പൂനെ: തക്കാളിയുടെ വിലവര്‍ധന രാജ്യത്ത് ഒരാഭ്യന്തര വിഷയമായി മാറിയിരിക്കുകയാണ്. എന്നാല്‍ നിരവധി പേര്‍ക്കിത് സന്തോഷത്തിനും വകനല്കി. തക്കാളി വില വര്‍ധനവില്‍ നേട്ടം കൊയ്യുകയാണ് രാജ്യത്തെ കര്‍ഷകര്‍. പൊന്നിന് വിലയുള്ള തക്കാളി തൊട്ടാല്‍ പൊള്ളുമെങ്കിലും ചിലര്‍ക്കത് ജാക്ക്പോട്ടായി മാറിയിരിക്കുകയാണ്. തക്കാളി വില്‍ക്കുന്നതിലൂടെ കോടികളാണ് പലരും സ്വന്തമാക്കുന്നത്.
മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഒരു കര്ഷകന് തക്കാളി വിറ്റതിലൂടെ ഒരു മാസത്തിനുള്ളില്‍ ലഭിച്ചത് ഒന്നരക്കോടി രൂപ. തുക്കാറാം ഭാഗോജി ഗായ്കറിനാണ് ഒന്നരക്കോടി രൂപയുടെ തക്കാളി ജാക്ക്പോട്ട് അടിച്ചത്. 13,000 പെട്ടി തക്കാളിയാണ് അദ്ദേഹം വിറ്റത്. പതിനെട്ട് ഏക്കര്‍ കൃഷിഭൂമിയാണ് തുക്കാറാമിനുള്ളത്. മകന് ഇഷ്വാര്‍ ഗായ്കറിന്റെയും മരുമകള്‍ സൊണാലിയുടെയും സഹായത്തോടെ ഇവിടെ തക്കാളി കൃഷി ചെയ്യുകയായിരുന്നു. മികച്ച ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്തതെന്നും തുക്കാറാമിന്റെ കുടുംബം പറയുന്നു.
ഒരു ദിവസം ഒരു പെട്ടി തക്കാളി വില്ക്കുമ്പോള് 2,100 രൂപ ലഭിച്ചു. വെള്ളിയാഴ്ച 900 പെട്ടികളാണ് വിറ്റത്. അന്നു മാത്രം 18 ലക്ഷം രൂപ ലഭിച്ചു, തുക്കാറാം വ്യക്തമാക്കി. കഴിഞ്ഞ മാസം ഒരു പെട്ടി തക്കാളിക്ക് ആയിരം മുതല്‍ 2,400 രൂപ വരെ ലഭിച്ചു. തക്കാളിയുടെ ഗുണനിലവാരം അനുസരിച്ചാണ് വില ലഭിക്കുന്നത്. തക്കാളി കൃഷിയിലൂടെ പൂനെയിലെ ജുന്നാറിലുള്ള നിരവധി കര്‍ഷകര്‍ കോടികള്‍ സമ്പാദിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തക്കാളി വില്പനയിലൂടെ ഗ്രാമത്തിലെ കര്‍ഷക സമിതി 80 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. ഇതിലൂടെ പ്രദേശത്തെ നൂറ് സ്ത്രീകള്‍ക്ക് ജോലി നല്‍കാനായി. തക്കാളി കൃഷിയില്‍ നടീല്‍, വിളവെടുപ്പ്, പാക്കിങ് എന്നവയില്‍ സൊണാലി സഹായിക്കാറുണ്ട്. മകനാണ് വില്പന കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് വിപണി ഇപ്പോള്‍ തങ്ങള്‍ക്കനുകൂലമായതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ഇപ്പോള്‍ ഒരു കിലോഗ്രാം തക്കാളിക്ക് 125 രൂപയാണ് വില. മികച്ച ഗുണനിലവാരമുള്ള 20 കിലോയുടെ ഒരു പെട്ടിക്ക് 2,500ഉം. തക്കാളി വിറ്റ് ലാഭം കൊയ്യുന്നതില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഒരുദാഹരണം മാത്രമാണ്. കര്‍ണാടയിലെ കോലാറിലുള്ള ഒരു കര്ഷകന് 200 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: