തിരുവനന്തപുരം: 2017 ലെ കേരളത്തിലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്. കേരളാ ഹൈക്കോടതി നടത്തിയ നിയമനം ചട്ടങ്ങള്‍ ലംഘിച്ചും നിയമ വിരുദ്ധവുമാണ് എന്ന് കണ്ടെത്തിയ കോടതി, പക്ഷെ, നിയമ വിരുദ്ധമായി നിയമിക്കപ്പെട്ടവരെ തുടരാനനുവദിച്ചത് തെറ്റും ന്യായീകരിക്കാനാവാത്തതുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സി.ബി. സ്വാമിനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇതൊരു കോടതി വിധിയല്ല തെറ്റായും അസാധുവായും പിറന്നതിനെ സാധുവാക്കുന്ന നീതി രഹിതവും വില കുറഞ്ഞതുമായ ഒത്തുതീര്‍പ്പാണ്. ഹൈക്കോടതി നടത്തിയ എഴുത്തു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ ഒഴിവാക്കി ഇഷ്ടപ്പെട്ട മറ്റാരെയോ നിയമിക്കുന്നതിനായി വിജ്ഞാപനത്തിനു വിരുദ്ധമായി ഇന്റര്‍വ്യൂവിന് കട്ടോഫ് മാര്‍ക്ക് നിശ്ചയിച്ച് എഴുത്തു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ മാറ്റി നിര്‍ത്തിയ ഹൈക്കോടതി വിധി നിയമ വിരുദ്ധം എന്ന് കണ്ടെത്തിയിട്ടും അകാരണവും നിയമ വിരുദ്ധവുമായി മാറ്റി നിര്‍ത്തപ്പെട്ട രുടെ പൊട്ടി തകര്‍ന്ന കിനാക്കള്‍ക്കും കണ്ണീരിനും ആരാണ് ഉത്തരം പറയുക.?
യോഗ്യതയില്ലാത്തവരാണ് എന്ന് ഉന്നത കോടതി കണ്ടെത്തിയവരെ എങ്ങിനെയാണ് അഭിഭാഷകര്‍ അഭിസംബോധന ചെയ്യുന്നത്. കൊളോണിയല്‍ പദമാണെങ്കിലും യുവര്‍ ഓണര്‍ എന്നും മൈ ലോര്‍ഡ് എന്നും ന്യായാധിപരെ വക്കീലന്‍മാര്‍ അഭിസംബോധന ചെയ്യുന്നത് ബഹുമാന പുരസ്സരമാണ്. എന്നാല്‍ യോഗ്യതയില്ലാത്തവരെ എങ്ങിനെ ഇത്ര ബഹുമാനത്തില്‍ വക്കീലന്‍മാര്‍ എങ്ങിനെ അഭിസംബോധന ചെയ്യും. ?
6 കൊല്ലമായി ജുഡീഷ്യല്‍ ജോലി ചെയ്യുന്നവരെ പിരിച്ചു വിടാനാകില്ലായെന്നു പറയുന്നതിന് പിന്നിലെ നീതിയും നിയമവും ഏതാണെന്ന് ബഹു.കോടതി വിധിയില്‍ കാണാത്തത് ദുരൂഹമാണ്. ഹൈക്കോടതി നിര്‍ദ്ദേശിച്ച വിധം പരീക്ഷയെഴുതി ഉന്നതമായി തന്നെ മാര്‍ക്കും വാങ്ങി ഇന്റര്‍വ്യൂവില്‍ ചതിപ്രയോഗത്താല്‍ പുറത്ത് പോകേണ്ടതായി വന്നവരുടെ നഷ്ടം ആരാണ് പരിഹരിക്കുക? equity , justice and good concious എന്ന അടിസ്ഥാന ശിലകള്‍ തകര്‍ത്തു കളഞ്ഞ ഒത്തു തീര്‍പ്പു വിധിയെ സ്വാഗതം ചെയ്യാന്‍ കേരളത്തിലെ അഭിഭാഷകര്‍ക്കു കഴിയില്ല. മാത്രമല്ല ബഹു. സുപ്രീം കോടതി വിധിയില്‍ യോഗ്യതയില്ലാത്തവര്‍ തുടരട്ടെ എന്നതിന് ആശ്രയിച്ചിട്ടുള്ള കാരണം നീതി രഹിതമാകയാല്‍ സ്വീകരിക്കാനും കഴിയില്ല. ഉന്നതമായ ഭരണഘടനാ കോടതി ജനങ്ങളുടെ അന്തിമമായ ആശ്രയണ്.ആകാശമിടിഞ്ഞു വീണാലും നീതി നടപ്പാകും എന്ന ദൈവീകമായ പ്രതീക്ഷയാണ് ജനങ്ങളെ കോടതിയിലെത്താന്‍ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ മഹാരാഷ്‌ട്രാ സര്‍ക്കാര്‍ അട്ടിമറി കേസിലും ജഡ്ജി നിയമന കേസിലും നിയമ ലംഘനം കോടതിക്ക് ബോധ്യമായിട്ടും നിയമ ലംഘനത്തില്‍ നിന്നും പിറവിയെടുത്ത അസാധു സംവിധാനങ്ങളെ തുടരാനുവദിക്കുക വഴി ജന പ്രതീക്ഷയുടെ ആകാശമാണ് ഇടിഞ്ഞു വീണത്.
രാജ്യത്തെയും ജനങ്ങളുടെ മൗലിക അവകാശങ്ങളെയും ബാധിക്കുന്ന ഹര്‍ജ്ജികള്‍ തീര്‍പ്പാക്കുന്നതില്‍ ഉന്നത നീതി പീഠത്തില്‍ നിന്നുണ്ടാകുന്ന കാലതാമസം നീതി നിഷേധത്തിനു തുല്യമാണ്. എന്‍.ആര്‍.സി., പൗരത്വ ഭേദഗതി, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങളൊക്കെ കാലതാമസത്തിന്റെ ആനുകൂല്യത്തില്‍ ഭരണകൂടം നടപ്പിലാക്കി കഴിഞ്ഞു. ഈ ഹര്‍ജ്ജികളുടെയും വിധി ഒരു പക്ഷെ ജഡ്ജി നിയമന വിധി പോലെയാകും എന്നു വിശ്വസിച്ചാല്‍ ആര്‍ക്കാണ് തെറ്റു പറയാനാവുക.
ഇക്കാര്യത്തില്‍ ഉന്നത കോടതി വിധിയില്‍ വന്ന അയോഗ്യത കണക്കിലെടുത്ത് അസാധുവായ നടപടിയിലൂടെ പദവിയിലെത്തിയവര്‍ ഉന്നതമായ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് പദവിയില്‍ നിന്നൊഴിയണമെന്നും അതുവഴി നീതി നിര്‍വ്വഹണ സംവിധാനത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കണമെന്നും ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സ് കേരള സംസ്ഥാന കമ്മറ്റി ജില്ലാ ജഡ്ജിമാരായ റോയി വര്‍ഗ്ഗീസ്, ഷിബു തോമസ്, എ. മനോജ് എന്നിവരോട് അഭ്യര്‍ത്ഥിച്ചു.. അല്ലാത്ത പക്ഷം ഇത്തരം നിയമപരമല്ലാത്ത രീതിയില്‍ നിയമനം നേടിയവരെ പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ നടപടിയെടുക്കണമെന്നും ചതി പ്രയോഗത്താല്‍ പുറത്താക്കിയവരെ നിലവിലുള്ള വേക്കന്‍സിയില്‍ നിയമിക്കണമെന്നും ഐ.എ.എല്‍ ആവശ്യപ്പെടുന്നു.
മാത്രമല്ല വിജ്ഞാപനത്തിനു വിരുദ്ധമായി ഇന്റര്‍വ്യൂവില്‍ കട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചതിന്റെ പിറകിലും ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ മാറ്റിനിര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഒരു അന്വേഷണം അനിവാര്യമാണ്. ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും രാഷ്‌ട്രപതിയും ഇടപെടണമെന്നും ഐ.എ.എല്‍ ആവശ്യപ്പെടുന്നു. അയോഗ്യമായ വഴിയിലൂടെ പദവിയിലെത്തിയ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കണം. ജഡ്ജി നിയമനങ്ങളെ ക്കുറിച്ച് ആരോപണങ്ങള്‍ വരുന്നത് ഇതാദ്യമല്ല, ഓരോ തവണ നിയമനം നടക്കുമ്പോഴും നിരന്തരം ഇത്തരം പരാതികള്‍ ഉയരുന്നു. പ്രഥമദൃഷ്ട്യാ സ്വജന പക്ഷപാതം തോന്നുന്ന രീതിയില്‍ ബന്ധുക്കളും ഭക്തജനങ്ങളും ആശ്രിതരും നിയമിക്കപ്പെടുന്നു. അതു കൊണ്ട് നിയമനങ്ങള്‍ psc ക്ക് വിടണമെന്ന ഐ.എ.എല്‍ ആവശ്യത്തിന് ശക്തിയേറുകയാണ്. അഡ്വ സി.ബി. സ്വാമിനാഥന്‍ പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: