കോട്ടയം: രാജ്യത്ത് പൊതുസിവില്‍ സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ പത്രാധിപ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.
നിയമം നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും പത്രാധിപ കുറിപ്പില്‍ പറയുന്നുണ്ട്. നിയമങ്ങള്‍ മതാതീതമായിരിക്കണം’ എന്ന തലക്കെട്ടിലാണ് പത്രാധിപ കുറിപ്പ്. നിയമം മതേതരമാണെങ്കില്‍ മാത്രമേ മതേതര രാജ്യം അര്‍ത്ഥവത്താകൂ എന്ന് വെളളാപ്പളളി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് പൊതുസിവില്‍ കോഡിനെ എതിര്‍ക്കാന്‍ സംസ്ഥാനത്തെ വിവിധ സംഘടനകളെ അണിനിരത്താന്‍ ശ്രമിക്കുന്ന ഭരണകക്ഷിയായ സി.പി.എമ്മിനുള്ള തിരിച്ചടിയാണ് എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാട്. പൊതുസിവില്‍ കോഡിനെതിരെ ശക്തമായി രംഗത്തുവന്നത് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗമാണെന്നും വെളളാപ്പളളി പറയുന്നു. നിയമം നടപ്പാക്കിയാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിക്കുമെന്നും പത്രാധിപ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും മതപരമോ സാമുദായികമോ ലിംഗപരമോ ആയ വിവേചനത്തിലേക്ക് നയിക്കുന്ന നിയമങ്ങള്‍ മനുഷ്യരുടെ അന്തസിനു നിരക്കുന്നതല്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിനിയമങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തിനിയമങ്ങള്‍, നിയമം നടപ്പാക്കുന്നത് സങ്കീര്‍ണവും വിവേചനപരവുമാക്കുകയേ ഉള്ളൂവെന്നും പറഞ്ഞു.
രാജ്യത്ത് പൊതുസിവില്‍ സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ വിവിധ രാഷ്‌ട്രീയ സംഘടനകള്‍ക്ക് വിവിധ താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്ന് നടേശന്‍ പറഞ്ഞു. മതവിഭാഗങ്ങള്‍ ആ ഉദ്ദേശ്യങ്ങളില്‍ കുടുങ്ങരുതെന്നും പകരം യുസിസിയുമായി ബന്ധപ്പെട്ട് പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.യുസിസി നടപ്പാക്കിയാല്‍ ജുഡീഷ്യറി കൂടുതല്‍ കാര്യക്ഷമമാകുമെന്നും നടേശന്‍ പറഞ്ഞു.
യു സി സി കേവലം രാഷ്‌ട്രീയ പ്രശ്നമല്ലെന്നും വെളളാപ്പളളി പറഞ്ഞു. ‘ലോകം അതിവേഗം മാറുകയാണ്. പുതിയ തലമുറ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് പ്രവേശിക്കുകയാണ്. അവര്‍ക്ക് ദഹിക്കാനാവാത്ത മതനിയമങ്ങള്‍ ഈ തലമുറയെ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റുകയേ ഉള്ളൂ,’ – വെളളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമം നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും വെളളാപ്പളളി നടേശന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: