ഡോ.കെ.മുരളീധരന്‍ നായര്‍
വാസ്തുശാസ്ത്രപരമായി കാര്യങ്ങള്‍ നോക്കി പുതിയൊരു വീടു പണികഴിപ്പിച്ചു. വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
വീടിന്റെ പ്രധാന വാതിലിനു നേരേ, മറയത്തക്ക രീതിയില്‍ സോഫയോ മറ്റു ഫര്‍ണിച്ചറുകളോ ഇടരുത്. വെയിറ്റുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം തന്നെ ഹാളിന്റെ തെക്കുഭാഗത്ത് ക്രമീകരിക്കുക. വീടിന്റെ മധ്യഭാഗം ഒഴിച്ചിടുക. ബെഡ്‌റൂമില്‍ കട്ടിലുകള്‍ ഇടുമ്പോള്‍ ഒന്നുകില്‍ തെക്കോട്ടോ അല്ലെങ്കില്‍ കിഴക്കോട്ടോ തലവച്ചു കിടക്കണം. ഡൈനിങ് ടേബിള്‍ ക്രമീകരിക്കുന്നത് ഒന്നുകില്‍ കിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ പടിഞ്ഞാറോ ആയിരിക്കണം. അലമാരകള്‍ വയ്‌ക്കുന്നത് ഒന്നുകില്‍ വടക്കോട്ടോ അല്ലെങ്കില്‍ കിഴക്കോട്ടോ നോക്കിയിരിക്കത്തക്ക രീതിയിലായിരിക്കണം. അടുക്കളയില്‍ അഗ്നിയുടെ സ്ഥാനം കിഴക്കു ഭാഗത്തും സിങ്ക്, വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിക്കുന്നത് വടക്കുഭാഗത്തും ആയിരിക്കണം. സ്റ്റോര്‍ മുറിയുടെ ക്രമീകരണം പടിഞ്ഞാറു ഭാഗത്ത് വരുന്നതാണ് ഉത്തമം. വാട്ടര്‍ ഫൗണ്ടന്‍ ഫിഷ്ടാങ്ക് എന്നിവ മുറിയുടെ വടക്കുഭാഗത്തു വരുന്നതാണ് നല്ലത്.
ആറ്റിന്റെ തീരത്താണ് വീട്. വലിയ വെള്ളപ്പൊക്കം വരുമ്പോള്‍ വീടിനകത്തു വെള്ളം കയറുന്നത് പതിവാണ്. ഇതു കഴിഞ്ഞാല്‍ കുറേക്കാലത്തേക്ക് പല രീതിയിലുള്ള ദുരിതങ്ങളാണ് അനുഭവിക്കുന്നത്. വീടിനുള്ളില്‍ വെള്ളം കയറുന്നത് വാസ്തുശാസ്ത്രപരമായി ദോഷമാണോ?
പണ്ടുകാലം മുതല്‍ തന്നെ വീടുവയ്‌ക്കാനുള്ള സ്ഥലം പ്രത്യേകമായിട്ട് ഉണ്ടായിരുന്നു. അക്കാലത്ത് ഒന്നും തന്നെ ആറ്റിന്റെ തീരത്ത് പ്രത്യേകിച്ച് ആറ്റുവെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലത്ത് വീടു പണിയാറില്ല. എന്നാല്‍ കാലം മാറി. ഇപ്പോള്‍ മഴവെള്ളത്തിന് ഒഴുകിപ്പോകാന്‍ തടസ്സം ഉണ്ടാക്കിക്കൊണ്ടും പലവിധ ഓടകള്‍ അടച്ചുകൊണ്ടും കെട്ടിടനിര്‍മാണം നടത്തുന്നത് പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്ക് ദോഷം ചെയ്യുകയാണ്. നെല്‍പ്പാടങ്ങള്‍ നികത്തിയും കൃഷിഭൂമികള്‍ നശിപ്പിച്ചും വീടുകള്‍ പണിയുന്നത് പ്രകൃതിക്ക് അനുയോജ്യമായ കാര്യമല്ല. ആറ്റിന്റെ തീരങ്ങളില്‍, പ്രത്യേകിച്ച് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാസഗൃഹങ്ങള്‍ പണിയാതിരിക്കുന്നതാണ് ഉത്തമം. പതിവായിട്ട് ആറ്റുവെള്ളം കയറുന്ന വീട് പ്രകൃതിയുടെ കണക്കനുസരിച്ച് നൂറു ശതമാനം ദോഷമാണ്.
വാസ്തുദോഷമുള്ള വീടിന്റെ ദോഷം പരിഹരിക്കുവാന്‍ സാധിക്കുമോ?
നല്ലൊരു വാസ്തു പണ്ഡിതന് തീര്‍ച്ചയായും സാധിക്കും. ഇതിനു തിയറി മാത്രം അറിഞ്ഞാല്‍ പോരാ. പ്രാക്ടിക്കലായും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം.
വീട് ഇരിക്കുന്ന ദിക്ക് ഏതു രീതിയിലാണ് അതില്‍ വസിക്കുന്നവരെ സ്വാധീനിക്കുന്നത്.?
പൊതുവായി കിഴക്കും വടക്കും വീടിന് ദര്‍ശനം വയ്‌ക്കുന്നത് നല്ലതാണ്. എന്നാല്‍ 27 നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തികളുടെ ഭാഗ്യദിക്ക് കണക്കാക്കി പൂമുഖ വാതില്‍ കൊടുക്കുന്നത് ഉത്തമമാണ്.
വാസ്തുദോഷമകറ്റാന്‍ സത്യനാരായണ പൂജ നല്ലതാണോ?
തീര്‍ച്ചയായും നല്ലതാണ്. വിഷ്ണു ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്ന പോറ്റിമാരോ അതല്ലെങ്കില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജ ചെയ്തിട്ടുള്ള പെരിയ നമ്പിമാരോ ഈ പൂജ ചെയ്താല്‍ വളരെയേറെ പ്രയോജനം ലഭിക്കും.
സ്ഥലം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യം വീടുപണി തുടങ്ങേണ്ടത് ഏതു ഖണ്ഡത്തിലാണ്?
പ്രസ്തുത വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗം വരുന്ന ഇൗശാന ഖണ്ഡത്തിലാണ് തുടങ്ങേണ്ടത്.
വീടു വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഏതെല്ലാം ഭാഗം തള്ളി നില്ക്കുന്നതാണ് നല്ലത്?
വടക്കുകിഴക്കു ഭാഗവും കിഴക്കുവടക്കു ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്.
വീടു വയ്‌ക്കാന്‍ സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വലിയ കുഴിയുള്ള ഭൂമി ചപ്പു ചവറുകള്‍ ഇട്ട് നിറച്ച് പുറത്തു മാത്രം നല്ല മണ്ണിട്ടു പൊക്കി ലെവലാക്കിയ ഭൂമി ഒരു കാരണവശാലും ഗൃഹം പണിയുവാന്‍ പറ്റിയതല്ല. ഒരു പക്ഷെ ഇങ്ങനെയുള്ള ഭൂമിയില്‍ കെട്ടിടം പണികഴിച്ചു താമസമായാല്‍ എല്ലാ വാസ്തുനിയമങ്ങളും പാലിച്ച് കെട്ടിടം പണിഞ്ഞിട്ടുണ്ടെങ്കിലും വീടിരിക്കുന്ന ഭാഗത്തു നിന്നും വമിക്കുന്ന ഭൗമോര്‍ജം നെഗറ്റീവ് ആയിരിക്കും. ഈ വീട്ടില്‍ കഴിയുന്നവര്‍ക്ക് അസുഖങ്ങളും ഭാഗ്യദോഷങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. ഇതുപോലെ കിഴക്കുഭാഗവും വടക്കുഭാഗവും വളരെ ഉയര്‍ന്നു നില്ക്കുന്ന ഭൂമി ഇടിച്ചു താഴ്‌ത്തി ലെവല്‍ ചെയ്ത് ഗൃഹം പണിയുന്നതും സൂര്യനില്‍ നിന്നും കിട്ടുന്ന ഊര്‍ജപ്രവാഹത്തെ തടസ്സം ചെയ്യുന്നതാണ്. തെക്കു ഭാഗവും പടിഞ്ഞാറു ഭാഗവും കുത്തനെയുള്ള ഭൂമിയും വീടു വയ്‌ക്കുവാന്‍ പറ്റിയതല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: