പാമ്പാടി: നൂറുവര്‍ഷത്തോളം പഴക്കമുണ്ട് പാമ്പാടിയിലെ ഗ്രാമീണ ചന്തയ്ക്ക്. 1924 ല്‍ നാട്ടുകാരുടെ ശ്രമഫലമായാണ് ഗ്രാമ ചന്തയുണ്ടായത്. ഈ ചന്തയാണ് കാര്‍ഷിക വിപണന കേന്ദ്രത്തിനായി പൊളിച്ചു മാറ്റിയത്. 15 വര്‍ഷമായിട്ടും ചന്ത പുന:സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതോടെ പാമ്പാടിയിലെ കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വില്ക്കാന് ഇടമില്ലാതായി.
കോടികള്‍ മുടക്കി കാര്‍ഷിക വിപണന കേന്ദ്രം സ്ഥാപിച്ചെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി ഇതുവരെ വിട്ടു നല്‍കിയിട്ടില്ല. 2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ പദ്ധതിയായിരുന്നു. നടത്തിപ്പ് ചുമതല കോട്ടയം ജില്ലാ പഞ്ചായത്തിനാണ്. 2019ല്‍ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്ക്കണമെങ്കില് മറ്റു കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ശിലാസ്ഥാപനത്തിനു മുന്‍പ് തന്നെ പഴയ ചന്ത പൊളിച്ചു മാറ്റിയിരുന്നു. അന്നുമുതല്‍ പാമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും കര്‍ഷകര്‍ ദുരിതത്തിലായി. ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കടകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍.
പുറത്തുനിന്ന് പച്ചക്കറി എത്താന്‍ തുടങ്ങിയതോടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ എടുക്കാത്ത സ്ഥിതിയായി. ഇതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. പലതവണ ജില്ലാ പഞ്ചായത്തിലും പാമ്പാടി ഗ്രാമപഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും ചന്ത പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെന്ന് കൃഷിക്കാര്‍ ആരോപിക്കുന്നു. ധാരാളം മുറികളുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലെ മുറികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെങ്കിലും ഒന്നുപോലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടില്ല. കാര്‍ഷിക വിപണന കേന്ദ്രം കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു ഉപകാരവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്കായി ഇത് തുറന്നു കൊടുത്താല്‍ ഇടനിലക്കാരില്ലാതെ തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം നടത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: