കണ്ണൂര്‍: പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനിന്നു. പൊതു സിവില്‍ കോഡിനെച്ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ഭിന്നതയാണ് കാരണമെന്നാണ് സൂചന.
ഇപി വിട്ടുനില്‍ക്കുകയും സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇപിയുടെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. അണികളിലും ഘടകകക്ഷികളിലും ആശയക്കുഴപ്പവുമുണ്ടായിട്ടുണ്ട്. മാസങ്ങളായി എം.വി. ഗോവിന്ദനും ഇപിയും തമ്മില്‍ രൂക്ഷമായ പോരുമുണ്ട്.
മുതിര്‍ന്ന നേതാവായ ഇപിയെ വെട്ടി പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെ എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ ജയരാജന്‍ പാര്‍ട്ടിയുമായി അകന്നു. പാര്‍ട്ടി പരിപാടികളിലും എല്‍ഡിഎഫിലും ജയരാജന്‍ സജീവമല്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഇപി പാര്‍ട്ടി സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായി.
എം.വി. ഗോവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ യാത്രയില്‍ നിന്ന് ഇപി മാറിനിന്നു.
ഇപിയുടെ ഭാര്യയ്‌ക്കും മകനും പ്രധാന പങ്കാളിത്തമുള്ള തളിപ്പറമ്പിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതോടെ ഇ.പി. ജയരാജന്‍ സമ്മര്‍ദത്തിലായിരുന്നു. പി. ജയരാജന് എം.വി. ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
വലിയ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തു പോയത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനത്തില്‍ പങ്കെടുക്കാനാണ്. എം.വി. ഗോവിന്ദന്‍ തന്റെ അതൃപ്തി മറച്ചുവയ്‌ക്കാതെ എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പരസ്യമായി പ്രതികരിച്ചത് വരുംനാളുകളിലും ഗ്രൂപ്പുപോര് ശക്തമാകുമെന്നു വ്യക്തമാക്കുന്നു. പൊതു സിവില്‍ കോഡില്‍ ഇഎംഎസ് അടക്കമുളള നേതാക്കളും പാര്‍ട്ടിയുമെടുത്ത അനുകൂല നിലപാടിനു കടകവിരുദ്ധമായ പുതിയ നിലപാടില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ജയരാജന്റെ നിലപാടിന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: