ദുബായ്: ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ പണമിടപാട് കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യം കൈവരിച്ച് പ്രധാനമന്ത്രി മോദി ശനിയാഴ്ച വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങി. “മറ്റൊരു ഉല്പാദനക്ഷമമായ യുഎഇ സന്ദര്‍ശനവും സമാപ്തിയായി. നമ്മുടെ ഗ്രഹത്തെ മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ ഒട്ടേറെ പ്രശ്നങ്ങളില്‍ കൈകോര്‍ക്കുകയാണ്. ഊഷ്മളമായ ആതിഥ്യത്തിന് ഷേഖ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന് നന്ദി പറയുന്നു”- മടക്കയാത്രയ്ക്കിടയില്‍ പങ്കുവെച്ച ട്വീറ്റില്‍ മോദി കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ ഇനി രൂപയിലും ദിര്‍ഹത്തിലും സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ശനിയാഴ്ച ഒപ്പുവെച്ച ധാരണാപത്രങ്ങള്‍. ഇരുരാജ്യങ്ങളുടെയും മെസ്സേജിംഗ് സംവിധാനവും പേമെന്റ് സംവിധാനവും കൂടി ബന്ധപ്പെടുത്താന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇനി ഓണ്‍ലൈനായി എളുപ്പത്തില്‍ പണമിടപാട് രണ്ടു കറന്‍സികളിലും സുഗമമായി നടത്താം. ഇത് പണമിടപാടിനുള്ള സമയം കുറയ്ക്കും. ഇരുരാജ്യങ്ങള്‍ക്കിടയിലും ബിസിനസ് ഇടപാടുകള്‍ എളുപ്പമാകും. മെസ്സേജിംഗ്, പേമെന്റ് സംവിധാനങ്ങള്‍ ബന്ധപ്പെടുത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യം സുഗമമാകും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും യുഎഇ സെന്‍ട്രല്‍ബാങ്ക് സിഇഒയും ഒപ്പുവെച്ച രണ്ട് ധാരണാപത്രങ്ങളും നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര ഇടപാടുകള്ക്കുതകുന്ന കറന്‍സിയാക്കി മാറ്റുക എന്ന മോദിയുടെ സ്വപ്നത്തിന് ഉറച്ച ചുവടുവെയ്പാണ് യുഎഇയിലെ സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി ഉറപ്പാക്കിയത്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള ഇടപാടിലും യുഎഇയുമായി ഉണ്ടാക്കിയ ഈ പുതിയ ധാരണപത്രം സഹായകമാകുമെന്നും പറയപ്പെടുന്നു. രൂപയുടെ സുസ്ഥിരത സംബന്ധിച്ച് സംശയമുള്ളതിനാല്‍ പേമെന്റ് യുഎഇ ദിര്‍ഹത്തില്‍ തന്നാലും മതിയെന്നാണ് റഷ്യ ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്.
“ചെറുതെങ്കിലും സുപ്രധാന സന്ദര്‍ശനമായിരുന്നു അത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ് “- മോദി ദല്‍ഹിയിലേക്ക് വിമാനം കയറുന്നതിന് തൊട്ടു മുന്‍പ് നടത്തിയ ട്വീറ്റില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വാത്ര പറഞ്ഞു. യുഎഇ പ്രസിഡന്റുമായി മോദി വിശദമായി ചര്‍ച്ചകള്‍ നടത്തിയെന്നും തന്ത്രപ്രധാനമായ പ്രാധാന്യം ഈ സന്ദര്‍ശനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഒപ്പുവെച്ചിരുന്നു. അതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായി. ഇന്ത്യയും യുഎഇയും തമ്മില്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരസെറ്റില്മെന്റ് നടത്താമെന്ന് വന്നതോടെ ഇതേ തരത്തിലുള്ള കരാറുകള്‍ ഇനി മറ്റ് വിദേശരാജ്യങ്ങളുമായി നടത്തുന്നതിനെക്കുറിച്ചും മോദി ഭാവിയില്‍ ആലോചിച്ചേയ്ക്കും. അതുകൊണ്ട് തന്നെ ഈ സന്ദര്‍ശനം നാഴികക്കല്ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: