പാലക്കാട്: ഒലവക്കോട് ജങ്ഷനിലെ പ്രധാന റോഡുകളില്‍ മഴക്കാലം ദുരിതകാലമാണ്. പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡും കുടുംബകോടതി റോഡും തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
ഇരു റോഡുകളിലും വലുതും ചെറുതുമായ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് മഴക്കാലത്തെ പ്രധാന പ്രശ്‌നം. രാപകലന്യേ നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റെയില്‍വെ സ്റ്റേഷന്‍ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. നിര്‍മാണം നടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനു മുന്നില്‍ വലിയ രീതിയിലാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുതിയപാലം ഭാഗത്തുനിന്നും വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.
കുടുംബ കോടതി റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തകര്‍ന്ന റോഡും അനധികൃത പാര്‍ക്കിങും തെരുവുനായ ശല്യവുമുള്ള റോഡില്‍ മഴക്കാലത്തെ സ്ഥിതി ദയനീയമാണ്. പ്രവൃത്തി ദിവസങ്ങളില്‍ നൂറുക്കണക്കിനാളുകളാണ് കുടുംബ കോടതിയില്‍ എത്തുന്നത്. ഇതിനുപുറമെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും റെസിഡന്‍ഷ്യല്‍ കോളനിയിലേക്കുമുള്ളവര്‍ക്കും ദുരിതമേറെയാണ്. വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാടക കെട്ടിടത്തിലാണ് കുടുംബകോടതി പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: