സി.കെ. ആനന്ദന്‍പിള്ള
എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പിനും വേണ്ടി പലവട്ടം മുക്കറയിട്ടിട്ടുള്ള ഇടതുസര്‍ക്കാരിന്റെ പൊയ്മുഖമാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സാംസ്കാരിക വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലൂടെ അഴിഞ്ഞുവീണത്. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനും സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദനും ആ ഉത്തരവിന് വ്യാഖ്യാനമെഴുതി മേലൊപ്പും ചാര്‍ത്തിയിരിക്കുന്നു. സാഹിത്യ അക്കാദമിയുടെ മുദ്രവച്ച വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കൊക്കെയും ബാധകമാണ് ഈ ഉത്തരവ്. വിപ്ലവത്തിന്റെ ശുക്രനക്ഷത്രങ്ങളെല്ലാം ഇപ്പോള്‍ കണ്ണും ചിമ്മിയിരിക്കുകയാണ്. ഇതാണ് കലികാല വൈഭവം. കലങ്ങിമറിയുന്ന കാലാവസ്ഥയില്‍ പ്രകൃതിയുടെ ഉടല് മാത്രമായ സാംസ്കാരിക കോമരങ്ങളുടെ കപട മുഖങ്ങളും അഴിഞ്ഞുവീഴുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ, എഴുത്തുകാരുടെ പ്രസ്ഥാനമെന്നും സഹകരണ മേഖലയിലെ ഏറ്റവും വലിയ പുസ്തക പ്രസാധന സ്ഥാപനമെന്നും ഒരുകാലത്ത് അറിയപ്പെട്ട, കോട്ടയത്തെ മലയാള മനോരമയുടെ മുന്നില്‍ത്തന്നെയുള്ള സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഒരു ദുര്‍ദിനത്തില്‍ ഇടതുസര്‍ക്കാര്‍ പിടിച്ചടക്കിയതുപോലെ അക്കാദമികളെയും ഇപ്പോള്‍ പിടിച്ചടക്കിയിരിക്കുന്നു. സത്യം പറയട്ടെ, ഇതിനു തുടക്കം കുറിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അന്നത്തെ സാംസ്കാരിക വകുപ്പുസെക്രട്ടറി ലളിതാംബികയുടെ നേതൃത്വത്തില്‍ 1985ല്‍ അക്കാദമി ഭരണഘടന അന്നു പൊളിച്ചെഴുതി. അതു വീണ്ടും പൊളിച്ചടുക്കുകയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി വിടുവായത്തം പറയുന്ന ഇടതുസര്‍ക്കാര്‍. എന്തൊരു കാപട്യമാണിത്. എന്തൊരു ഗതികേടാണിത്. അതിശയിപ്പിക്കുന്നത് ഇതല്ല. ഇതിന്റെ ദുരവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, സാംസ്കാരിക നായകനെന്ന് മാധ്യമങ്ങള്‍ പുരപ്പുറത്തു കയറിനിന്ന് വിളിച്ചുകൂവി കീര്‍ത്തി ചാര്‍ത്തിക്കൊടുത്തതിന്റെ സുഖത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്ന സച്ചിദാനന്ദന് എന്ന അക്കാദമി പ്രസിഡന്റ് ഇതെല്ലാം അംഗീകരിച്ചു ന്യായീകരിക്കുന്നു എന്നതാണ്. അധികാര സ്ഥാപനങ്ങളോട് പണ്ടേ ആര്‍ത്തിയുള്ള, കപട വിപ്ലവസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് സത്യത്തില്‍ സച്ചിദാനന്ദന്. പറഞ്ഞതെല്ലാം വിഴുങ്ങാനും അവസരത്തിനൊത്തു ന്യായവാദങ്ങള്‍ നിരത്താനും എങ്ങനെയും കരണം മറിയാനും അപാര അഭ്യാസബലമുള്ള സര്ക്കസ്സുകാരനാണദ്ദേഹം.
സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായി ഒരിക്കല്‍ അദ്ദേഹം നോമിനേറ്റു ചെയ്യപ്പെട്ടപ്പോള്‍, എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയില്‍, തെരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹം ഈ ലേഖകനോടു ചോദിച്ചിരുന്നു, എക്സിക്യൂട്ടീവില്‍ വന്നാല്‍ പലതും ചെയ്യാന്‍ പറ്റും അല്ലേ എന്ന്. എന്നാല്‍ തെരഞ്ഞെടുപ്പ് അദ്ദേഹത്തെ നിരാശനാക്കി. പ്രതീക്ഷിച്ചത് നടക്കാതെ വന്നപ്പോള്‍ പിന്നെ അക്കാദമിയെ പുച്ഛിക്കാന്‍ പലപ്പോഴും അദ്ദേഹം അവസരം കണ്ടെത്തി. ഇപ്പോള്‍ ശ്രീമാന്‍ സംതൃപ്തനാണ്. അക്കാദമി അധ്യക്ഷനാണല്ലോ. തന്നോടൊപ്പം അംഗങ്ങളായിരിക്കുന്നവരുടെ, എഴുത്തുകാര്‍ എന്ന നിലയിലുള്ള നിലവാരമൊന്നും അധ്യക്ഷന്‍ പ്രശ്നമല്ല. 13.6.2023 ല്‍ സ.ഉ (കൈ) നം. 13/2023/സിഎല്ആര്എസ് നമ്പറില്‍ പുറത്തിറക്കപ്പെട്ട ഉത്തരവിനെ (സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് ഒപ്പുവച്ചത്) അദ്ദേഹം കലവറയില്ലാതെ ന്യായീകരിക്കുന്നു. തീര്‍ത്തും ഉളുപ്പില്ലാതെയും. അക്കാദമിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തില്‍ മുഖ്യമന്ത്രിയുടെയും സാംസ്കാരിക വകുപ്പുമന്ത്രിയുടെയും പടങ്ങള്‍ മുഖചിത്രമാക്കി ആഘോഷിക്കുന്നു. ‘ദയനീയം സാംസ്കാരിക നായകാ ദയനീയം’ എന്നല്ലാതെ എന്തു പറയട്ടെ.
ഒരിക്കല്‍ സഖാവ് സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കെ അക്കാദമി പ്രസിഡന്റായിരുന്ന പി.സി. കുട്ടികൃഷ്ണനോട് (ഉറൂബ്) പറഞ്ഞു, കാണണം, ചിലതു സംസാരിക്കാനുണ്ട് എന്ന്. ചില പാര്‍ട്ടി സഖാക്കളെ അക്കാദമി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു അത്. കാര്യം മനസ്സിലാക്കിയ ഉറൂബ് പറഞ്ഞു, പ്രധാന ഭാരവാഹികളെ നിശ്ചയിക്കുന്നത് സര്‍ക്കാരാണല്ലോ. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയുള്ളവര്‍ സ്ഥിരമായി ഭരണസമിതിയില്‍ തുടരുന്നുവെന്ന് ആക്ഷേപമുണ്ടെങ്കില്‍ അവര്‍ക്കു പകരം സഖാക്കളെ നിയമിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടല്ലോ-ഭരണഘടന പ്രകാരം. പിന്നെന്തിനു ഭരണഘടന മാറ്റണം? പി.സി. കുട്ടികൃഷ്ണന് എന്ന അക്കാദമി അധ്യക്ഷന്‍ നല്കിയ മറുപടി കേട്ട് അച്യുതമേനോന് പിന്നെ അനങ്ങിയില്ല.
നൊബേല്‍ സമ്മാനത്തിന്റെ വക്കത്തെത്തി പിടിവിട്ടുപോയ ആളൊന്നുമല്ല. എങ്കിലും വിശ്വപ്രസിദ്ധനായ എഴുത്തുകാരനായിരുന്നല്ലോ തകഴി ശിവശങ്കരപ്പിള്ള. തകഴി അക്കാദമി അധ്യക്ഷനായിരിക്കെ അക്കാദമിയിലെത്തുമ്പോള്‍ സെക്രട്ടറിയായിരുന്ന പവനന്റെ ക്വാര്‍ട്ടേഴ്സില്‍ പോയി ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്തവരായിരുന്നു അക്കാദമിയിലുണ്ടായിരുന്നത്. അതും ഭരണസമിതി യോഗം കൂടുമ്പോള്‍. അതിനും മുന്‍പന്തിയിലുണ്ടായിരുന്നു പി.സി. കുട്ടികൃഷ്ണനും സുകുമാര്‍ അഴീക്കോടും സി.പി. ശ്രീധരനും മറ്റും. സെക്രട്ടറിയുടെ താല്പര്യങ്ങള് പ്രസിഡന്റിനെ സ്വാധീനിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായം. അത് സത്യവുമായിരുന്നു. അതാണ് അക്കാദമിയുടെ പാരമ്പര്യം. അവിടെയാണ് സച്ചിദാനന്ദന് വകതിരിവില്ലാതെ ഒരു സര്‍ക്കാര്‍ ഉത്തരവിനെ ന്യായീകരിക്കുന്നതും അതിന്റെ പുറത്തുകിടന്ന് ഉരുളുന്നതും.
എന്തിനാണാവോ സാംസ്കാരിക വകുപ്പ് സെക്രട്ടറി നിരുത്തരവാദപരമായ തരത്തില്‍ മേല്‍ സൂചിപ്പിക്കപ്പെട്ട ഒരു ഉത്തരവിറക്കിയത്. അതില്‍ പറയുന്ന ചില കാര്യങ്ങള്‍ അക്കാദമി ഭരണഘടനയില്‍ ഉള്ളതുതന്നെ. മറ്റു ചില കാര്യങ്ങള്‍ വിവരക്കേടുകൊണ്ട് എഴുതിവിട്ടതും. വകുപ്പുസെക്രട്ടറിമാരോ അവരുടെ നോമിനികളോ അക്കാദമി യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് എഴുതിവച്ചത് സര്‍ക്കാരല്ലേ? ആ നിലയ്ക്ക് അതുറപ്പുവരുത്തേണ്ടത് സാംസ്കാരിക വകുപ്പിന്റെ ചുമതലയല്ലേ. സാംസ്കാരികമന്ത്രി നിര്‍ദ്ദേശം കൊടുക്കേണ്ടത് ആ വകുപ്പിനല്ലേ? യോഗങ്ങളുടെ അജണ്ടയും യോഗതീരുമാനങ്ങളും യഥാവസരം അക്കാദമി സര്‍ക്കാരിന് കാലങ്ങളായി അയച്ചുകൊടുക്കുന്നുണ്ടല്ലോ. വിവിധതരം ഓഡിറ്റ് റിപ്പോര്‍ട്ടുകളും സര്‍ക്കാരില്‍ എത്തിക്കുന്നുണ്ട്. അതൊന്നും മറിച്ചുനോക്കുക പോലും ചെയ്യാതെ വെറും വിടുവായത്തം ഉത്തരവായി പുറപ്പെടുവിക്കുന്നത് നിരുത്തരവാദപരംതന്നെ. ഉത്തരവില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതും അവരുടെ അഭിപ്രായങ്ങളില്‍ കത്തിവയ്ക്കുന്നതുമാണ്. അതൊന്നും അറിയാത്ത മട്ടില്‍ അക്കാദമി പ്രസിഡന്റ് മലര്‍ന്നുകിടന്നു തുപ്പുന്നത് പരിതാപകരംതന്നെ. അതൊഴിവാക്കി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് അക്കാദമിയുടെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയാണ് സച്ചിദാനന്ദന് ചെയ്യേണ്ടത്. പറഞ്ഞ കാര്യങ്ങളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിനു തയ്യാറാകണം. അധികാരത്തിന്റെ സുഖത്തില്‍ ആനന്ദം കണ്ടെത്തുന്ന സച്ചിദാനന്ദനില്‍നിന്ന് അത്തരമൊരു പ്രവൃത്തി പ്രതീക്ഷിക്കാനാവില്ല.
(സാഹിത്യവിമര്‍ശം മാസികയുടെ എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: