തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയ്ക്ക് വകുപ്പുമേധാവി സ്ഥാനം നല്കാതിരിക്കാന് നിയമഭേദഗതിയുമായി മുന്നോട്ട് പോകാന്‍ സിന്‍ഡിക്കേറ്റ്. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് അധ്യാപികയ്ക്ക് വകുപ്പ് മേധാവിസ്ഥാനം നല്‍കണ്ടെന്ന മുന്‍ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. വകുപ്പു മേധാവിയാക്കണമെന്ന് റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചറിലെ സീനിയര്‍ അധ്യാപികയായ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ദിവ്യ നല്കിയ അപേക്ഷയും സര്‍വ്വകലാശാലയിലെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സിന്‍ഡിക്കേറ്റ് തള്ളി.
അര്‍ഹതപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ. ദിവ്യ, വിസിക്ക് കത്തുനല്‍കി. 2022 ഡിസംബര്‍ 13ന് കത്ത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വകുപ്പുമേധാവിസ്ഥാനം ദിവ്യക്ക് നല്‍കേണ്ടെന്നും തീരുമാനിച്ചു.
സിന്‍ഡിക്കേറ്റ് തീരുമാനം ചില സംഘടനകളും ചോദ്യം ചെയ്തു. ഇത് വിവാദമായതോടെ ഡിസംബര്‍ 30ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. അധ്യാപികയ്ക്ക് വകുപ്പ് മേധാവിസ്ഥാനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന വിസി അംഗീകരിച്ച കുറിപ്പും മുന്‍തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലും രജിസ്ട്രാര്‍ സിന്ഡിക്കേറ്റിനുമുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി സ്ഥാനം ദളിത്അദ്ധ്യാപികയ്ക്ക് ലഭിക്കാതിരിക്കാന്‍ സര്‍വ്വകലാശാലയുടെ നിയമം ഭേദഗതി ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
അതത് വകുപ്പുകളിലെ അധ്യാപകര്‍ക്ക് സേവനകാലം പരിഗണിക്കാതെത്തന്നെ വകുപ്പുമേധാവിസ്ഥാനം നല്‍കണമെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ ചട്ടം. വകുപ്പുമേധാവികളായി അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുകണമെങ്കില് അഞ്ചുവര്‍ഷത്തെ സേവനപരിചയം നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ഭേദഗതിക്കാണ് സിന്‍ഡിക്കേറ്റ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: