ടെഹ്റാന്: ഇറാനില്‍ ഹിജാബ് പ്രക്ഷോഭം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഹിജാബ് നിയമം വീണ്ടും നടപ്പാക്കാന്‍ നീക്കം. ഹിജാബ് കൃത്യമായ ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മതകാര്യ പോലീസ് രാജ്യത്തെ തെരുവുകളില്‍ പട്രോളിങ് ശക്തമാക്കി.
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടുണ്ടായ ഹിജാബ് പ്രക്ഷോഭത്തിന് പത്ത് മാസത്തിന് ശേഷമാണ് വീണ്ടും ഹിജാബ് നിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ കസ്റ്റഡിയിലെടുക്കുമെന്നും തുടര്‍ നടപടി നേരിടേണ്ടി വരുമെന്നും ഇറാനിയന്‍ നിയമ നിര്‍വഹണ വക്താവ് സഈദ് മൊണ്ടസര് അല്‍മഹ്ദി വ്യക്തമാക്കി.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് യുവതി മഹ്സ അമിനി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ പതിനാറിനാണ് മരിച്ചത്. മഹ്സയുടെ സംസ്കാര ചടങ്ങിനിടെ നൂറുകക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്.
പൊതുസ്ഥലത്ത് ഹിജാബ് ഊരിയെറിഞ്ഞും വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന് ജനത പ്രതിഷേധിച്ചത്.
തുടര്‍ന്ന് അമിനിക്ക് നീതി തേടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രാജ്യത്തെ സ്ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നു. ഇറാനി ല്‍ തുടര്‍ച്ചയായി റാലികളും പ്രക്ഷോഭവുമുണ്ടായി. രണ്ട് മാസത്തിലേറെയായി തുടര്‍ന്ന പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേര് കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇരുനൂറുപേര്‍ കൊല്ലപ്പെട്ടതായി ഇറാനും സ്ഥിരീകരിച്ചു.
പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ സേനയെ അടക്കം വിന്യസിച്ചിട്ടും പ്രക്ഷോഭക്കാര്‍ പിന്തിരിയാതെ വന്നതോടെയാണ് അന്ന് മതകാര്യ പോലീസ് നടപടികളില്‍ നിന്ന് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: