കോഴിക്കോട്: സ്ത്രീവിരുദ്ധ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗണ്‍ സമ്പര്‍ക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎംഎസിന്റെ ഓളേം കെട്ടുമെന്ന് പ്രഖ്യാപിച്ചവരെ വേദിയിലിരുത്തി സെമിനാര്‍ നടത്തുന്ന സിപിഎമ്മിനോട് ഇഎംഎസിന്റെ ഭാര്യ ആര്യ അന്തര്‍ജനത്തിന്റെ ആത്മാവ് പൊറുക്കില്ല, അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് എം.വി. രാഘവന് അവതരിപ്പിച്ച ബദല്‍ രേഖയുടെ താത്വിക ആചാര്യനായിരുന്ന എം.വി. ഗോവിന്ദന് യച്ചൂരിയെ വേദിയിലിരുത്തി മധുര പ്രതികാരം ചെയ്യുകയായിരുന്നു. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്ര വയലാറിലും ലീഗില്ലാതെ ജയിക്കാനാകില്ലെന്ന് പറഞ്ഞ ഗോവിന്ദനെ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു അന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം. ഇതിന്റെ മധുര പ്രതികാരമാണ് മുസ്ലിം സാമുദായിക നേതാക്കളെ സെമിനാറിലണിനിരത്തി ഗോവിന്ദന് ചെയ്തത്. കോഴിക്കോട് സെമിനാര്‍ വന്‍ പരാജയമായിരുന്നു, അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറാക്കിയ മുസ്ലിം വ്യക്തിനിയമത്തിനെതിരെ മുസ്ലിം വനിതകള്‍ തന്നെ രംഗത്ത് വരും. കാരണം ഇന്ന് അവര്‍ അഭ്യസ്തവിദ്യരാണ്. നിരവധി മുസ്ലിം രാഷ്ട്രങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സ്വത്തില്‍ തുല്യ അവകാശം നല്കിയിരിക്കുന്നു. ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ബഹുഭാര്യാത്വത്തിന് വേണ്ടി പരസ്യമായി രംഗത്ത് വരുമോ? മുസ്ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളില്പെടുത്തി എക്കാലത്തും വോട്ടു ബാങ്കായി നിലനിര്‍ത്താന്‍ കഴിയുമെന്ന് ഇടത്-വലത് മുന്നണികള്‍ സ്വപ്നം കാണേണ്ടതില്ല. മുസ്ലീങ്ങള്‍ക്ക് ഇടയില്‍ വലിയ മാറ്റമുണ്ടായിക്കഴിഞ്ഞു. അവരെ പഴയ പോലെ വഞ്ചിക്കാനാവില്ല. അവരെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന പൂതി ഗോവിന്ദന് മനസ്സില്‍ വച്ചാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: