ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം, 2015 മുതല്‍ 2020 വരെയായി, 13.5 കോടിയിലേറെ പേര്‍ വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായതായി നിതി ആയോഗ് റിപ്പോര്‍ട്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ (മള്‍ട്ടി ഡിമന്‍ഷ്യല്‍ പോവര്‍ട്ടി) ദാരിദ്ര്യത്തില്‍ കഴിയുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. റിപ്പോര്‍ട്ട് ഇന്നലെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, അംഗങ്ങള്‍ ഡോ. വി.കെ. പോള്‍, ഡോ. അരവിന്ദ് വീരമണി തുടങ്ങിയവര്‍ ചേര്‍ന്ന് പുറത്തുവിട്ടു.
വിവിധ തലങ്ങളിലുള്ള ദാരിദ്ര്യം 2015-16ല്‍ 24.85 ശതമാനമായിരുന്നത് 2019-21ല്‍ 14.96 ആയി. ഗ്രാമങ്ങളിലാണ് ദരിദ്രര്‍ ഏറ്റവും കുറഞ്ഞതെന്നും 2015ല്‍ 32.59 ശതമാനം ദരിദ്രരുണ്ടായിരുന്നത് 19.28 ആയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2030നു മുമ്പ് ഇന്ത്യയെ പൂര്‍ണമായും ദാരിദ്ര്യമുക്തമാക്കുകയെന്ന ലക്ഷ്യം, അതിനു മുമ്പേ തന്നെ നേടാനാകുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
പോഷക ലഭ്യത, വിദ്യാഭ്യാസം, ശുചീകരണം, പാചക ഇന്ധനം തുടങ്ങിയവയ്‌ക്ക് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ദാരിദ്ര്യ നിര്‍ണയത്തിന് ആഗോളതലത്തില്‍ സ്വീകരിച്ച സൂചകങ്ങളും രീതിയുമാണ് ഇന്ത്യയും സ്വീകരിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, പോഷകാഹാരം, ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം, വിദ്യാഭ്യാസ കാലം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചീകരണം. കുടിവെള്ളം, വൈദ്യുതി, വീട്, സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയും നോക്കിയാണ് ദാരിദ്ര്യം വിലയിരുത്തിയത്.
അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ 9.89 ശതമാനത്തിന്റെ കുറവുണ്ടായി, 24.85ല്‍ നിന്ന് 14.96 ശതമാനം. ഗ്രാമങ്ങളില്‍ ദരിദ്രര്‍ 32.59 ശതമാനത്തില്‍ നിന്ന് 19.28 ആയപ്പോള്‍, നഗരങ്ങളില്‍ ഇത് 8.65 ശതമാനത്തില്‍ നിന്ന് 5.27 ആയി. ദാരിദ്ര്യം അതിവേഗം കുറഞ്ഞത് യുപിയിലാണ്, 3.43 കോടി പേര്‍ ദാരിദ്ര്യമുക്തരായി. ബീഹാറാണ് രണ്ടാമത്. മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ദാരിദ്ര്യത്തിന്റെ തീവ്രത 47 ശതമാനത്തില്‍ നിന്ന് 44 ആയി.
മോദി സര്‍ക്കാരിന്റെ പോഷന്‍ അഭിയാന്‍, അനീമിയ മുക്ത ഭാരത്, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ജീവന്‍ മിഷന്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജന, സൗഭാഗ്യ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സമഗ്ര ശിക്ഷ അഭിയാന്‍ തുടങ്ങിയ പദ്ധതികളാണ് വിവിധ തലങ്ങളില്‍ പുരോഗതിയുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: