പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ വിഗ്രഹദര്‍ശന ദിനമായ ഇന്നലെ ഭഗവാന്റ അനുഗ്രഹം തേടി ക്ഷേത്ര സന്നിധിയില്‍ ഭക്തസഹസ്രങ്ങളെത്തി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമായ ക്ഷേത്രസന്നിധി ഭക്തജനങ്ങളാല്‍ തിങ്ങി നിറഞ്ഞു.
രാവിലെ നട തുറന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന പ്രവാഹമായിരുന്നു. ദേവ വിഗ്രഹം കണ്ട സമയമായ ഉച്ചയ്ക്ക് 2.30ന് ക്ഷേത്രത്തില്‍ പ്രത്യേക ദീപാരാധനയും വലിയ കാണിക്കയും നടന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠന് നാരായണന് ഭട്ടതിരിപ്പാട്, മേല്‍ശാന്തി പ്രേംകുമാര്‍ പോറ്റി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തര്‍ക്കുമായി മഹാപ്രസാദമൂട്ട് നടന്നു. രാവിലെ 9.30ന് ആരംഭിച്ച പ്രസാദമൂട്ടിന് ശബരിമല മുന്‍ മേല്‍ശാന്തി നീലമന പരമേശ്വരന് നമ്പൂതിരി ദീപം തെളിയിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് പ്രസാദമൂട്ടിന് വിഭവങ്ങള്‍ തയ്യാറാക്കിയ കുറിച്ചിത്താനം മഠത്തില്‍ സുധാകരന് നായരെ ക്ഷേത്രത്തില്‍ ആദരിച്ചു. തിരുവാതിരകളി, ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, നാടന്‍ പാട്ട് ദൃശ്യാവിഷ്ക്കാരം എന്നീ കലാപരിപാടികളും നടന്നു.
ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന് നായര്‍, സെക്രട്ടറി എസ്.ഡി.സുരേന്ദ്രന് നായര്‍, ഖജാന്‍ജി സാജന് ജി.ഇടച്ചേരില്‍, വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: