പൂനെ: പ്രശസ്ത മറാഠി ചലച്ചിത്ര നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74)യെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര പൂനെയിലെ വാടക വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രവീന്ദ്ര മഹാജനിയുടെ പൂട്ടിക്കിടക്കുന്ന മാവല്‍ താലൂക്കിലെ അംബി വില്ലേജിലെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തെരച്ചിലിലാണ് രവീന്ദ്ര മഹാജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അമ്പിയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അദ്ദേഹം. നടന് ഗഷ്മീര്‍ മഹാജനി മകനാണ്. കഴിഞ്ഞ ഒമ്പത് മാസമായി മാവല്‍ താലൂക്കിലെ അംബി ഗ്രാമത്തിലെ എക്സര്‍ബിയ സൊസൈറ്റിയിലാണ് രവീന്ദ്ര മഹാജനി താമസിച്ചു വന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്പൂനെയിലെ വാടക വീട്ടിലായിരുന്നു താമസം. മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രവീന്ദ്ര മഹാജനി എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകളുടെ പകുതി വരെയുള്ള കാലഘട്ടത്തില്‍ മറാഠി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ബെല്‍ഗാമിലാണ് രവീന്ദ്ര മഹാജനിയുടെ ജനനം. എന്നാല്‍ ബെല്‍ഗാമില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ പിതാവ് എച്ച് ആര് മഹാജനി അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. മൂന്ന് വര്‍ഷക്കാലം രവീന്ദ്ര മഹാജനി മുംബൈയില്‍ ടാക്സി ഡ്രൈവറായും ജോലി ചെയ്തിരുന്നു.
ടാക്സി ഡ്രൈവറില്‍ നിന്ന് അഭിനേതാവിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിശയകരമായിരുന്നു. ‘ഝൂഞ്ച്’ എന്ന ചിത്രത്തിന് ശേഷം ‘ദേവത’ എന്ന സിനിമയിലാണ് അദ്ദേഹം വേഷമിട്ടത്. ഈ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച ലഖന്‍ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: