ന്യൂദല്‍ഹി: പൊതു സിവില്‍ കോഡിന്മേല് ശ്രദ്ധിച്ചു മാത്രം വിമര്‍ശനം മതിയെന്ന് കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ നിയമവിദഗ്ധരായ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്വി, സല്മാന് ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ് തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ കരട് ബില്‍ അവതരിപ്പിച്ച ശേഷം മാത്രം സിവില്‍ കോഡ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനാണ് ഇവരുടെ നിര്‍ദേശം. ബില്‍ എന്തെന്ന് പോലും അറിയാതെ വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തിരിച്ചടി നല്‍കിയേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധിച്ചു നീങ്ങാന്‍ നിര്‍ദ്ദേശം.
സങ്കീര്‍ണ്ണമായ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള പ്രതികരണങ്ങള്‍ വേണമെന്നും നിലപാട് സ്വീകരിക്കും മുമ്പ് വിവിധ വശങ്ങള് പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദ്ദേശിച്ചു. തിടുക്കപ്പെട്ട് പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് തിരിച്ചടിയാവുമെന്നും ഇവര്‍ പറയുന്നു. വിവിധതരം വ്യക്തിനിയമങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും പൊതു സിവില്‍ കോഡ് വരുന്നതോടെ രാജ്യത്തിന്റെ ഈ സവിശേഷത ഇല്ലാതാകുമെന്നും പാര്‍ട്ടി പ്രചാരണം നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
മുസ്ലിം വ്യക്തിനിയമത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതു നിയമം നടപ്പാക്കും മുമ്പ് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ എല്ലാവര്ക്കും കേന്ദ്ര നിയമ കമ്മിഷന് മുന്നില്‍ സ്വന്തം നിലപാടുകള്‍ അറിയിക്കാന്‍ അവസരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. നിയമ കമ്മിഷന് മുമ്പാകെ അഭിപ്രായം പറയാനുള്ള അവസരം ജൂലൈ 15 വരെയായിരുന്നുവെങ്കിലും ജൂലൈ 28 വരെ ഇതു നീട്ടിയിട്ടുണ്ട്. ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 11ന് സമാപിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പൊതു സിവില്‍ കോഡ് അവതരിപ്പിച്ചേക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: