‘ബാലക! പുത്രന്‍, ഭാര്യ എന്നീ വിഷയത്തിലെ ആഗ്രഹമാകുന്ന മാലിന്യം ലവലേശംപോലും ഇല്ലാത്തതായി വളരെയധികം സ്വച്ഛഭാവയുക്തമായീടുന്ന അന്തഃകരണംകൊണ്ടു സംഭ്രമമൊക്കെ ദൂരെനീക്കി ഹൃദയമാകുന്ന താമരയുടെ മദ്ധ്യമായീടുന്ന ആത്മാവിങ്കല്‍ എന്നും നന്നായി ആനന്ദമേറ്റമാര്‍ന്നു നീ വസിച്ചാലും; സൂര്യന്‍ ഉദിക്കുന്ന നേരത്ത് ഭൂതലം പ്രകാശത്തെ പ്രാപിച്ചീടുന്നപോലെ.’ ഈവണ്ണം പുണ്യംചേര്‍ന്ന വാക്കുകള്‍ കേട്ടനേരം പാവനന്‍ പ്രബോധത്തെ പ്രാപിച്ചു.
രാഘവ! പിന്നെ ജ്ഞാനവിജ്ഞാനപാരഗന്മാരായ, സിദ്ധന്മാരായ രണ്ടുപേരും ആ കാട്ടില്‍ത്തന്നെ സസുഖം വാണു. ഇതു നീ ഉള്ളില്‍ നന്നായി ധരിച്ചാലും. പണ്ടനുഭവിച്ച ദേഹസംബന്ധമായുണ്ടാകുന്ന ബന്ധുസ്‌നേഹത്തിന് അളവില്ല. അതിനെ സ്വീകരിക്കുന്നതോ ത്യജിക്കുന്നതോ നല്ലതെന്നു നന്നായി ചിന്തിക്കുക. ഇന്ധനംകൊണ്ട് അഗ്നിയെന്നതുപോലെ, ചിന്തചെയ്യുന്നതുകൊണ്ടുതന്നെ ചിന്ത വര്‍ദ്ധിച്ചീടുന്നു. ചിന്തനമില്ലെന്നാകില്‍ ചിന്തയില്ലാതെയാകും, ഇന്ധനമില്ലെന്നാകില്‍ അഗ്നിയെന്നതുപോലെ. രാഘവ! ധ്യേയത്യാഗമായീടും തേരില്‍ നീ കേറിയിരുന്നു കരുണാദൃഷ്ടിയോടെ ലോകത്തെനോക്കിക്കണ്ടു സൗഖ്യമായി വസിച്ചാലും: വൈകാതെ ജീവന്മുക്തനാകാന്‍ ശ്രമിച്ചാലും. കാമമില്ലല്പംപോലും, മായമിതിലില്ല; താമരസാക്ഷ! ഈ ബ്രഹ്മസ്ഥിതിസ്വസ്ഥയാണ്. മൂഢനായീടുന്നവനെങ്കിലും നന്നായതിനെ പ്രാപിക്കുകില്‍ ഒട്ടും മോഹിച്ചീടുകയില്ല. സകലാര്‍ത്ഥങ്ങളെയും സര്‍വബന്ധുക്കളെയും അകലെക്കളഞ്ഞ തന്റെ ധൈര്യമൊന്നല്ലാതെ ഓര്‍ത്താല്‍ ആതങ്കത്തിങ്കല്‍നിന്നു കരകേറ്റുന്നതിനു യാതൊന്നും ഇതിനില്ല എന്നതില്‍ അല്പംപോലും തര്‍ക്കമില്ല.
വൈരാഗ്യംകൊണ്ടും നല്ല അദ്ധ്യാത്മശാസ്ത്രംകൊണ്ടും മഹത്വാദി സത്ഗുണങ്ങളെക്കൊണ്ടും മാനവേശ്വരസൂനോ! നന്നായി പ്രയത്‌നിച്ച് മനസ്സിനെ പെട്ടെന്നു ഉപേക്ഷിക്കണം. നല്ല മഹത്വത്താല്‍ പോഷണംചെയ്യപ്പെട്ട ചേതസ്സ് ഏതുമാതിരിയായ ഫലത്തെ തന്നീടുന്നു, രത്‌നധാരിയായീടുന്ന കോശം (ധനമുള്ള അറ) ത്രൈലോകൈ്യശ്വര്യം എന്നിതൊന്നും ആവിധമായ ഫലമേകുകയില്ല. മനസ്സു സമ്പൂര്‍ണമായിരിക്കുമ്പോള്‍ അമൃതദ്രവങ്ങളാല്‍ പൂര്‍ണമായ ലോകമെല്ലാം കാലില്‍ നല്ല ചെരിപ്പിട്ട പുരുഷനു ഭൂലോകം തോലുകൊണ്ടു പൊതിഞ്ഞതെന്നു തോന്നുംപോലാകും. വൈരാഗ്യംനിമിത്തം മനസ്സു പൂര്‍ണത്വമാര്‍ന്നീടുന്നു. ആശയുടെ ഒപ്പം സഞ്ചരിക്കുന്ന മനസ്സ് ഒരു ലേശവും പൂര്‍ണതയെ പ്രാപിച്ചീടുന്നില്ല. തടാകത്തിലെ വെള്ളം വേനല്‍ക്കാലത്തിലെന്നപോലെ, ആശയാല്‍ ശൂന്യതയെ പ്രാപിച്ചീടുന്നു. കുംഭസംഭവനായ മുനിയാല്‍ മഞ്ഞനിറംപൂണ്ട സമുദ്രം പോലെ, നല്ലവണ്ണം തൃഷ്ണയെ കൈക്കൊണ്ടിരിക്കുന്നതായ ഹൃദയം ശൂന്യതയെ പ്രാപിച്ചുകൊണ്ടീടുന്നു. പൂര്‍ണചന്ദ്രനും ലക്ഷ്മീദേവിയുടെ മുഖവും പൂര്‍ണമായ പാലാഴിയും ആശാരഹിതമായ മാനസമെന്നപോലെ ശോഭിച്ചീടുകയില്ല. ചന്ദ്രനെ മേഘമെന്നപോലെയും കുമ്മായത്താല്‍ മിന്നുന്ന ഭിത്തിയെ മഷിയെന്നപോലെയും ഏറ്റവും ആശയാകുന്ന പിശാചിക നല്ലോരു മനുഷ്യനെ വല്ലാതെ കേടുവരുത്തീടുന്നു. ആശയെല്ലാം കളഞ്ഞു നീ മഹാത്മാവായി സംസാരബന്ധം വിട്ടു മുക്തനായി ഭവിച്ചാലും. മനസ്സിലുള്ള കുത്സിതാശകള്‍ നീങ്ങീടുകില്‍ ഭൂതലത്തില്‍ ആരു മുക്തനാവുകയില്ല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: