ന്യൂദല്‍ഹി : ലോക് സഭ തെരഞ്ഞെടുപ്പ് അടുത്ത് വരവെ തന്ത്രങ്ങള്‍ ആവിഷകരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളിലാണ് മുന്നണികള്‍. പ്രതിപക്ഷ കക്ഷികള്‍
ബംഗളുരുവില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ യോഗം നാളെ ന്യൂദല്‍ഹിയില്‍ നടക്കും. യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. നരേന്ദ്ര മോദിയുടെ വികസന അജണ്ടകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാര്‍ട്ടികള്‍ മുന്നണിയില്‍ എത്തുമെന്ന് നാളെ അറിയാമെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര അന്വേഷണഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന വിമര്‍ശനം നദ്ദ തള്ളി. കേന്ദ്ര ഏജന്‍സികള്‍ സ്വാതന്ത്രരാണെന്നും ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
38 പാര്‍ട്ടികളെ പങ്കെടുപ്പിച്ചുളള യോഗത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നല്‍കാനാണ് ബിജെപിയുടെ ശ്രമം. അകന്ന് നിന്ന പല കക്ഷികളേയും ദേശീയ അധ്യക്ഷന്‍ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചു. ദില്ലി ഓര്‍ഡിനന്‍സില്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. മണിപ്പൂരടക്കമുളള വിഷയങ്ങള്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പായിരിക്കെ അതിനെ ചെറുക്കാനുള്ള മറു തന്ത്രങ്ങളും ചര്‍ച്ച ചെയ്യും.
അതേസമയം തിങ്കളാഴ്ച ബംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയടക്കം പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: