മുംബൈ: 2023 ലെ പ്രിയപ്പെട്ട അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബയ് ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്‌എംഐഎ) നാലാം സ്ഥാനം നേടി. യുഎസ് ട്രാവല്‍ മാസികയായി ‘ട്രാവൽ ആൻഡ് ലെഷർ’ നടത്തിയ വായനക്കാരുടെ സര്‍വ്വേയിലാണ് വ്യവസായി ഗൗതം അദാനി നടത്തുന്ന ഈ വിമാനത്താവളം നാലാം സ്ഥാനത്തെത്തിയത്.
74 ശതമാനം ഓഹരി കയ്യാളിയ അദാനി ഗ്രൂപ്പാണ് ഇപ്പോള്‍ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഉടമസ്ഥതയും. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് ഇപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ 26 ശതമാനം ഉടമസ്ഥതയേ ഉള്ളൂ. 2020ല്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഹൈദരാബാദ് കേന്ദ്രമായ ജിവികെ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന 50 ശതമാനം ഓഹരികള്‍ അദാനിയുടെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് വാങ്ങിയിരുന്നു. പിന്നീട് 2021ല്‍ മുംബൈ വിമാനത്താവളത്തിന്റെ മറ്റൊരു 24 ശതമാനം ഓഹരി എയര്‍പോര്‍ട്ട് കമ്പനി ഓഫ് സൗത്ത് ആഫ്രിക്ക ആന്‍റ് ബിഡ് വെസ്റ്റില്‍ നിന്നും 1685 കോടിയ്‌ക്ക് വാങ്ങിയിരുന്നു.
സിംഗപ്പൂരിലെ ചംഗി എയര്‍പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ ഹമദ് ഇന്‍റര്‍നാഷണല്‍ എയ്രപോര്‍ട്ട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യന്‍ വിമാനത്താവളവുമാണ് മുംബൈയിലേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില‍് നിന്നുള്ള ഏകദേശം 165,000 പേരാണ് ഈ സർവേയിൽ പങ്കെടുത്തിരുന്നു.
വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം, ചെക്ക്ഇൻ & സെക്യൂരിറ്റി, റെസ്റ്റോറന്റുകൾ & ബാറുകൾ, ഷോപ്പിംഗ്, ഡിസൈൻ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. അദാനി എന്ന വ്യവസായസംരംഭകന്റെ മിടുക്ക് കൂടിയായി ഈ നേട്ടത്തെ വിലയിരുത്തുന്നു. കാരണം ഒരു ബിസിനസ് എങ്ങിനെ പ്രൊഫഷണലായി നടത്തിക്കൊണ്ടുപോകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നാലാം റാങ്ക്.
വിശ്വോത്തരമായ ആതിഥ്യമര്യാദയും അസാധാരണമായ യാത്രാനുഭവവും സമ്മാനിക്കുന്ന മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ സംസ്‌കാരത്തെ സുന്ദരമായി പ്രദർശിപ്പിക്കുക മാത്രമല്ല യാത്രക്കാര്‍ക്ക് അതിന്റെ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നുണ്ട് ഈ വിമാനത്താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: