മയാമി : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേരാന്‍ യുഎസിലെത്തിയപ്പോഴാണ് അപകടം. മയാമിയിലെ ഒരു ട്രാഫിക് സിഗ്നലില്വച്ചാണ് മെസ്സി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടാതെ രക്ഷപെട്ടത്.
മെസ്സി സഞ്ചരിച്ചിരുന്ന വാഹനവും പോലീസിന്റെ സുരക്ഷാ വാഹനവും ട്രാഫിക് സിഗ്നല്‍ പാലിക്കാതെ റോഡിലേക്കു കയറിയതാണ് അപകടത്തിന് കാരണം. അപ്രതീക്ഷിതമായി റോഡിലേക്കു വാഹനം കയറിയതോടെ മറ്റു വാഹനങ്ങള്‍ സ്ലോ ചെയ്തതിനാല്‍ അപകടം ഒഴിവായി. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
എന്നാല്‍ മെസ്സിയാണോ വാഹനമോടിച്ചതെന്ന് വ്യക്തമല്ല. മയാമി ക്ലബില്‍ ചേരുന്നതിനായി കഴിഞ്ഞ ദിവസമാണ് മെസ്സി യുഎസിലെത്തിയത്. ഫ്ളോറിഡയില്‍ വിമാനമിറങ്ങിയ മെസ്സി കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ യാതൊരു സുരക്ഷയുമില്ലാതെ പോയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് മെസ്സിയെ ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലെ മെസ്സിയുടെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്കെറ്റ്സും ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് വിവരമുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടാണ് ലയണല്‍ മെസ്സി യുഎസിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: