തേക്കാള്‍ ശ്രേഷ്ഠമായ ആനന്ദം ഭഗവത് ഭജനം കൊണ്ട് ലഭിക്കും. വെള്ളത്തില്‍ മുങ്ങി കിടക്കുന്ന മനുഷ്യന് വെള്ളം കുടിക്കാന്‍ സാധിക്കാത്തതുപോലെ ബ്രഹ്മത്തില്‍ ലയിക്കുന്നവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവിക്കുവാനും സാധിക്കുകയില്ല. സഗുണഭക്തന്മാര്‍ക്ക് നിര്‍ഗുണ ബ്രഹ്മത്തിന്റെ സുഖം അറിയാന്‍ കഴിയുന്നില്ല.

Published by

ഇറക്കത്ത് രാധാകൃഷ്ണന്‍

ശ്രീമദ് ഭാഗവതം സച്ചിദാനന്ദ രൂപമായി വിളങ്ങുന്ന നാരായണ സ്വരൂപമാണ്. ഇതിലെ എല്ലാ സ്തുതികളും ഒന്നിനൊന്ന് മെച്ചമാണ്. കുന്തീ സ്തുതിയും ഭീഷ്മസ്തുതിയും ബ്രഹ്മസ്തുതിയും ദക്ഷ സ്മൃതിയും തുടങ്ങി അറുപതില്‍ പരം സ്തുതികള്‍ ഇതിലുണ്ട്. ഓരോ ശ്ലോകവും ഓരോ സ്തുതിയാണെന്ന് കരുതുന്നതിലും തെറ്റില്ല. പ്രഥമ സ്‌കന്ധത്തിലെ ആദ്യശ്ലോകങ്ങള്‍ മുതല്‍ ഇത് കണ്ടെത്താനും കഴിയും. ഭക്തിയോടു കൂടി ആരു സ്തുതിച്ചാലും അവരുടെ ഭക്തിയില്‍ കപടതയില്ലെങ്കില്‍ ഭഗവാന്‍ അവര്‍ക്ക് ദര്‍ശനം നല്‍കും. കേവലം അഞ്ചു വയസ്സ് തികയാത്ത ധ്രുവകുമാരന്റെ ഭക്തിയില്‍ ഭഗവാന്‍ പ്രസന്നനായി. ഗരുഡവാഹകനായി മധു വനത്തിലെത്തി ധ്രുവകുമാരനെ മുന്നില്‍ പ്രത്യക്ഷനായി കുമാരനെ ആശ്വസിപ്പിച്ച് അനുഗ്രഹം നല്‍കി. ഭഗവാന്റെ വാത്സല്യം ആരാണ് കൊതിച്ചു പോകാത്തത്.

വിദുര മൈത്രേയ സംവാദത്തിലാണ് ധര്‍മ്മാധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കുന്നത്. പ്രപഞ്ചത്തെ ധരിക്കുന്നത് ധര്‍മ്മമാണ്. പരബ്രഹ്മമാണ് ധര്‍മ്മമെന്ന് വേദാന്തശാസ്ത്രം പറയുന്നു. ബ്രഹ്മത്തോടടുക്കാന്‍ സഹായിക്കുന്നതൊക്കെ ധര്‍മ്മമെന്നറിയപ്പെടുന്നു. പരമസത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നത് അധര്‍മ്മം എന്നറിയപ്പെടുന്നു. ഇവിടെ ധര്‍മ്മത്തിന്റെ വംശത്തെക്കുറിച്ചും മൈത്രേയന്‍ പറഞ്ഞു തരുന്നുണ്ട്. ബ്രഹ്മാവിന്റെ നെഞ്ചില്‍ നിന്ന് ധര്‍മ്മമെന്ന പുത്രനും മുതുകില്‍ നിന്ന് അധര്‍മ്മം എന്ന പുത്രനും ഉണ്ടായി. അധര്‍മ്മത്തിന്റെ ഭാര്യയാണ് മൃഷാ. മൃഷാ എന്നാല്‍ അസത്യം എന്നര്‍ത്ഥം. മൃഷയുടെ സന്താനങ്ങളാണ് ദംഭയും മായയും. ദംഭ് ഉള്ളിടത്ത് മായയും ഉണ്ടാകും. ഇവരില്‍ നിന്ന് ലോഭവും ശഠതയും ഉണ്ടായി. അവരില്‍ നിന്ന് ക്രോധവും ഹിംസയും ഉണ്ടായി. ഇവരുടെ പുത്രനായി കലിയും പുത്രിയായി ദുരുക്തിയും ജന്മമെടുത്തു. ഭയത്തിന്റെയും മൃത്യുവിന്റെയും സംയോഗത്താല്‍ യാതനയും നരകവും ഉണ്ടാ യി.

തുടര്‍ന്ന് മൈത്രേയന്‍ സ്വയംഭു മനുവിനെക്കുറിച്ച് പറയുന്നു. മനുവിന് പ്രിയവ്രതനെന്നും ഉത്താനപാനെന്നും രണ്ടു പുത്രന്മാര്‍. ഉത്താനപാദന് സുനീതിയെന്നും സുരുചിയെന്നും രണ്ട് ഭാര്യമാര്‍. സുനീതി തത്വവും സുരുചി ഭേദവിജ്ഞാപക തത്ത്വവുമാണ്. സുനീതിയുടെ പുത്രനാണ് ധ്രുവന്‍. സുരുചിയുടെ പുത്രനായ ഉത്തമനെ ഉത്താനപാദന്‍ മടിയില്‍ വച്ചുകൊണ്ടിരിക്കെ ധ്രുവന്  പിതാവിന്റെ മടിയിലിരിക്കാന്‍ ആഗ്രഹമുണ്ടായി. ഒന്നില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കള്‍ക്ക് ഇത് നല്ലവണ്ണം മനസ്സിലാകും. ഒരാളെ മടിയിലിരുത്തി കൊഞ്ചിക്കുമ്പോള്‍ മറ്റേയാള്‍ ബഹളം കൂട്ടി മടിയിലെത്താന്‍ വാശി പിടിക്കും. ഇതു കണ്ട  സുരുചി ഈര്‍ഷ്യയോടെ ധ്രുവനെ ശകാരിച്ചു. നിനക്ക് സിംഹാസനത്തില്‍ ഇരിക്കാന്‍ അവകാശമില്ല. നീ മറ്റൊരുവളുടെ പുത്രനാണെന്ന് നിനക്ക് അറിഞ്ഞുകൂടെ? ശ്രീനാരായണന്റെ കൃപയാല്‍ എന്റെ ഗര്‍ഭത്തില്‍ ജനിച്ചാല്‍ നിനക്ക് അച്ഛന്റെ മടിയിലിരിക്കാം.

ഇത് ധ്രുവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. സുരുചിയുടെ വാക്കുകളില്‍ വേദനിച്ച് അമ്മയായ സുനീതിയുടെ മുമ്പില്‍ ചെന്ന് കരഞ്ഞു തുടങ്ങി. അമ്മ അന്വേഷിച്ചപ്പോള്‍ കാര്യം പറഞ്ഞു. അമ്മ ഇങ്ങനെ പറഞ്ഞു: ‘മകനെ, അന്യരുടെ ദോഷം കാണുന്നത് ശരിയല്ല. നിനക്ക് സിംഹാസനം വേണമെങ്കില്‍ സുരുചി പറഞ്ഞ ഉത്തമമായ മാര്‍ഗ്ഗം സ്വീകരിക്കൂ. അതുകൊണ്ട് ഭഗവാന്റെ ചരണകമലങ്ങളെ ആശ്രയിക്കുക. കരുണാമയനായ ഭഗവാന്‍ നിന്നെ അനുഗ്രഹിക്കും.’ ധ്രുവന്‍ അമ്മയെ നമസ്‌കരിച്ച് തപസ്സിനായി തിരിച്ചു. വഴിയില്‍ നാരദനെ കണ്ടു. അദ്ദേഹം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ധ്രുവന്‍ അടങ്ങിയില്ല. നാരദന്‍ പറഞ്ഞു: ‘ ഇന്ദ്രിയനിഗ്രഹം സാധിച്ചിട്ടില്ലാത്ത വര്‍ക്ക് യോഗ സാധനകള്‍ കൊണ്ട് ഉപാസിക്കാന്‍ കഴിയില്ല. അതിനു കാരണം ഭഗവാന്റെ സഗുണസ്വരൂപമാണ്. നീ തിരിച്ച് വീട്ടിലേയ്‌ക്ക് പോകൂ. ധ്രുവന്‍ പിന്തിരിഞ്ഞില്ല. എങ്കില്‍ നീ യമുനാ തീരത്തുള്ള മധുവനത്തില്‍ പോയി പ്രാണായാമങ്ങള്‍ കൊണ്ട് മനസ്സിനെയും ഇന്ദ്രിയത്തേയും പരിശുദ്ധമാക്കി ധ്യാനം നടത്തണം.’

ധ്രുവന്റെ തപസ്സ്

‘ഓം നമോ ഭഗവതേ വാസുദേവായ  എന്നഈ മന്ത്രം ഏകാഗ്രതയോടെ ഏഴ് ദിവസം ജപിക്കുന്ന സാധകന് ആകാശചാരികളായ സിദ്ധഗുണങ്ങളുടെ ദര്‍ശനമുണ്ടാകും.’ നാരദന്‍ ധ്രുവന് വിഗ്രഹാരാധനാ വിധികളും പറഞ്ഞു കൊടുത്തു. അഞ്ചുമാസം കൊണ്ട് തന്നെ ധ്രുവകുമാരന്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി. ധ്രുവന്‍ ഭഗവാന്റെ പാദങ്ങളില്‍ തന്നെ നോക്കികൊണ്ട് പാദങ്ങളില്‍ നമസ്‌കരിച്ചു. ഭഗവാന്റെ മുഖത്ത് ഇമവെട്ടാതെ നോക്കിയെങ്കിലും ഒന്നും പറയാന്‍ കഴിയുന്നില്ല. ഭഗവാന്‍ ശംഖു കൊണ്ട് ധ്രുവന്റെ കവിള്‍ത്തടത്തില്‍ സ്പര്‍ശിച്ചു. ഉടനെ ധ്രുവനില്‍ വാണി പ്രസാദിച്ചു. സകലജ്ഞാനവും ധ്രുവനില്‍ ഉദിച്ചു. ധ്രുവന്‍ ഭഗവാനെ സ്തുതിച്ചു തുടങ്ങി. ഇതാണ് പ്രസിദ്ധമായ ധ്രുവസ്തുതി. നാലാം സ്‌കന്ധത്തില്‍ ഒമ്പതാം അധ്യായത്തില്‍ 12 ശ്ലോകങ്ങളിലാണ് ധ്രുവന്‍ ഭഗവാനെ സ്തുതിക്കുന്നത്.

സകല ശക്തികളെയും ധരിച്ചിരിക്കുന്ന ഏതൊരാളാണോ എന്റെ മനസ്സില്‍ പ്രവേശിച്ച് ഉറങ്ങിക്കിടന്ന വാണിയെ (ശക്തിയെ) സ്വതേജസ്സുകൊണ്ട് സജീവമാക്കിയും കൈകാലുകള്‍, ചെവി, ത്വക്ക് മുതലായ ഇന്ദ്രിയങ്ങള്‍ക്ക് ചൈതന്യം നല്‍കിയും ശക്തിയുള്ളതാക്കി തീര്‍ത്തത് അങ്ങനെയുള്ള ശ്രീഹരിക്ക് എന്റെ സാഷ്ടാംഗ പ്രണാമം.

ബ്രഹ്മത്തേക്കാള്‍ ശ്രേഷ്ഠമായ ആനന്ദം ഭഗവത് ഭജനം കൊണ്ട് ലഭിക്കും. വെള്ളത്തില്‍ മുങ്ങി കിടക്കുന്ന മനുഷ്യന് വെള്ളം കുടിക്കാന്‍ സാധിക്കാത്തതുപോലെ ബ്രഹ്മത്തില്‍ ലയിക്കുന്നവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവിക്കുവാനും സാധിക്കുകയില്ല. സഗുണഭക്തന്മാര്‍ക്ക് നിര്‍ഗുണ ബ്രഹ്മത്തിന്റെ സുഖം അറിയാന്‍ കഴിയുന്നില്ല. അനേക ഗുണങ്ങളോട് കൂടിയതും മായ എന്ന് അറിയപ്പെടുന്നതുമായ ആത്മശക്തി കൊണ്ട് അങ്ങ് മഹത്വം മുതലായ സര്‍വതിനെയും സൃഷ്ടിച്ച് പുരുഷത്വേന അതില്‍ പ്രവേശിക്കുന്നു. ഓരേ അഗ്‌നിതന്നെ ഓരോ വിറകിന്‍ കൊള്ളിയിലും വെവ്വേറെ ജ്വലിക്കുന്നതുപോലെ നിന്തിരുവടിയും നാനാത്വത്തോടെ പ്രകാശിക്കുന്നു. അങ്ങനെയുള്ള ഭഗവാനേ അങ്ങേയ്‌ക്ക് നമസ്‌കാരം.

ദുഃഖിതരായവര്‍ക്ക് ബന്ധുവായിരിക്കുന്ന ഭഗവാനെ ശരണം പ്രാപിച്ച് ബ്രഹ്മാവുപോലും ഉണര്‍ന്നെഴുന്നേറ്റവനെപ്പോലെ ഈ വിശ്വത്തെ ദര്‍ശിച്ചത് നിന്തിരുവടി പ്രദാനം ചെയ്ത ജ്ഞാനം കൊണ്ടാണ്. (ചതുര്‍ശ്ലോകീ ഭാഗവതം) മുക്തന്മാര്‍ക്കുകൂടി ആശ്രമ സ്ഥാനമായിരിക്കുന്ന നിന്തിരുവടിയുടെ തൃപ്പാദ കമലത്തെ വിട്ടൊഴിയാന്‍ ആര്‍ക്കാണ് കഴിയുക. ജനനമരണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്ന ഭഗവാനെ തുച്ഛങ്ങളായ ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി ഉപാസിക്കുന്നവര്‍ നിശ്ചയമായും മായയാല്‍ മോഹിക്കപ്പെട്ട ബുദ്ധിയോട് കൂടിയവര്‍ തന്നെയാണ്. നരകത്തില്‍ പോലും ലഭിച്ചേക്കാവുന്ന ശവപ്രായമായ ശരീരത്തിന്റെ സുഖത്തിനു വേണ്ടി യാചിക്കുന്നവര്‍ അവിവേകികള്‍ തന്നെയാണ്. അങ്ങയുടെ പാദാരവിന്ദ ധ്യാനത്തില്‍ നിന്നും, ഭാഗവതോത്തമ സല്‍ക്കഥാ ഭാഷണം കൊണ്ടും സിദ്ധിക്കുന്ന പരമാനന്ദം സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മത്തില്‍ ലയിച്ചാല്‍ പോലും ഉണ്ടാകുന്നതല്ല. ഭഗവാനിലുള്ള അചഞ്ചലമായ ഭക്തികൊണ്ട് നിര്‍മ്മല മനസ്‌കരായി തീര്‍ന്ന ഭാഗവതോത്തമന്മാരുടെ സംസര്‍ഗ്ഗം എനിക്കുണ്ടാകണമേ. ഭഗവദ് ഗുണകഥാമൃതം കൊണ്ട് ലഹരിപിടിച്ചാല്‍ വളരെ വലുതും ദുഃഖമേറിയതുമായ സംസാര സാഗരത്തെ അനായാസം തരണം ചെയ്യാം. ഭഗവാനില്‍ ആസക്തരായവര്‍ക്ക് ശരീരം, കളത്രപുത്രാദികള്‍ സുഹൃത്തുക്കള്‍ ഭവനം ഇവയിലൊന്നും തന്നെ ആസക്തി ഉണ്ടാകുകയില്ല. പക്ഷികളും മൃഗാദികളും ഉരഗാദികളും വൃക്ഷലതാദികളും ദേവന്‍മാര്‍ പൃഥിവ്യാദികള്‍, തന്‍മാത്രകള്‍ മനുഷ്യര്‍ മുതലായവയ്‌ക്ക് അധിഷ്ഠാനമായിരിക്കുന്ന അങ്ങയിലുടെ അതിസ്ഥൂലമായിരിക്കുന്ന രൂപത്തെ മാത്രമേ ഞാന്‍ അറിയുന്നുള്ളൂ. ഇതിനോടൊന്നും ബന്ധമില്ലാതെ സൂക്ഷ്മരൂപത്തെ അറിയാന്‍ കഴിയുന്നില്ല. വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനും കഴിയുന്നില്ല.

ധ്രുവസ്തുതിയുടെ  കാതല്‍

അനന്തന്റെ സഹായത്തോടെ കല്പാന്തകാലത്ത് വിശ്വത്തെയെല്ലാം സംഹരിച്ച് തന്റെ ഉദരത്തിലാക്കി അനന്തന്റെ മുകളില്‍ ആത്മ സ്വരൂപത്തില്‍ ശയിക്കുന്നതും നാഭിയാകുന്ന സമുദ്രത്തിലുണ്ടായ സ്വര്‍ണ്ണമയമായ ലോകപത്മകര്‍ണ്ണികയില്‍ നിന്ന് ബ്രഹ്മാവ് ആവിര്‍ഭവിക്കുകയും ചെയ്ത ഭഗവാന് എന്റെ നമസ്‌കാരം. ആദി പുരുഷനും നിത്യമുക്തനും പരിശുദ്ധനും സര്‍വ്വജ്ഞനും ആത്മ സ്വരൂപിയും കൂടസ്ഥനും ത്രിഗുണങ്ങളുടെ അധിപതിയും സ്വഭാവത്തെ ദര്‍ശിക്കുന്നവനും രക്ഷാവസ്ഥയില്‍ യജ്ഞഫലദാതാവും ഇക്കാരണത്താല്‍ തന്നെ ജീവനില്‍ നിന്ന് ഭിന്നമാകുന്ന അങ്ങയില്‍ പരസ്പര വിരുദ്ധങ്ങളായ വിദ്യ അവിദ്യ സൃഷ്ടി, സംഹാരം, എന്നിങ്ങനെയുള്ള ശക്തികള്‍ ക്രമത്തില്‍ പ്രകാശിക്കുന്നു. പ്രപഞ്ചത്തിന്റെ കര്‍ത്താവായിരിക്കുന്നവനും ഏകനും അന്തമില്ലാത്ത സ്വരൂപത്തോടുകൂടിയവനും ആനന്ദസ്വരൂപനും നിര്‍വികാരനുമായ നിന്തിരുവടിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

അല്ലയോ ഭഗവാനെ അങ്ങ് പരമപുരുഷാര്‍ത്ഥമായ മോക്ഷം തന്നെ സ്വരൂപമായിരിക്കുന്നവനാണ്. നിന്തിരുവടിയുടെ ശ്രീപാദപത്മങ്ങളെക്കാള്‍ ശ്രേയസ്‌കരമായി മറ്റൊന്നും തന്നെയില്ല. എങ്കിലും നിന്തിരുവടി നവ പ്രസൂതമായ പശു തന്റെ കുട്ടിയെ സംരക്ഷിക്കുന്നതുപോലെ ദീനരും സകാമഭക്തരുമായഞങ്ങളേയും കടാക്ഷിക്കേണമേ.

ഭഗവദ്ദര്‍ശനം ലഭിച്ച് ജ്ഞാനശക്തി ലഭിച്ച ധ്രുവന്റെ സ്തുതിയില്‍ ഭഗവാന്‍ പ്രസന്നനായി വത്സ, നിന്റെ മനോരഥം എന്താണെന്ന് ഞാനറിയുന്നു. ലഭിക്കുവാന്‍ പ്രയാസമാണെങ്കിലും അത് ഞാന്‍ സാധിച്ചു തരുന്നു. കല്പാന്തകാലത്തോളം ജ്യോതിര്‍ഗണങ്ങള്‍ പശുക്കൂട്ടങ്ങളെന്നപോലെ വലം വയ്‌ക്കുന്ന ധ്രുവ സ്ഥാനം ഞാന്‍ നിനക്ക് കല്പിച്ചരുളിയിരിക്കുന്നു. നക്ഷത്രങ്ങള്‍ക്കൊപ്പം സപ്തര്‍ഷികളും കശ്യപനും ശുക്രനും എല്ലാം തന്നെ നിന്നെ സദാ വലം വച്ചുകൊണ്ടിരിക്കും. നിന്റെ പിതാവ് വാനപ്രസ്ഥം സ്വീകരിച്ച തിനുശേഷം നീ മുപ്പത്താറായിരം വര്‍ഷം ധര്‍മ്മിഷ്ഠനായി ഭൂമിയെ പരിപാലിക്കും. നിന്റെ സഹോദരനായ ഉത്തമന്‍ നായാട്ടിനായി വനത്തിലേയ്‌ക്കു പോകുമ്പോള്‍ അവിടെ വച്ച് മരിക്കും. അവനെ തേടി പോകുന്ന സുരുചിയും കാട്ടുതീയില്‍ പെട്ടു മരിച്ചു പോകും. നീ യജ്ഞങ്ങള്‍ കൊണ്ട് യജ്ഞേശ്വരനായ എന്നെ യജ്ഞിച്ച് അന്ത്യകാലത്ത് എന്നെത്തന്നെ പ്രാപിക്കും. പിന്നെ നീ ഋഷിലോകത്തിനും ഉപരിയായി വര്‍ത്തി ക്കുന്ന എന്റെ പുനരാവൃത്തിയില്ലാത്ത പദത്തെ പ്രാപിക്കുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by