ന്യൂദല്‍ഹി : ആന്‍ഡമാന്‍ നിക്കോബര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ഏകദേശം 710 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ടെര്‍മിനല്‍ കെട്ടിടം ബിസിനസ് സുഗമമാക്കുകയും മേഖലയിലെ ഗതാഗതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പോര്‍ട്ട് ബ്ലെയറിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ സഫലമായതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഇന്റഗ്രേറ്റഡ് ടെര്‍മിനലിലൂടെ പ്രതിദിനം 11,000 വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിന് കഴിയുമെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ ദ്വീപുകളിലെ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായതായി അദ്ദേഹം പറഞ്ഞു. സാഹസിക വിനോദസഞ്ചാരവും അഭിവൃദ്ധി പ്രാപിക്കുന്നു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം പലമടങ്ങ് ഉയരും. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വികസനത്തിന് ഏകദേശം 48,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ എല്ലാ പ്രദേശങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത് . പൈപ്പിലൂടെ കുടിവെളളം ലഭ്യമായ വീടുകളുടെ എണ്ണം ഇന്ന് 50,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ എല്ലാവര്‍ക്കും ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് ഉണ്ട്. പോര്‍ട്ട് ബ്ലെയറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും നിര്‍മ്മിച്ചു. കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി നൂറുകണക്കിന് കിലോമീറ്ററുകള്‍ കടലിനടിയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് തിരംഗ പതാക ഉയര്‍ത്തിയ അതേ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. റോസ് ദ്വീപിനെ നേതാജി സുഭാഷ് ദ്വീപ് എന്നും ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നും നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്ത കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 21 ദ്വീപുകള്‍ക്ക് പരംവീര ചക്ര അവാര്‍ഡ് ജേതാക്കളുടെ പേരു നല്‍കിയതും അദ്ദേഹം അനുസ്മരിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വികസനം രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരുടെ കഴിവുകളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിരോധ മേഖലയിലും സ്റ്റാര്‍ട്ടപ്പുകളിലും ഇന്ത്യയിലെ യുവാക്കളുടെ കരുത്ത് മോദി ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ വികസനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദ്വീപുകളും ചെറിയ തീരദേശ രാജ്യങ്ങളും ഇന്ന് ലോകത്ത് അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: