ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ നടന്ന ‘മയക്കുമരുന്ന് കള്ളക്കടത്തും ദേശീയ സുരക്ഷയും’ സമ്മേളനത്തില്‍ വച്ച് 2416 കോടി രൂപ വിലവരുന്ന1,44,000 കിലോഗ്രാം മയക്കുമരുന്ന് കത്തിച്ചു കളഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓണ്‍ലൈനിലൂടെ പങ്കെടുത്ത യോഗത്തില്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയും മയക്കുമരുന്ന് വിരുദ്ധ ദൗത്യ സേനയും ചേര്‍ന്നാണ് ഇത് നശിപ്പിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ പിടിച്ചെടുത്ത് നശിപ്പിച്ച മയക്കുമരുന്നുകളുടെ അളവ് 10 ലക്ഷം കിലോയായി. ഇതിന് 12,000 കോടി രൂപ വിലവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ മയക്കുമരുന്നിനെതിരെ സഹിഷ്ണുതയില്ലാ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. 2022 ജൂണ്‍ ഒന്നു മുതല്‍ ഇക്കഴിഞ്ഞ ജൂലൈ 15 വരെ, സംസ്ഥാനങ്ങളിലെ എന്‍സിബിയുടെ പ്രാദേശിക യൂണിറ്റുകളും എഎന്ടിഎഫുകളും ചേര്‍ന്ന് 9580 കോടി മൂല്യമുള്ള 8,76,554 കിലോ മയക്കുമരുന്ന് നശിപ്പിച്ചു. 2006-2013 വരെ 1,250 നാര്‍കോട്ടിക് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 2014-2023ല്‍ 3,700 കേസുകളായി.
ഇത്തരം പദ്ധതികള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും ലഹരിവസ്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നടപടികൾ ഇന്ത്യയെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് മുക്തമാക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ശക്തി പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: