Categories: Social Trend

ഭരണഘടനാ ബെഞ്ച് ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കും: സാന്ദീപ് വാചസ്പതി

Published by

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ  2017 ലെ ജില്ലാ ജഡ്ജി നിയമനത്തിനെതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ബിജെപി വക്താവ് സാന്ദീപ് വാചസ്പതി. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവര്‍ കഴിഞ്ഞ 6 വര്‍ഷമായി ജോലി ചെയ്യുന്നതിനാല്‍ അവരെ പിരിച്ചു വിടാന്‍ സാധിക്കില്ല എന്നത് സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതാണ്. സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതല്‍ ആര്‍ക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം.  സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാല്‍ കുറേക്കഴിയുമ്പോള്‍ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്.

മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. 2017 ലെ ജില്ലാ ജഡ്ജ് നിയമനത്തില്‍ നടന്ന ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത് മുതലുള്ള അട്ടിമറിയുടെ ക്ലൈമാക്‌സ് ആണ് പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് വിചിത്ര വിധിയിലൂടെ പൂര്‍ത്തിയാക്കിയത്.  

ജില്ലാ ജഡ്ജ് പരീക്ഷയില്‍ ആദ്യ റാങ്കിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എഴുത്ത് പരീക്ഷയില്‍ ആദ്യമെത്തിയവര്‍ ‘കാണേണ്ടത് പോലെ’ കാണാത്തത് കൊണ്ടാകാം ചട്ടത്തിലില്ലാത്ത ഇന്റര്‍വ്യൂവിലെ പ്രകടനം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്ത് പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമേ ആയില്ല. അതോടെ ആദ്യറാങ്കുകാര്‍ ഔട്ട്. ഇഷ്ടക്കാര്‍ നീതിദേവതയുടെ(?) സിംഹാസനത്തിലേക്ക്!  

സ്വാഭാവികമായും കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തി. ഇനിയാണ് ഇന്ത്യന്‍ ജൂഡീഷ്യറിയ്‌ക്ക് തന്നെ നാണക്കേടായ സംഗതികള്‍ അരങ്ങേറുന്നത്. കേസ് എത്തിയത് കുര്യന്‍ ജോസഫിന്റെ മുമ്പാകെ. നീതിബോധം സഹപ്രവര്‍ത്തകരോടുള്ള മമതയ്‌ക്ക് വഴിമാറിയപ്പോള്‍ കേസ് ഭരണഘടനാ ബഞ്ചിലേക്ക്. തീര്‍ത്തും അനാവശ്യമായ ഒരു നടപടി. ഹൈക്കോടതി ജഡ്ജിമാര്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതില്‍ എന്ത് ഭരണഘടനാ ലംഘനം എന്ന് ചോദിക്കരുത്. കേസ് പരിഗണിക്കാതെ 6 വര്‍ഷം സുപ്രീം കോടതിയില്‍ കെട്ടിക്കിടന്നു. ഒടുവില്‍ ‘പരമോന്നത നീതിപീഠ’ത്തിലെ ‘പരമോന്നത നീതിദേവതമാര്‍’ പ്രസാദിച്ച് 3 ദിവസം മുന്‍പ് വിധി പുറപ്പെടുവിച്ചു. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച കേരളാ ഹൈക്കോടതി വിധി തെറ്റ്. ഹര്‍ജിക്കാരുടെ ആവശ്യം ന്യായം. ഹൈക്കോടതി ചെയ്ത തെറ്റുകള്‍ അക്കമിട്ട് പറഞ്ഞ് നെടുങ്കന്‍ വിധിന്യായം. പക്ഷേ………

ആ ‘പക്ഷേ’ നമ്മുടെയൊക്കെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായിരുന്നു. ചട്ടവിരുദ്ധമായി നിയമനം കിട്ടിയവര്‍ കഴിഞ്ഞ 6 വര്‍ഷമായി ജോലി ചെയ്യുന്നതിനാല്‍ അവരെ പിരിച്ചു വിടാന്‍ സാധിക്കില്ല പോലും. (ഉന്നത മൂല്യബോധമുള്ള ഈ ജില്ലാ ജഡ്ജിമാരെ പിരിച്ചു വിടുന്നതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല് തന്നെ ഇളകിയേക്കാം.) അതായത്, പ്രതികള്‍ മോഷണം നടത്തിയെന്ന് തെളിഞ്ഞെങ്കിലും മോഷണ മുതല്‍ കുറേക്കാലമായി കൈവശം വച്ച് അനുഭവിക്കുന്നതിനാല്‍ യഥാര്‍ത്ഥ ഉടമയ്‌ക്ക് തിരികെ നല്‍കുന്നത് അനീതിയാണെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ കണ്ടെത്തല്‍. ഇതേ ബഞ്ച് തന്നെയാണ് 25 തവണയോളം ഈ കേസ് തട്ടിക്കളിച്ചതെന്ന് കൂടി ഓര്‍ക്കണം. ഒടുവില്‍ കാലതാമസത്തിന്റെ പേരില്‍ വിചിത്ര വിധിയും പുറപ്പെടുവിച്ച് നമ്മുടെ പരമോന്നത നീതിപീഠം കൈകഴുകി.  

ഓരോ സുപ്രീംകോടതി വിധിയും പിന്നീട് രാജ്യത്തെ നിയമമാകും. അതാണ് പില്‍ക്കാലത്തെ മാതൃക, കീഴ് വഴക്കം. സുപ്രീം കോടതിയുടെ ലോജിക് അനുസരിച്ച് നാളെ മുതല്‍ ആര്‍ക്കും തട്ടിപ്പ് നടത്തി ഏത് ജോലിയിലും പ്രവേശിക്കാം. 6 വര്‍ഷം പിടികൊടുക്കാതെ ഇരുന്നാല്‍ മതി. ഇതെന്ത് ‘വിധി?’ എന്ന് തലയില്‍ കൈവെക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഇനി എന്ത് ചെയ്യണം?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts