ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സൗത്ത് സോണ്‍ ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ അവസാന ദിനം വെസ്റ്റ് സോണിനെ 75 റണ്‍സിന് തോല്‍പ്പിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് സൗത്ത് സോണ്‍ ദുലീപ് ട്രോഫിയില്‍ ജേതാക്കളാകുന്നത്.
ഫൈനലിന്റെ അവസാന ദിവസമായ ഇന്നലെ വെസ്റ്റ് സോണിന് അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കെ 116 മതിയായിരുന്നു. തലേദിവസം 92 റണ്‍സെടുത്ത് വിരോചിത പ്രകടനം കാഴ്ചവച്ച വെസ്റ്റ് സോണ്‍ നായകന് പ്രിയങ്ക് പഞ്ചാല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പെട്ടെന്ന് പുറത്തായി. മൂന്നാം ഓവര്‍ എറിഞ്ഞ കാവേരപ്പയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിക്കി ബൂയിക്ക് പിടി നല്‍കുകയായിരുന്നു. സെഞ്ച്വറിക്ക് അടുത്തെത്തിയ പഞ്ചാല്‍ 95 റണ്‍സുമായി പുറത്തായതോടെ ടീം തകര്‍ന്നു. നാലാം ദിനംപിരിയാറാകുമ്പോള് വിലപ്പെട്ട വിക്കറ്റായ സര്‍ഫറാസ് ഖാന്(48) വീണതോടെ കാര്യങ്ങളില്‍ ഏകദേശം തീരുമാനമായതാണ്.
ഒറ്റയാന് പോരാട്ടം തുടര്‍ന്ന പഞ്ചാല്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീം ടോട്ടല്‍ 189 റണ്‍സിലെത്തിയപ്പോള്‍ പുറത്തായത് പ്രതീക്ഷകള്‍ ഇല്ലാതാക്കി. പിന്നീട് വെറും 33 റണ്‍സേ വെസ്റ്റ് സോണിന് നേടാന്‍ സാധിച്ചുള്ളൂ. അതിനകം നാല് വിക്കറ്റുകളും വീഴ്ത്തി സൗത്ത് സോണ്‍ ഇത്തവണത്തെ ജേതാക്കളായി.
സ്കോര്‍: സൗത്ത് സോണ്‍- 213, 230; വെസ്റ്റ് സോണ്‍- 146, 222
പഞ്ചാലിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയ വിധ്വത് കാവേരപ്പ ആദ്യ ഇന്നിങ്സില്‍ കൈവരിച്ച ഏഴ് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ ഫൈനലിന്റെ താരമായി. അവസാന രണ്ട് മത്സരങ്ങളിലും മികച്ചു നിന്ന കാവേരപ്പയാണ് മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: