ചടയമംഗലം: കദം കദം ബഢ്തെ ഹമ് രാമ പാദം പര് ചലേ….. കുമ്മനം രാജശേഖരനെഴുതി, കുത്തിയോട്ട കലാകാരന് വിജയരാഘവക്കുറുപ്പ് ആലപിച്ച ശ്രീരാമതാനം കുത്തിയോട്ടപ്പാട്ട് ഹിന്ദിയിലും തരംഗമാകുന്നു. രാമായണമാസത്തിന്റെ ആദ്യദിനമായി ഇന്നലെ രാത്രി 7.30നാണ് വിജയരാഘവക്കുറുപ്പിന്റെ യു ട്യൂബ് ചാനലിലൂടെ ശ്രീരാമതാനം ഹിന്ദിയില്‍ ആദ്യമായി പ്രകാശിതമായത്. ഹിന്ദിയിലും പാട്ട് പാടിയത് വിജയരാഘവക്കുറുപ്പ് തന്നെ. പദം പദം രാമപാദം എന്ന പദ്ധതിയിലൂടെ ജടായുപ്പാറയിലേക്കുള്ള പടവുകളുടെ നിര്മാണപ്രചരണത്തിന്റെ ഭാഗമായാണ് ശ്രീരാമതാനം പിറക്കുന്നത്.
ഓണാട്ടുകരയുടെ തനത് ശീലില് ഇനി ഈ പാട്ട് ദേശമൊട്ടാകെ കേള്‍ക്കും. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപകന് കളരിക്കല്‍ ശ്രീകുമാറാണ് കുമ്മനത്തിന്റെ കുത്തിയോട്ടപ്പാട്ട് ഹിന്ദിയിലേക്ക് മാറ്റിയത്.
ചടയമംഗലത്തെ ജടായുപ്പാറ ശ്രീകോദണ്ഡസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോഴാണ് ജടായുമാഹാത്മ്യം കുത്തിയോട്ടക്കുമ്മിയായി കുമ്മനം എഴുതുന്നത്. ജടായുരാമ സന്നിധിയില്‍ ഇത് അവതരിപ്പിക്കുകയും ചെയ്തു.
സീതാപഹരണവും രാവണനുമായുള്ള ജടായുവിന്റെ യുദ്ധവും ജടായുമോക്ഷവും ഇതിവൃത്തമാക്കിയാണ് കുമ്മനം ശ്രീരാമതാനത്തിന്റെ രചന നിര്‍വഹിച്ചത്. ആദ്യമായാണ് ഓണാട്ടുകരയുടെ അനുഷ്ഠാന കലയായ കുത്തിയോട്ടപ്പാട്ട് ഹിന്ദിയില്‍ ആലപിക്കപ്പെടുന്നത്. ഇതിലൂടെ കേരളത്തിലെ രാമകഥയും കേരളത്തനിമയും രാജ്യത്തൊട്ടാകെ ശ്രദ്ധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: