പുതുക്കാട്: വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് ശിവജി നഗര്‍ പറമ്പത്ത് വിനോദ് (43) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിഷ (42) യെ പോലീസ് അറസ്റ്റ് ചെയ്തു.
വാക്കുതര്‍ക്കത്തിനിടെ നിഷ വിനോദിനെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വിനോദ് മരിച്ച ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ ഫോണ്‍ വിളിയില്‍ സംശയം തോന്നിയ വിനോദ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതാണ് തര്‍ക്കത്തിനിടയാക്കിയത്. കുത്തേറ്റ് വീണ വിനോദിനെ രണ്ടര മണിക്കൂറിന് ശേഷമാണ് നിഷ വീട്ടുകാരെ കൂട്ടാതെ ഓട്ടോ വിളിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് കലഹത്തിനിടയാക്കിയത്. തര്‍ക്കത്തിനിടെ നെഞ്ചില്‍ കുത്തേറ്റ വിനോദ് തളര്‍ന്നു വീഴുകയായിരുന്നു. ഈ സമയം സമീപത്ത് താമസിക്കുന്ന വിനോദിന്റെ അമ്മ ഇവരുടെ വീട്ടിലെത്തിയെങ്കിലും നിഷ അവരെ അറിയിക്കാതെ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ നിഷ തെളിവുകളെല്ലാം നശിപ്പിക്കുകയും സംഭവസമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെയ്തു.
പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്.
അസ്വാഭാവിക മരണത്തിന് വരന്തരപ്പിള്ളി പോലീസ് കേസെടുത്തിരുന്നു. പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. ശനിയാഴ്ച രാവിലെ വിനോദിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നിഷയെ പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മൊഴി മാറ്റി പറഞ്ഞ നിഷ പിന്നീട് കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. വരന്തരപ്പിള്ളി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വിനോദിന്റെ മരണം കൊലപാതകമെന്ന് തെളിയിച്ചത്. എസ്എച്ച്ഒ എസ്. ജയകൃഷ്ണന്, എസ്ഐമാരായ സി.സി. ബസന്ത്, എ.വി. ലാലു, ജോഫി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: