അംബികാദേവി കൊട്ടേക്കാട്ട്
ആത്മജ്ഞാനത്തിന്റെ ഉറവിടമായ ഭാരതഖണ്ഡത്തില്‍ പുരാതനകാലത്ത് എല്ലാവരും നിഷ്ഠയോടെ അനുഷ്ഠിച്ചിരുന്നതാണ് അമാവാസ്യോപാസന. പിതൃബലിക്ക് വിശേഷപ്പെട്ട ദിവസമാണ് അമാവാസി.
പ്രിയപ്പെട്ടവരുടെ ദേഹവിയോഗദുഃഖം മനസ്സിനെ പിടിവിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും. പല കാരണങ്ങളെകൊണ്ടും കാലഗതി പൂകിയവരോട്, അവര്‍ ജീവിച്ചിരുന്നപ്പോള്‍ പലപ്പോഴും നീതികാണിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. മടക്കമില്ലാത്ത ലോകത്തേക്ക് പോയവരുടെ ആത്മശാന്തിക്കായി പിതൃപൂജകളല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. മനസ്സിലെ വേവലാതിയും, പൂര്‍വികരോടുള്ള കടമ നിറവേറ്റാന്‍ കഴിയാത്ത നീറ്റലും പാപചിന്തയുമെല്ലാം ഒരു നുള്ള് എള്ളും പൂവും ജലവും ശ്രദ്ധയോടെ സമര്‍പ്പിച്ചാല്‍ കെട്ടടങ്ങും. അശാന്തമായ മനസ്സാകട്ടെ വലിയൊരു ദൗത്യം ചെയ്തു എന്ന് ചാരിതാര്‍ത്ഥ്യമടയുന്നു. മാംസചക്ഷുസ്സുകൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കിലും തങ്ങള്‍ ചെയ്ത ബലി കര്‍മ്മങ്ങളാല്‍ പിതൃക്കള്‍ക്ക് ഊര്‍ദ്ധ്വലോകപ്രാപ്തിയും ആത്മശാന്തിയും ലഭിച്ചിട്ടുണ്ടാകുമെന്നും പിതൃശാപങ്ങള്‍ മാറി അവരുടെ അനുഗ്രഹത്താല്‍ ജീവിതസൗഖ്യങ്ങള്‍ അനായാസം കൈവരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, ഈ പവിത്രകര്‍മ്മങ്ങള്‍ മനഃശുദ്ധീകരണത്തിനും, ആത്മീയഉന്നതിക്കും സഹായകവുമാകുന്നു. മരണാനന്തരം പരലോകമുണ്ടെന്നും അവിടെ, ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശുഭാശുഭ കര്‍മ്മങ്ങളുടെ സ്വഭാവമനുസരിച്ച്, ഗുണദോഷസമ്മിശ്രഫലങ്ങള്‍ ഭൂജിക്കേണ്ടിവരുമെന്നുള്ള ചിന്ത മനുഷ്യനെ നേരായമാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒരുനാള്‍ നമ്മളും ഈ ഭൂമി ഉപേക്ഷിച്ചു പോകേണ്ടവരാണെന്ന ബോധം ഉള്ളിലെപ്പോഴുമുണ്ടാകണം. പരദ്രോഹചിന്തയില്ലാതെ പുലരുന്നവര്‍ക്ക് ഏതു വൈതരണിയും മറികടക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. ജീവന്റെ ഗതി ധര്‍മ്മാധര്‍മ്മങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഭൗതികദേഹം മണ്ണോടു ചേരുമ്പോള്‍ ഭൂമിയോടുള്ള ബന്ധം അവസാനിക്കുമെങ്കിലും ജീവാത്മാവിന് പരലോക പ്രാപ്തിയും മോക്ഷവും ലഭിക്കേണ്ടതുണ്ട്. അതിനായി പരേതന്റെ വംശപരമ്പരയില്‍ പെട്ടവര്‍ പിതൃബലി അനുഷ്ഠിക്കണം. നേത്രഗോചരമല്ലെങ്കിലും ഊഷ്മളമായ ഒരാത്മ ബന്ധം പിതൃക്കളോട് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പുണ്യകര്‍മ്മങ്ങള്‍ നമുക്കു തുണയാകുന്നു. അവരുടെ സാമീപ്യം അനുഭവവേദ്യമാകുന്ന പലസന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകാറുണ്ടല്ലോ.
പിതൃബലി ഇതിഹാസങ്ങളില്‍
പൗരാണികകാലം മുതല്‍ ഹൈന്ദവര്‍ അമാവാസി വ്രതമെടുത്ത് പൂര്‍വപിതാക്കള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നു. ഭാഗീരഥമഹാരാജന്‍ അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ പെട്ട പിതൃക്കളുടെ മോക്ഷത്തിനായി കഠിനതപം ചെയ്ത്, ആകാശഗംഗയെ ഭൂമിയിലേക്കാനായിച്ചു. തങ്ങളുടെ പിതൃമോക്ഷത്തിനായി പിന്‍ഗാമികള്‍ ഏതറ്റംവരെ പോകുമെന്ന് മഹാഭാരതം ചൂണ്ടിക്കാണിക്കുന്നു. പിതൃബലിയെപ്പറ്റി രാമായണത്തിലും പറയുന്നുണ്ട്. വിശ്വാമിത്രമഹര്‍ഷി അമാവാസി തോറും പിതൃ പ്രീത്യര്‍ത്ഥം നടത്തിയിരുന്ന ബലിയജ്ഞങ്ങള്‍ മുടക്കിയിരുന്ന നിശാചരന്മാരെ അമര്‍ച്ച ചെയ്യുന്നതിന് അയോദ്ധ്യാപതി, ദശരഥമഹാരാജന്റെ നന്ദനന്മാരായ രാമലക്ഷ്മണന്മാരെ
കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. രാമചന്ദ്രപ്രഭുവും പിതാവിന്റെ ഊര്‍ദ്ധ്വലോക പ്രാപ്തിക്കായി പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകംതന്നെയാണ് പിതൃയജ്ഞങ്ങള്‍.
പുഴകളെല്ലാം ഗംഗയാകുന്ന നാള്‍
പിതൃകര്‍മ്മങ്ങള്‍ക്കായി കേരളത്തില്‍ ചില ക്ഷേത്രങ്ങളും സ്ഥലങ്ങളും പണ്ടേ പ്രസിദ്ധമാണ്. തിരുവല്ലം പരശുരാമക്ഷേത്രം, നിളാതീരത്തുള്ള നാവാമുകുന്ദക്ഷേത്രം ത്രിമൂര്‍ത്തി സാന്നിദ്ധ്യമുള്ള തിരുനെല്ലി പെരുമാള്‍ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്. പാപനാശിനിയിലും, പമ്പയാറിലും, ആലുവാപ്പുഴയിലും എല്ലാം പിതൃമോക്ഷാര്‍ത്ഥം ഉദകക്രിയകള്‍ ചെയ്യുന്നുണ്ട്. ദക്ഷിണഭാരതത്തില്‍ രാമേശ്വരം മുതല്‍ ഉത്തരേന്ത്യയില്‍ വാരാണസി തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളിലും ആബാലവൃദ്ധം അനുഷ്ഠിക്കുന്ന ഈ കര്‍മ്മം, ഹൈന്ദവ ആചാരങ്ങളില്‍പരമപ്രാധാനമാകുന്നു.
കര്‍ക്കടകവാവിന് സ്വഗൃഹത്തിലും, തുലാമാസത്തിലെ കറുത്തവാവിന് സമുദ്ര തീരത്തും, മഹാശിവരാത്രിക്കാലത്ത് പുഴകളിലും ബലികര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമാണെന്നൊരു വിശ്വാസം നിലവിലുണ്ട്. ഈ പുണ്യദിനങ്ങളില്‍ തങ്ങളുടെ പിതൃക്കളെയോര്‍ക്കാത്ത ഒരുഹിന്ദുവും ഉണ്ടാവില്ല. ആ സ്മരണകളും അവര്‍ക്കുള്ള സായൂജ്യപൂജകളാകുന്നു. അവരുടെ സദ്പ്രവൃത്തികള്‍ മാത്രം ചിന്തിച്ച് അവരെ കര്‍മ്മവിപാകത്തില്‍ നിന്നും മുക്തരാക്കേണ്ടതാണ്.
ശിവരാത്രിനാളില്‍ ശിവക്ഷേത്രത്തില്‍ ജനങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ ഉറക്കമൊഴിഞ്ഞ് പിതൃമോക്ഷത്തിനായി ശിവ പഞ്ചാക്ഷരി ജപിച്ച്, പുഴയില്‍ മുങ്ങി തിലോദകകര്‍മ്മങ്ങള്‍ ചെയ്യുന്നു. ദീപാവലി ആഘോഷം നടക്കുമ്പോഴും അമാവാസിയില്‍ സമുദ്ര തീരത്ത് പിതൃബലിയര്‍പ്പിക്കുവാന്‍ വ്രതംനോറ്റ് ജനങ്ങളെത്തുന്നു. വേദേതിഹാസങ്ങള്‍ ഇഴുകിച്ചേര്‍ന്ന ഭാരതഭൂവിലെ എല്ലാ പുഴകളും സമുദ്രങ്ങളും പിതൃമോക്ഷാര്‍ത്ഥം ഗംഗയാകുന്ന പുണ്യദിനമാണ് കര്‍ക്കടക അമാവാസി. മനുഷ്യ ശരീരത്തിന്റെ ഒരംശം ഭാഗീരഥിയില്‍ പതിക്കുകയാണെങ്കില്‍ പിന്നെ ആ ജീവാത്മാവിന് ജനനമരണപുനരാവൃത്തിയുണ്ടാവുകയില്ലെന്നാണ് പുരാണമതം. അത്ര മഹാത്മ്യമുള്ള മാന്ദാകിനിയില്‍ ബലിതര്‍പ്പണങ്ങള്‍ ചെയ്യുന്നത് അവനവനും പിതൃക്കള്‍ക്കും ഒരു പോലെ പുണ്യദായകമാണ്.
പിതൃസായൂജ്യത്തിനായി അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെല്ലാം അനന്തരതലമുറയെ പുഷ്ടിപ്പെടുത്തുന്നു. സനാതനധര്‍മ്മത്തിലെ ആചാരാ നുഷ്ഠാനങ്ങളെല്ലാം തന്നെ മനുഷ്യ പുരോഗതിക്കും, നിലനില്പ്പിനും, സൗഖ്യത്തിനും വേണ്ടി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാകുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിലെ വൈവിദ്ധ്യമാര്‍ന്ന ആചാരങ്ങള്‍, ആധുനിക സംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ മണ്ണടിയാതെ സംരക്ഷിക്കാന്‍ ഓരോ ഹൈന്ദവനും സര്‍വാത്മനാ ശ്രദ്ധയോടെ വസിക്കണം. സനാതന ധര്‍മ്മത്തിലെ മഹത്തായ ആചാരങ്ങളെല്ലാം ആചന്ദ്രതാരം നിലനില്‍ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: