ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 24-ാം പതിപ്പിന് ബാങ്കോക്കിലെ സുഫാചലാസായി നാഷണല്‍ സ്റ്റേഡിയത്തില്‍ പരിസമാപ്തി. അഞ്ച് ദിവസം നീണ്ടു നിന്ന മത്സരത്തിലൂടെ ഇന്ത്യന്‍ അത്ലറ്റിക്സ് പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ശുഭസൂചന പ്രകടമാക്കിയാണ് അവസാനിക്കുന്നത്. നാല് വര്‍ഷം മുമ്പ് ദോഹയിലേതിനെക്കാള്‍ ഇരട്ടി നേട്ടങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.
ഇതുവരെയുള്ള ഏഷ്യന്‍ അത്ലറ്റിക്സിന്റെ പതിപ്പുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 2017ലായിരുന്നു. ഭൂവനേശ്വറില്‍ നടന്ന അന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ പത്ത് സ്വര്‍ണമടക്കം 29 മെഡലുകളുമായി ഒന്നാം സ്ഥാനക്കാരായി. അന്ന് ആതിഥേയ രാജ്യം എന്ന അനുകൂല ഘടകം കൂടിയുണ്ട്. എന്നാല്‍ അതിനോട് ഒപ്പം നില്ക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഇത്തവണത്തെ പ്രകടനം. ആറ് സ്വര്‍ണമടക്കം 27 മെഡലുകളാണ് നേടിയത്. 12 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടുന്നു.
2017ലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം 2019ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സില് ഇന്ത്യയുടെ ഗ്രാഫ് വല്ലാതെ താഴ്ന്നു. രണ്ട് സ്വര്‍ണമടക്കം 16 മെഡലുകളേ അന്ന് നേടിയുള്ളൂ. ഇത്തവണ അതിന്റെ ഇരട്ടിനേട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.
16 സ്വര്‍ണമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ മുന്നില്‍. ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസം വരെ സ്വര്‍ണനേട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമായിരുന്ന ചൈന ഇന്നലെ രണ്ട് സ്വര്‍ണം കൂടി നേടി. പട്ടികയിലെ രണ്ടാം സ്ഥാനക്കാരയ ചൈനയ്ക്ക് എട്ട് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 22 മെഡലുകളാണുള്ളത്.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇന്ത്യയ്്ക്ക് സ്വര്‍ണമൊന്നുമില്ല. പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ കൃഷ്ണകുമാര്‍ വെള്ളി നേടിയപ്പോള്‍ ഇതേ ഇനത്തിന്റെ വനിതാ മത്സരത്തില്‍ ചന്ദ വെള്ളി നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്കായി പരുള്‍ ചൗധരി വെള്ളി നേടി. താരം നേരത്തെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമിയും വെള്ളി നേടി. 4-400 മീറ്ററില്‍ പുരുഷ റിലേയില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടി. അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മിജോ ചാക്കോ കുര്യന്, രാജേഷ് രമേഷ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ റിലേ ടീം. 4-400 മീറ്റര്‍ വനിതാ റിലേയില്‍ ഇന്ത്യ വെങ്കലം നേടി. റിസോന മല്ലിക് ഹീന, ഐശ്വര്യ കൈലാഷ് മിശ്ര, ജ്യോതിക ശ്രീ ദന്ദി, ശുഭ വെങ്കിടേശന് എന്നിവരടങ്ങുന്നതാണ് വനിതാ റിലേ ടീം.
അവസാന ദിനത്തില്‍ ഇന്ത്യയുടെ മറ്റ് മെഡല്‍ നേട്ടങ്ങള്‍: അഭാ ഖട്ടുവ-വെള്ളി(വനിതാ ഷോട്ട്പുട്ട്), ഡി.പി. മനു- വെള്ളി(ജാവലിന്‍ത്രോ), ജ്യോതി യറാജി-വെള്ളി(200 മീറ്റര്‍), വികാസ് സിങ്- വെങ്കലം(20 കിലോമീറ്റര്‍ നടത്തം), അങ്കിത- വെങ്കലം(5000 മീറ്റര്‍), ഗുല്‍വീര്‍ സിങ്- വെങ്കലം(പുരുഷന്മാരുടെ 5000 മീറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: