ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ പുറംകരാറിന് നല്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാരിന്റെ നീക്കം. വിദേശനാണ്യ കരുതല്‍ ശേഖരം വളരെ മോശമായ അവസ്ഥയിലാണ്. ഇത് മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടി.
ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാര്‍ വിദേശ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിന്റെ കാലാവധി ആഗസ്ത് 12 അവസാനിക്കും. ഇതിനകം കരാറില്‍ ഏര്‍പ്പെടാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ധനമന്ത്രി ഇഷാദ് ദാര്‍ അധികൃതരോട് പറഞ്ഞതായും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചിലാണ് പാക് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ വിമാനത്താവളങ്ങള്‍ 25 വര്‍ഷത്തേക്ക് പുറം കരാര്‍ നല്കാനായിരുന്നു തീരുമാനം.
സിവില്‍ ഏവിയേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പിഐഎ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: