രജനി സുരേഷ്
2021 നവംബര്‍ 17 ബുധനാഴ്ച. . അമൂല്യ നിമിഷങ്ങളിലൂടെ കടന്നുപോയ ധന്യമായ ആ ദിവസം, എന്റെ എഴുത്തു ജീവിതത്തെ സംബന്ധിച്ചിടത്തോളം മായാത്ത മുദ്രകള്‍ പതിഞ്ഞതായിരുന്നു.
അന്നാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന സാഹിത്യലോകത്തെ അതികായ പ്രതിഭയെ അടുത്തു നിന്നു കണ്ടത്! ആ അനുഗ്രഹം ഏറ്റുവാങ്ങുവാനവസരം ലഭിച്ചത് ! എല്ലാറ്റിലുമുപരി എന്റെ കഥാസമാഹാരം ‘മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോര’ങ്ങളുടെ ആദ്യ പ്രതി അദ്ദേഹത്തിന് ഞാന്‍ സമര്‍പ്പിച്ചത്.
അദ്ദേഹത്തിന്റെ കോഴിക്കോടുള്ള വസതിയിലേക്ക് ഞങ്ങള്‍ (കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ശത്രുഘ്നന്‍, മാതൃഭൂമി ആര്‍ട്ട് എഡിറ്ററായിരുന്ന മദനന്, എന്റെ ഭര്‍ത്താവ് സുരേഷ് വാപ്പാല പിന്നെ ഞാനും) രാവിലെ 11.15 ന് എത്തിച്ചേര്‍ന്നു. കാറില്‍ നിന്നിറങ്ങി.
മുന്‍വശത്തെ വാതില്‍ ഞങ്ങള്‍ക്കു വേണ്ടിയാണോ എന്നറിയില്ല, മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ശത്രുഘ്നന്സാറും ഞാനും അകത്തു പ്രവേശിച്ചു.
”ഇവരാണ് എം.ടി. ഞാന്‍ പറഞ്ഞ രജനി ടീച്ചര്‍.” നോവലിസ്റ്റ് ശത്രുഘ്നന്‍ എന്നെ പരിചയപ്പെടുത്തി.
എം.ടി. മുഖമുയര്‍ത്തി ഒന്ന് ചെറുതായി മന്ദഹസിച്ചു.
ഞാന്‍ അദ്ദേഹത്തിന്റെ പാദം തൊട്ടു വന്ദിച്ചു. ഇതിനകം ആര്‍ട്ടിസ്റ്റ് മദനനും സുരേഷേട്ടനും വീടിനകത്തു കയറി ഇരിപ്പുറപ്പിച്ചുകഴിഞ്ഞിരുന്നു.
ശത്രുഘ്നന്‍ എം.ടിയോടു നടത്തുന്ന കുശലാന്വേഷണങ്ങള്‍ക്കിടയില്‍ എന്നെയും സുരേഷേട്ടനേയും പരിചയപ്പെടുത്തി.
അതിനു ശേഷം പറഞ്ഞു. ”എം.ടി. കരുതുന്നുണ്ടാവും രജനി സുരേഷിനെ ഞാനെങ്ങനെ അറിയുമെന്ന്.” തുടര്‍ന്ന് ഒരു മന്ദസ്മിതത്തോടു കൂടി അദ്ദേഹം പറയാന്‍ തുനിഞ്ഞത് പൂര്‍ണമാക്കി.
അവരുടെ മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന സമാഹാരത്തിന് അവതാരിക എഴുതിയത് ഞാനാണ്.
ആര്‍ട്ടിസ്റ്റ് മദനന് പറഞ്ഞു. ”ഞാന്‍ കവര്‍ പേജും ഒരുക്കി.”
കാര്യങ്ങളുടെ കിടപ്പ് വ്യക്തമായപ്പോള്‍ എം.ടി. സാര്‍ ഹൃദയം തുറന്ന് ചിരിച്ചു. തുടര്‍ന്ന് വാപ്പാല തറവാട്, കോങ്ങാടു നായരു വീട്, ത്രാങ്ങാലി, ആര്യങ്കാവ്, കവളപ്പാറക്കൊട്ടാരം അങ്ങനെ അങ്ങനെ നുള്ളുനുറുമ്പുകളായി ഞങ്ങളുടെ തറവാടും പ്രദേശവും സംസാരത്തിനിടയില്‍ കയറി വന്നു.
എം.ടി. പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പാല തറവാട്ടിലെ എം.ടിയുടെ അടുത്ത സഹപാഠിയെക്കുറിച്ചുള്ള സ്നേഹഭാഷണം നടത്തി. അദ്ദേഹത്തിന്റെ ജീവിതവും ഒടുവില്‍ സന്യാസിയായിപ്പോയതും പൂനെയില്‍ ആശ്രമം പണിതതും കുറേക്കാലം തന്നോടു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നതും എല്ലാം എം.ടി. വിശദമാക്കി. ഒരിക്കല്‍ എം.ടി. പൂനെയില്‍ പോയപ്പോള്‍ അദ്ദേഹത്തെ കണ്ടിരുന്നതായും അത്യാഹ്ലാദപൂര്‍വം ഓര്‍മ്മയില്‍ നിന്നെടുത്തു. പിന്നീടെപ്പോഴോ ആ സൗഹൃദം താനെ നിലച്ചതും സംഭാഷണമധ്യേ അദ്ദേഹം വിവരിച്ചു.
ഞങ്ങള്‍ കേട്ടിരുന്നു. വാപ്പാല തറവാട്ടിലെ എന്റെ ഭര്‍ത്താവ് മിതമായ ഭാഷയില്‍ മറുപടി പറഞ്ഞു.
ഇതിനിടയില്‍ ശത്രുഘ്നന്‍ സാര്‍ എന്നോട് ചോദിച്ചു. ”അല്ല, ടീച്ചര്‍ വന്ന കാര്യം മറന്നു പോയോ? എംടി ക്ക് കഥാസമാഹാരം കൊടുക്കൂ.”
ഞാന്‍ എം.ടിയുടെ അരികില്‍ ചെന്ന് എന്റെ അക്ഷരങ്ങളെ പൂര്‍ണമായി അര്‍പ്പിച്ചു. ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്തു. അദ്ദേഹം കൈകള്‍ ഉയര്‍ത്തിയത് ഒരു പക്ഷേ ആശംസയോ അനുഗ്രഹമോ ആയിരിക്കാമെന്ന് ഞാന്‍ ഊഹിച്ചു. പല താളുകളും മറിച്ച് എം.ടി മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. മലയാള സാഹിത്യത്തിലെ സമ്രാട്ട് എന്റെ കഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ ചങ്കിടിപ്പായിരുന്നു.
ഇടയ്ക്കൊന്ന് എന്നെ നോക്കി മന്ദഹസിക്കുന്നുമുണ്ട്. അതെനിക്ക് ആത്മവിശ്വാസം പകര്‍ന്നു.
ഞാന്‍ ശ്രദ്ധിച്ചു. ‘ഞാറ്റടി ‘ എന്ന കഥയാണ് അദ്ദേഹം തുറന്നു വായിക്കുന്നത്. ആ കഥ മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചതാണ്. കുഞ്ഞുമൊളയന്‍ എന്ന കഥാപാത്രം പെരിഞ്ഞാമ്പാടത്തിന്റെ വിണ്ടുകീറിയ മാറില്‍ കമിഴ്ന്നു കിടന്ന് ഞാറ്റുകണ്ടങ്ങളുടെ സമൃദ്ധമായ പച്ചനിറം ഭാവനയില്‍ കാണുന്ന രംഗം മാതൃഭൂമിയില്‍ ആര്‍ട്ടിസ്റ്റ് മദനന് ചിത്രീകരിച്ചത് മനസ്സിലേക്കോടിയെത്തി. ജീവിതഗന്ധിയായ ഗ്രാമത്തിന്റെ ചിത്രം!
തുടര്‍ന്ന് അദ്ദേഹം ‘നീലക്കണ്ണാള്‍’ എന്ന കഥയിലേക്ക് കടന്നു. ജന്മഭൂമി വാരാദ്യം പ്രസിദ്ധീകരിച്ച കഥ.
പല വിശേഷങ്ങളും വള്ളുവനാടും വിഷയമാക്കി അരമണിക്കൂര്‍ പിന്നിടുമ്പോഴും എന്നിലെ അദ്ഭുതം ഒന്നുതന്നെയായിരുന്നു.
എം.ടി. എന്റെ പുസ്തകം കൈയില്‍ നിന്ന് താഴെ വച്ചില്ല! ഇടയ്ക്കിടയ്ക്ക് തുറന്നു വായിക്കുന്നുണ്ട്! എന്നെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുഖത്തുള്ള ഒരു ചെറു പുഞ്ചിരിയില്‍ ഞാന്‍ സംതൃപ്തയായി.
എന്റെ എഴുത്ത് ഇഷ്ടപ്പെട്ടു കാണുമെന്ന് ഞാന്‍ ചിന്തിച്ചു.
ഇതിനിടയില്‍ ചലച്ചിത്ര സംവിധായകന് ഹരികുമാറിന് ശത്രുഘ്നന്‍ എന്നെ പരിചയപ്പെടുത്തി.
അപ്പോഴും എം.ടി. എന്റെ പുസ്തകം തിരിച്ചും മറിച്ചും ഓടിച്ചു വായിക്കുകയാണ്.
ചിലരില്‍ നിന്ന് ഞാന്‍ കേട്ട, ധരിച്ചുവച്ച എം.ടിയെക്കുറിച്ചുള്ള ധാരണകള്‍ അസ്ഥാനത്തായി. അദ്ദേഹം ഗൗരവക്കാരനാണത്രെ!
എനിക്കങ്ങനെ തോന്നിയതേയില്ല.
അദ്ദേഹത്തിന്റെ പ്രസന്നവദനം എനിക്ക് ഒരുത്സാഹവും ഉന്മേഷവുമൊക്കെയായി.
പ്ലസ്ടു ക്ലാസ്സില്‍, എം.ടി എന്ന സാഹിത്യ ലോകത്തെ ചക്രവര്‍ത്തിയോടൊപ്പം ഞാന്‍ നില്ക്കുന്ന ഫോട്ടോ കാണിക്കുമെന്നും, എം.ടിയോടു സംസാരിച്ച വിശേഷങ്ങള്‍ പങ്കിടുമെന്നും, എന്റെ പുസ്തകം എം.ടി ഏറ്റുവാങ്ങിയ രംഗങ്ങള്‍ ഞാന്‍ വിശദീകരിക്കുമെന്നും വാചാലയായിത്തന്നെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മന്ദഹാസം മാറ്റി വിടര്‍ന്ന ചിരി സമ്മാനിച്ചു.
എം.ടിയുടെ പാലക്കാട്ടെ ഹോസ്റ്റല്‍ ജീവിതത്തെയും ചില കഥാപാത്രങ്ങളെയും കുറിച്ച് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവച്ചപ്പോള്‍ അദ്ദേഹം അതിന്റെ രസനീയത അയവിറക്കുന്നുണ്ടായിരുന്നു.
”എന്നാല്‍ നമുക്കിറങ്ങാം.” ശത്രുഘ്നന്‍ സാര്‍ പറഞ്ഞു.
എം.ടിയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ ആ മഹാനുഭാവനെ ഇരു കൈയും കൂപ്പി തൊഴുതു.
എന്റെ പുസ്തകം അദ്ദേഹത്തിന്റെ കൈയിലുണ്ട്. ആ പുസ്തകം ഇരുകൈകള്‍ കൊണ്ടും ഉയര്‍ത്തി അദ്ദേഹം പ്രത്യഭിവാദനം ചെയ്തു.
ഞാന്‍ കേട്ടറിഞ്ഞ എം.ടിയേക്കാള്‍ ഞാന്‍ കണ്ട എം.ടിയെ, മലയാള സാഹിത്യത്തിലെ ഉത്തുംഗ ശൃംഗത്തെ പ്രണമിച്ച് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു ഊര്‍ജം സിരകളില്‍ പടരുന്നുണ്ടായിരുന്നു.
എഴുത്തിന്റെ അനന്ത വിഹായസ്സിലെ പെരുമാളില്‍ നിന്നും ലഭിച്ച അനുഗ്രഹം വഴിവിളക്കായി കരുതിക്കൊണ്ട് യാത്ര തുടരുകയാണ് ഞാന്‍.
എം.ടി.യുടെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ.
”വാക്കിനു മീതെ വയ്ക്കാന്‍ പറ്റിയ വാക്കു തേടിക്കൊണ്ട് നടന്നവരുടെ നീണ്ട നിഴലുകള്‍ കാലത്തിന്റെ അകലങ്ങളിലെ വിളക്കുകാലുകള്‍ക്ക് കീഴെ ഞാനിപ്പോഴും കാണുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: