ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്ഷിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം മറ്റൊരു വിജയക്കുതിപ്പ് കൂടി നടത്തിയിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ചന്ദ്രയാന്‍-മൂന്ന് പേടകത്തെ വഹിച്ചുകൊണ്ട് എല്‍വിഎം-3 എന്ന റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞരോടൊപ്പം രാജ്യത്തിന്റെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്ന ജനങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അത് കണ്ടുകൊണ്ടിരുന്നത്. എന്തും സംഭവിക്കാവുന്ന അതിഹ്രസ്വമായ ഒരു ഘട്ടത്തിനുശേഷം ഇരുപത്തിരണ്ടാം മിനുട്ടില്‍ ചന്ദ്രയാന്‍-മൂന്ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഭൂമിയോടടുത്ത് 170 കിലോമീറ്ററും, അകലെ 36,500 കിലോമീറ്ററും ദൂരമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഈ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോള്‍ പേടകം. ഭ്രമണപഥം പടിപടിയായി വികസിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും, ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ചന്ദ്രയാന്‍-മൂന്ന് സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്. മൂന്നുവര്‍ഷം മുന്‍പ് ഭാരതത്തിന്റെ ഇതേ ദൗത്യം ചന്ദ്രയാന്‍-രണ്ട് ചന്ദ്രനില്‍ തൊടാന്‍ വെറും രണ്ട് കിലോമീറ്റര്‍ അകലെവെച്ച് പരാജയപ്പെട്ടിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും ദേശസ്നേഹികള്‍ക്കും നിരാശ സമ്മാനിച്ച ഈ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചാണ് രാജ്യം പുതിയ ദൗത്യത്തിന് തയ്യാറെടുത്തത്.
ഭാരതത്തിന്റെ ചാന്ദ്രദൗത്യത്തിന് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പഴക്കമുണ്ട്. 2008 ലായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയ മൂണ്‍ ഇംപാക്ട് പ്രോബുമായിരുന്നു ചന്ദ്രയാന്‍-ഒന്നിന്റെ ഭാഗങ്ങള്‍. രണ്ടുവര്‍ഷത്തെ കാലാവധി കല്‍പ്പിച്ച ഈ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തിനു താഴെയാണ് പ്രവര്‍ത്തിച്ചത്. ഭൂമിയുമായുള്ള ബന്ധം നഷ്ടമായെങ്കിലും അതിനോടകം പ്രധാന ലക്ഷ്യങ്ങളെല്ലാം ചന്ദ്രയാന്‍-ഒന്ന് നിറവേറ്റിയിരുന്നു. നിര്‍ണായകമായ സാങ്കേതികവിദ്യ സ്വായത്തമാക്കാനും, ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കാനും കഴിഞ്ഞത് വലിയ നേട്ടമാവുകയും ചെയ്തു. പതിനൊന്ന് വര്‍ഷത്തിനുശേഷം 2019 ല്‍ അടുത്ത ദൗത്യമായ ചന്ദ്രയാന്‍-രണ്ട് വിജയകരമായി വിക്ഷേപിച്ചെങ്കിലും ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങാന്‍ കഴിയാതെ പോവുകയും, റോവര്‍ ഇടിച്ചിറങ്ങി ഛിന്നഭിന്നമാവുകയും ചെയ്തു. ചന്ദ്രനിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കാന്‍ കഴിഞ്ഞത് പുതിയ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നു. ഇതിന്റെ അനന്തര ഫലമാണ് ഐഎസ്ആര്‍ഒ ബാഹുബലി എന്നു പേരിട്ടിട്ടുള്ള എസ്എല്‍വി മാര്‍ക്ക്-3 എന്ന റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായ എംഎല്‍വി-3 പുതിയ ചന്ദ്രയാന്‍ പേടകവുമായി കുതിച്ച് ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. ചന്ദ്രയാന്‍-മൂന്നിന്റെ അവശേഷിക്കുന്ന ഘട്ടങ്ങള്‍ വളരെ അപകടസാധ്യതയുള്ളതാണെങ്കിലും ഐഎസ്ആര്‍ഒ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ബഹിരാകാശ രംഗത്ത് ഭാരതം ഇന്ന് ഒരു വന്‍ശക്തിയാണ്. മറ്റ് രാജ്യങ്ങള്‍ ഈ രംഗത്ത് പതിറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്തത് താരതമ്യേന കുറഞ്ഞ കാലത്തിനുള്ളില്‍ നേടിയെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞിരിക്കുന്നു. സ്വന്തമായി റോക്കറ്റ് നിര്‍മിക്കാനും മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും കഴിയുന്ന അഭിമാനകരമായ സ്ഥിതിയാണുള്ളത്. ഇങ്ങനെ നിരവധി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചുകഴിഞ്ഞു. ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് ന്യൂയോര്‍ക്ക് ടൈംസിനെപ്പോലുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഭാരതത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് മാറ്റത്തിന്റെ തെളിവാണ്. ചന്ദ്രയാന്‍-മൂന്നിന്റെ വിക്ഷേപണ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ ബഹിരാകാശയാത്ര പുതിയ ചരിത്രം രചിക്കുകയാണെന്നും, ഓരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തിയ നേട്ടമാണിതെന്നും പറഞ്ഞ പ്രധാനമന്ത്രി അതിനു കാരണക്കാരായ സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെ അഭിവാദ്യം ചെയ്യുകയുമുണ്ടായി. ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ രാഷ്ട്രത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് തെളിവാണിതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പറഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഭാരതം കൈവരിക്കുന്ന ഇത്തരം നേട്ടങ്ങള്‍ രാഷ്ട്രത്തിന്റെ അന്തസ്സുയര്‍ത്തുകയും, ആഗോളതലത്തില്‍ പുതിയ ഔന്നത്യങ്ങള്‍ കീഴടക്കാന്‍ സഹായകമാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: