രമേശ്ബാബു പി.പി
മണിപ്പൂരില്‍ കഴിഞ്ഞ മെയ് 3 മുതല്‍ തുടര്‍ച്ചയായി മൈതേയ്, കുക്കി സമുദായങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന അക്രമ സംഭവങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. രണ്ടു വിഭാഗവും അവരവരുടെ ആധിപത്യ പ്രദേശങ്ങളില്‍ നിന്നു ഭീഷണി, തീവെയ്പ്, കൂട്ടക്കൊല മുതലായ കൃത്യങ്ങളിലൂടെ മറുഭാഗത്തില്‍പെട്ട അവസാന വ്യക്തിയെ പോലും നിഷ്‌കരുണം കുടിയൊഴിപ്പിച്ചിരിക്കയാണ്. ഏതാണ്ട് 50000ല്‍ പരം കുക്കികളും മൈതേയികളുമാണ് അവരുടെ പാര്‍പ്പിടവും ഗ്രാമവും വിട്ടൊഴിഞ്ഞു അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ശരണം പ്രാപിച്ചിരിക്കുന്നത്.
അടുത്തിടെ ലഭ്യമായ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 4 കോടിയോളം രൂപയാണ് കുക്കി മേഖലയിലെ ആക്‌സിസ് ബാങ്ക്, മണിപുര്‍ ഗ്രാമീണ സഹകരണ ബാങ്ക് എന്നിവയില്‍ നിന്നു കൊള്ളയടിക്കപ്പെട്ടത്. എന്നാല്‍ മൈതേയ് മേഖലയിലാവട്ടെ, ഈ കാലയളവില്‍ പോലീസിന്റെ ആയുധപുര ഒന്നടങ്കം കൊള്ളയടിക്കപ്പെട്ടു. 120 ഓളം പേര്‍ കൊലചെയ്യപ്പെട്ടു. അക്രമങ്ങള്‍ 70 ദിവസം പിന്നിട്ടെങ്കിലും ക്രമസമാധാന നില പുനഃസ്ഥാപിക്കപ്പെടുമെന്നു വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍ ഒന്നും ഇതുവരെ തെളിഞ്ഞു വന്നിട്ടില്ല. മൈതേയ് മേഖലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോലീസ് സംരക്ഷണം അനുവദിച്ചിട്ടും ആര്‍ക്കും അതിനു മുതിരാനുള്ള ആത്മധൈര്യം കൈവന്നിട്ടില്ല. തുടര്‍ച്ചയായുള്ള അക്രമ സംഭവങ്ങള്‍ ജനങ്ങളില്‍ ഭീതിപരത്തിയിരിക്കയാണ്.
ജൂലൈ 1 ന് നാഷണല്‍ ടെലിവിഷന് മുമ്പാകെ മണിപ്പൂര്‍ മുഖ്യമന്ത്രി ‘സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യങ്ങളെന്താണെന്നു ഇതുവരെ വ്യക്തമായില്ല’ എന്നു തുറന്നു സമ്മതിക്കുകയുണ്ടായി. രാഷ്‌ട്രിയ കാരണങ്ങളാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെങ്കിലും ഇപ്പോള്‍ സംഘര്‍ഷത്തിന്റെ സ്വഭാവം പ്രവചിക്കാനാവാത്ത രീതിയില്‍ വഴിമാറിയിരിക്കയാണ്. ഈ വ്യതിയാനത്തിനു കാരണമെന്തെന്നതിനു സര്‍ക്കാരിന് പോലും വ്യക്തമായ ധാരണയില്ല. മാര്‍ച്ച് 27ന് മണിപ്പൂര്‍ ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസ് ഒരു ഓര്‍ഡര്‍ മുഖേന മണിപ്പൂര്‍ സര്‍ക്കാരിനോട്, മൈതേയ് സമുദായത്തെ പട്ടികവര്‍ഗ പട്ടികയില്‍ പെടുത്താനാവശ്യമായ പ്രമാണങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ വിഭാഗത്തിലേക്കയച്ചു കൊടുക്കാന്‍, ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാര്‍ത്ത, ‘ചീഫ് ജസ്റ്റിസ് മണിപ്പൂര്‍ സര്‍ക്കാരിനോട് മൈതേയ് സമുദായത്തിനു പട്ടികവര്‍ഗ പദവി നല്‍കാനാവശ്യപ്പെട്ടു’ എന്ന നിലയിലാണ് മണിപ്പൂരിലാകെ പടര്‍ന്നത്. ഇതിനു തുടര്‍ച്ചയെന്നോണം പട്ടികവര്‍ഗ മേഖലയില്‍ ഒന്നടങ്കം മൈതേയ് സമുദായത്തിനു പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതീരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. മെയ് 3ന് ആയിരുന്നു സംസ്ഥാനത്തെ ജനജാതിയ മേഖലകളില്‍ ഇത്തരം പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ഈ വാര്‍ത്ത മൈതേയ്, കുക്കി സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയ്‌ക്ക് തിരികൊളുത്തി. താമസിയാതെ തന്നെ ഒരു സമുദായിക ലഹളക്ക് ഇത് കാരണമായി തീര്‍ന്നു. നാഗാ വംശക്കാരും പട്ടികവര്‍ഗ പദവി മൈതേയ്‌ക്ക് കൊടുക്കുന്നതിനെ എതിര്‍ത്തിരുന്നെങ്കിലും ഈ സംഘര്‍ഷത്തില്‍ നാഗാ സമുദായങ്ങള്‍ നിഷ്പക്ഷത പാലിച്ചുമാറി നില്‍ക്കുകയാണ്. പട്ടികവര്‍ഗ പട്ടികയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമായിരുന്നെങ്കില്‍ പട്ടികവര്‍ഗത്തില്‍ പെട്ട നാഗാ സമുദായങ്ങളും കുക്കി സമുദായത്തിന്റെ പക്ഷം ചേര്‍ന്നേനെ.
തീവെയ്പും കൂട്ടകൊലയും ജനങ്ങളിലാകെ തീവ്രമായ വിദ്വേഷവും, ശത്രുതയും, പ്രതികാര മനോഭാവവും സൃഷ്ടിച്ചിരിക്കയാണ്. പൊതുവെ കണ്ടുവന്ന രീതിവെച്ചു നോക്കുമ്പോള്‍ ഇതൊന്നും തന്നെ സ്വഭാവികമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമായിരുന്നില്ല. വളരെ ആസൂത്രിതമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നു മനസ്സിലാക്കാന്‍ ഒട്ടും വിഷമമില്ല. ഇരു സമുദായങ്ങള്‍ക്കുമിടയില്‍ ശാന്തിയും സഹകരണവും പുന:സ്ഥാപിക്കാന്‍ തടസ്സങ്ങളായി നിലകൊള്ളുന്ന ഘടകം എന്തൊക്കെയാണ്?ദശകങ്ങളായി അയല്‍ക്കാരായി കഴിഞ്ഞവരാണ് ഇരു സമുദായത്തില്‍പ്പെട്ടവരും. ആയതിനാല്‍ ഏതെങ്കിലും അദൃശ്യ ശക്തികള്‍ ഈ സംഘര്‍ഷത്തിനു പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, ഈ രണ്ടു സമുദായങ്ങളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം സ്വഭാവികമായി തോന്നാവുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ ദേശസ്‌നേഹികളായ ജനങ്ങളില്‍ രൂപപ്പെട്ടുവരുന്ന സംശയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുന്നതാണ്. ദീഘകാലമായി മണിപൂരിലെ ജനസംഖ്യയുടെ മതപരമായ അനുപാതത്തില്‍ കാണപ്പെടുന്ന മാറ്റവും ഇത്തരം സംഭവവികസങ്ങള്‍ക്കു കാരണമല്ലേ എന്ന് ന്യായമായും ചിന്തിച്ചു പോകുന്നു. ഭൂമിശാസ്ത്രപരമായി മണിപ്പൂര്‍ നിലകൊള്ളുന്നത് ദക്ഷിണേഷ്യയിലെ മയക്കുമരുന്ന് ഉത്പാദനകേന്ദ്രവും കള്ളക്കടത്തു ഇടനാഴിയുമായ ‘ഗോള്‍ഡന്‍ ട്രയാംഗിളി’ നോട് ചേര്‍ന്നാണ്. സമുദായിക മൈത്രിക്ക് തുരങ്കം വെക്കാനും ഭരണ സംവിധാനത്തെയും സര്‍ക്കാരിനെയും പോലും ആട്ടിമറിക്കാന്‍ മാത്രം പോരുന്ന വളരെ ശക്തമായ സ്വാധീനം ഈ മയക്കുമരുന്ന് വ്യാപാരത്തിനു ഉണ്ടോ എന്നത് വളരെ ഔചിത്യമര്‍ഹിക്കുന്ന ചോദ്യമാണ്. മൈതേയ്, നാഗാ, കുക്കി സമുദായങ്ങളാണ് പ്രധാനമായും മണിപ്പൂരിലെ നിവാസികള്‍. 17 ഉപസമുദായങ്ങളില്‍പ്പെട്ട നാഗന്മാരും അതുപോലെ തന്നെ 17 ഉപസമുദായങ്ങളില്‍ പെട്ട കുക്കികളുമാണ് ഇവിടുത്തെ പ്രധാന പട്ടികവര്‍ഗങ്ങള്‍. 1950 ല്‍ ഈ വിഭാഗങ്ങളെ പട്ടികയില്‍പ്പെടുത്തിയതിനു ശേഷം ഇവര്‍ക്ക് ഭൂമി സുരക്ഷിതത്വവും വനത്തിന് മേല്‍ അധികാരവും ലഭ്യമായി. 45%വരുന്ന ഈ ജനവിഭാഗം 90% ഭൂമിയുടെ ഉടമസ്ഥത വെച്ചുപുലര്‍ത്തുന്നു.
മൈതേയ് സമുദായം മണിപ്പൂരിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 10% മാത്രം വരുന്ന താഴ്വാര പ്രദേശത്തുള്ള 6 ജില്ലകളിലാണ് അധിവസിക്കുന്നത്. നാഗന്മാര്‍ക്കും കുക്കികള്‍ക്കും താഴ്വാര പ്രദേശത്തില്‍ ഭൂമി കൈവശം വെക്കാന്‍ വിലക്കില്ല. എന്നാല്‍ പട്ടിക മേഖലയില്‍ ഭൂമി കൈവശം വെക്കാന്‍ അധികാരം മൈതേയ് മുതലായ ഇതര സമുദായങ്ങള്‍ക്കില്ല. ഇതുകാരണം സമതല പ്രദേശത്തു അധിവസിച്ചു വരുന്ന മൈതേയ് സമുദായത്തിന് മേല്‍ ഭൂമി പ്രശ്‌നം മൂലമുള്ള സമ്മര്‍ദ്ദം വളരെ കൂടുതലാണ്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍, ഫെര്‍സാള്‍, കാങ്‌പോക്പി എന്നീ 3 ജില്ലകളിലാണ് കുക്കികള്‍ പ്രധാനമായും അധിവസിക്കുന്നത്. ഇത് കൂടാതെ ചണ്ടേല്‍, ടെങ്‌ണോപാല്‍ ജില്ലകളിലും വലിയ സംഖ്യയില്‍ കുക്കി ഗ്രാമങ്ങളുണ്ട്. സര്‍ക്കാരിന്റെ കണക്കു പ്രകാരം കുക്കി അധിവാസിത ഗ്രാമങ്ങളുടെ സംഖ്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനകം വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഉപഗ്രഹത്തില്‍ നിന്നും എടുത്തിട്ടുള്ള ഇമേജുകള്‍ വമ്പിച്ച വന നശികരണം നടന്നിട്ടുള്ളതിന് തെളിവാണ്. ഈ മേഖലയില്‍ വ്യാപകമായി ഖഞ്ചാവ്കൃഷി നടന്നുവരുന്നുണ്ടെന്നത് മൈതേയ് ജനങ്ങളെ അമ്പരപ്പെടുത്തുന്നതാണ്. മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും വ്യാപാരത്തിലൂടെ 30000 കോടി രൂപയാണ് ഒരുവര്‍ഷം കൈവരുന്ന നേട്ടം.
കുക്കി സമുദായത്തില്‍പ്പെട്ട വലിയൊരു ഭാഗം ജനങ്ങള്‍ മ്യാന്മാറിലാണ് അധിവസിക്കുന്നത്. മ്യാന്മാര്‍ 1937 വരെ അവിഭക്ത ഭാരതത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935 നോടൊപ്പം തന്നെ പ്രാബല്യത്തില്‍ വന്ന ഗവണ്മെന്റ് ഓഫ് ബര്‍മ ആക്ട് 1935 അനുസരിച്ചു മ്യാന്മാറിനെ 1937ല്‍ ഭാരതത്തില്‍ നിന്നു വെട്ടിമുറിക്കുകയായിരുന്നു. ഇത് വിഭജനമെന്ന ശ്രേണിയിലെ ആദ്യത്തെ ദുരന്തമായിരുന്നു. നിരവധി കുടുംബങ്ങള്‍ ഇതുമൂലമുണ്ടായ കുടിയൊഴിപ്പിക്കലിന് വിധേയമായി ഭാരതത്തില്‍ അഭയം തേടിയെത്തി. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ പലതവണയായി കുക്കി സമുദായത്തില്‍പ്പെട്ടവരെ വടക്കുകിഴക്കന്‍ മേഖലയിലെ പലയിടങ്ങളിലായി കുടിയിരുത്തുകയുണ്ടായി. 1950ന് ശേഷം മ്യാന്മാറില്‍ നിന്നു നിരവധി കുടുംബങ്ങള്‍ ഭാരതത്തിലേക്കു കുടിയേറിയിരുന്നു. അവരിലെ കുശാഗ്ര ബുദ്ധികളായ വിദ്യാര്‍ഥികള്‍ യുപിഎസ്‌സി, എംപിഎസ്‌സി മുതലായ പരീക്ഷകളെഴുതി ഭരണരംഗത്തുള്ള അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണിപ്പൂരിലെ ജനസംഖ്യയില്‍ ഈ നുഴഞ്ഞുകയറ്റം മൂലമുണ്ടായ വര്‍ദ്ധന വലിയൊരു സമ്മര്‍ദ്ദത്തിന് വഴിവച്ചിരിക്കയാണ്.
കുക്കി നുഴഞ്ഞുകയറ്റവും ജനസംഖ്യയിലുള്ള വര്‍ധനയും ഈ കഴിഞ്ഞ 70 ദിവസങ്ങളില്‍ മറ്റൊരു യാഥാര്‍ഥ്യം കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കയാണ്. ബ്രിട്ടീഷുകാര്‍ വടക്കുകിഴക്കാന്‍ മേഖലയെ ലഃരഹൗറലറ മിറ ുമൃശേമഹഹ്യ ലഃരഹൗറലറ മേഖലകളായി ഭരണ സൗകര്യത്തിനായി തരം തിരിച്ചിരുന്നു. ഈമേഖലയിലെ പ്രാകൃതരായ ജനവിഭാഗങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ബ്രിട്ടീഷ് ഭരണകൂടം മിഷനറി മാരെ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിഎന്നതും പൊതുവെ അറിയപ്പെടുന്നതാണ്. അതിന്റെ പരിണിതഫലമായി കഴിഞ്ഞ 125 വര്‍ഷങ്ങള്‍ക്കുള്ളില്‍ കുക്കി സമുദായത്തെ ഒന്നടങ്കം മതപരിവര്‍ത്തനം ചെയ്യുന്നതില്‍ മിഷനറിമാര്‍ വിജയിച്ചു. ആസൂത്രിതമായി അവരെ താഴ്വാരമേഖലയില്‍ മൈതേയ് സമുദായത്തിനിടയില്‍ കുടിയിരുത്തുന്നതില്‍ മിഷണറിമാര്‍ മുന്‍കൈയെടുത്തു. മണിപ്പൂര്‍ ക്രിസ്ത്യന്‍ ഫോറം പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ഏതാണ്ട് 300 പള്ളികളാണ് മൈതേയ് ഭൂരിപക്ഷ പ്രദേശമായ താഴ്വാരമേഖലയില്‍ അഗ്‌നിക്കിരയായത്. വൈഷ്ണവ മതം അനുസരിച്ചു ജീവിച്ചിരുന്ന മൈതേയ് സമുദായത്തിനിടയില്‍ വലിയൊരു ശതമാനം പേര്‍ കഴിഞ്ഞ 20-25വര്‍ഷങ്ങള്‍ക്കുള്ളില്‍ മതം മാറ്റത്തിനു വിധേയമായി എന്നതു പൊതുവേ എല്ലാവരെയും അമ്പരപ്പിക്കുന്നു. കുക്കി സമുദായത്തിനു വിദേശത്തുള്ള വിവിധ ക്രിസ്ത്യന്‍ സാമ്പ്രദായങ്ങളില്‍ നിന്നു എല്ലാ സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ട്. സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കും വിധം മിസോറം മുഖ്യമന്ത്രി മുന്നോട്ടുവെച്ച ഉപായത്തില്‍ 1966ല്‍ മിസോ നാഷണല്‍ ഫ്രണ്ട് പാസ്സാക്കിയ പ്രമേയത്തെ ഓര്‍മപ്പെടുത്തി, കുക്കി-ചിന്‍-മിസോ പ്രദേശങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പുതിയൊരു ഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഈ അക്രമ സംഭവങ്ങളില്‍ ഉപയോഗപ്പെടുത്തിയ ആയുധങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെയും പട്ടാളത്തെയും പോലും അതിശയിപ്പിക്കുന്നതാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിംനുഴഞ്ഞുകയറ്റം ആസ്സാമിനെ പോലേ ഇതര സംസ്ഥാനങ്ങളെയും ബാധിച്ചിരിക്കയാണ്. മണിപ്പൂരിലും അതിന്റെ പ്രഭാവം കണ്ടുതുടങ്ങിയിട്ടുണ്ട്. താഴ്വാരമേഖലയിലെ 18-20 നിയമസഭാമണ്ഡലങ്ങളില്‍ ഇവരുടെ സ്വാധീനം 10 മുതല്‍ 85% വരെയാണ്. മണിപ്പൂരില്‍ മൊത്തം 60 മണ്ഡലങ്ങളാണുള്ളത്. 19 എണ്ണം പട്ടികവര്‍ഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളാണ്. ബംഗ്ലാദേശി മുസ്ലിംകളും കുക്കികളും വ്യാപാരരംഗത്തും മറ്റു പലമേഖലകളിലും കാണിക്കുന്ന അടുപ്പം ആശങ്കപ്പെടുത്തുന്നതാണ്. നിരോധിക്കപ്പെട്ട ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ’ മണിപ്പൂരില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 1980 മുതല്‍ മണിപ്പൂര്‍, തീവ്രവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൈതേയ് സമുദായത്തിനിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകള്‍ ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഈ സംഘടനകള്‍ക്കു വലിയൊരു ഭാഗം മൈതേയികളുടെ പിന്‍ബലമുണ്ടെന്ന് അവര്‍ വാദിക്കുന്നു.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. പല സംഗതികളിലും ശരിയായ കാഴ്ചപ്പാട് ആവശ്യമാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ സങ്കേതമാണ് മണിപ്പൂര്‍ എന്നത് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നു. കയ്‌പ്പേറിയ സത്യസ്ഥിതിയെ വെളിച്ചതുകൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും കാണിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. ഈ പരിതസ്ഥിതിയെ അധികം പക്വതയോടെ നോക്കിക്കാണാന്‍ യുവതലമുറ സന്നദ്ധമാകണം. സ്വാര്‍ത്ഥപരമായ വീക്ഷണങ്ങള്‍ക്കും ദുഷ്ടശക്തികള്‍ക്കും ദുഷ്‌പ്രേരണകള്‍ക്കും വശംവദരാകാത്ത ഒരു യുവ സമൂഹത്തിനുമാത്രമേ മണിപ്പൂരില്‍ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനാവൂ.
(അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ സഹ സംഘടനാ കാര്യദര്‍ശിയാണ് ലേഖകന്‍. 25 വര്‍ഷക്കാലം വടക്കുകിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: