ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കും. ഇടഞ്ഞുനിന്ന ആംആദ്മി പാര്‍ട്ടി അടക്കം പങ്കെടുക്കുന്നുണ്ട്. ദല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് ആപ്പിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആപ്പ് യോഗത്തിനെത്തുന്നത്. ബംഗാള്‍, ബീഹാര്‍ മുഖ്യമന്ത്രിമാരും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രണ്ടു ദിവസത്തെ യോഗത്തിനെത്തും. പതിനഞ്ച് പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ എന്‍ഡിഎയുടെ സുപ്രധാന യോഗം ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേരും. ചാണക്യപുരിയിലെ ഹോട്ടല്‍ അശോകിലാണ് യോഗം.
കൂടുതല്‍ ഘടകകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും. അപ്രതീക്ഷിത നേതാക്കളുടെ സാന്നിധ്യവും കണക്കുകൂട്ടുന്നു. പൊതു സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങളില്‍ എന്‍ഡിഎ യോഗത്തില്‍ ചര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. വര്‍ഷകാല സമ്മേളനത്തിലെ അജണ്ടകളും ലോക്സഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.
എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, ബീഹാറിലെയും യുപിയിലെയും ചെറുകക്ഷികളുടെ പ്രതിനിധികള്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിന്‍ഡെ, എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍, ആന്ധ്രാപ്രദേശിലെ ജന്‍സേനാ നേതാവ് പവന്‍ കല്യാണ്‍ എന്നിവരെല്ലാം യോഗത്തിലെത്തും. മുപ്പതോളം പാര്‍ട്ടികളെയാണ് എന്‍ഡിഎ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: