കാഞ്ഞാണി: അരിമ്പൂര്‍ സ്വദേശിയെ കള്ളുഷാപ്പിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. തൃക്കുമാരകുടം ക്ഷേത്രക്കുളത്തില്‍ പ്രതി കുത്താനുപയോഗിച്ച കത്തിക്കായി അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ. ദാസിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സ്കൂബ ടീം പരിശോധന നടത്തി.
ജൂണ്‍ 21 ന് രാത്രി കുന്നത്തങ്ങാടിയിലെ ഹില്‍ടോപ്പ് ബാറിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാറിന് എതിര്‍വശത്തുള്ള റോഡിനോട് ചേര്‍ന്ന് കള്ളുഷാപ്പിന് മുന്നില്‍ വച്ച് മനക്കൊടി സ്വദേശി വിപിന്‍ എന്നയാളെ ആറംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെട്ടേറ്റയാളുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. ഈ സംഭവത്തില്‍ മൂന്ന് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി അയ്യന്തോള്‍ സ്വദേശി ചിറ്റേത്ത് ജിതിന്, അരിമ്പൂര്‍ നാലാംകല്ല് സ്വദേശി തച്ചില്‍ വീട്ടില്‍ പ്രിന്‍സ്, ലിന്റോ എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
കൊലപാതക ശ്രമത്തിന് ശേഷം തൃക്കുമാരകുടത്തുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തില്‍ എറിഞ്ഞ കത്തി കണ്ടെടുക്കാനായി ഒന്നാം പ്രതി ജിതിനെ കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പിനെത്തിച്ചു. പോലീസിനെ സഹായിക്കാനായി തൃശൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും എത്തിയിരുന്നു. സ്കൂബാ അംഗങ്ങള്‍ കുളത്തില്‍ തപ്പാന്‍ ഇറങ്ങിയെങ്കിലും കുളവാഴയും ചണ്ടിയും മൂലം കത്തി കണ്ടെത്താനായില്ല. അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, എഎസ്ഐ ജോസി, എസ്.സി.പി.ഒ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: