ന്യൂദല്‍ഹി: ഗ്രാമീണ വികസനം ത്വരിതപ്പെടുത്തേണ്ടത് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഭൂരിഭാഗം ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം ഭൂവിഭവങ്ങളെ ആശ്രയിച്ചായതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഭൂമി സമ്മാന്‍2023 പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് കൊണ്ടാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.
ഒമ്പത് സംസ്ഥാന സെക്രട്ടറിമാര്‍ക്കും 68 ജില്ലാ കളക്ടര്‍മാര്‍ക്കും ഡിജിറ്റല്‍ ഇന്ത്യ ഭൂരേഖ ആധുനികവത്കരണ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംഘങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കി. ഗ്രാമീണ മേഖലകളുടെ മൊത്തത്തിലുള്ള വികസനത്തിന് സമഗ്രമായ സംയോജിത ഭൂ പരിപാലന സംവിധാനം വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഡിജിറ്റൈസേഷന് സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി, ഭൂരേഖകളുടെ ഡിജിറ്റലൈസേഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ബന്ധവും ക്ഷേമ പദ്ധതികള്‍ ശരിയായി നടപ്പിലാക്കാന്‍ സഹായിക്കുമെന്ന് രാഷ്ട്രപതി മുര്‍മു പറഞ്ഞു. വെള്ളപ്പൊക്കവും തീപിടിത്തവും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇന്ത്യ ഭൂവിവര മാനേജ്മെന്റ് സംവിധാനത്തിന് കീഴില്‍, ആധാര്‍ കാര്‍ഡ് പോലെ ഉപയോഗപ്രദമായ ഒരു ലാന്‍ഡ് പാഴ്സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കുന്നതില് രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഭൂമിയുടെ ശരിയായ ഉപയോഗത്തിനും പുതിയ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഈ നമ്പര്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ജനങ്ങളില്‍ വലിയൊരു വിഭാഗം ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഭരണത്തിന്റെയും ജുഡീഷ്യറിയുടെയും കൂടുതല്‍ സമയം ഈ വിഷയങ്ങളിലാണ് ചെലവിടുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: