വി. കെ. പ്രിയന്
പുതുക്കാട്: വരന്തരപ്പിള്ളിയില്‍ ഭര്‍ത്താവിന് നെഞ്ചില്‍ മുറിവേറ്റതു മുതല്‍ നിഷ സ്വന്തം ഭാഗം ന്യായീകരിക്കുംവിധം മൊഴി രൂപപ്പെടുത്തുകയും അത് കൂസലില്ലാതെ പറയുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞ വിനോദിനെക്കൊണ്ട് ഇതേ മൊഴി ശരിവെപ്പിക്കാനും നിഷക്ക് കഴിഞ്ഞു. മരണത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന ഉറപ്പും ഭാര്യയെ കേസില്‍ നിന്ന് രക്ഷിക്കണമെന്ന ആഗ്രഹവും മൂലം വിനോദ് നിഷയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പിടിവലിക്കിടെ ഭര്‍ത്താവിനെ കുത്തിയതു മുതല്‍ നിഷ കുറ്റം മറയ്ക്കാനും തെളിവു നശിപ്പിക്കാനുമാണ് ശ്രമിച്ചത്. ആശുപത്രിയിലും മരണാനന്തര ചടങ്ങുകളിലും ഭാവഭേദമില്ലാതെ പങ്കെടുത്ത നിഷ പിടിവലിക്കിടെ വീണ വിനോദിന് നെഞ്ചില്‍ മുറിവേറ്റു എന്നാണ് ആദ്യം പറഞ്ഞത്.
എന്നാല്‍ പോലീസിനും നാട്ടുകാര്‍ക്കും നിഷയുടെ മൊഴിയില്‍ സംശയം തോന്നിയിരുന്നു. രാത്രിയില്‍ വഴക്കിട്ട നിഷയും വിനോദും വിനോദിന്റെ അമ്മ വന്നന്വേഷിച്ചപ്പോള്‍ ശാന്തമായാണ് മറുപടി പറഞ്ഞത്. ഈ സമയത്ത് വിനോദിന് കുത്തേറ്റിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രിയില്‍ വിനോദിന്റെ അമ്മയും സഹോദരിയും മകളും കൂടെയുണ്ടായിരുന്നെങ്കിലും നിഷ ഇവരില്‍ നിന്നെല്ലാം വിദഗ്ധമായി സംഭവം മറച്ചു. ഇടയ്ക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നിഷ തെളിവുകളും നശിപ്പിച്ചു.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയോടെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നിഷയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. പോലീസിനോടും ആദ്യ മൊഴി ആവര്‍ത്തിച്ച നിഷ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: