ദമാസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണവും പിന്തുണയും ഉറപ്പുനല്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേന്ദ്രമന്ത്രി സിറിയന്‍ പ്രസിഡന്റിന് കൈമാറി. 300 സിറിയന്‍ വിദ്യാര്‍ഥികളെ കൂടി കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് സ്കീമില്‍ ഉള്‍പ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ദമാസ്കസില്‍ വച്ച് സിറിയന്‍ പ്രധാനമന്ത്രി ഹുസൈന് അര്ണോസുമായും വി മുരളീധരന് ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രി ഡോ. ഹസ്സന് അല്‍ ഗബ്ബാഷിനെയും വി. മുരളീധരന് സന്ദര്‍ശിച്ചു. ഹെല്‍ത്ത് കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ സഹകരണത്തിന്റെ മേഖലകള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ കണ്ട മന്ത്രി എംബസിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.
ദമാസ്കസില്‍ വച്ച് പാത്രിയര്‍ക്കീസ് ബാവയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മലങ്കര സഭയില്‍ ശാശ്വത സമാധാനത്തിന് സഹകരിക്കണം എന്ന് മന്ത്രി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് സ്കീമിന്റെ സഹായത്തോടെ ഇന്ത്യയില്‍ പഠനത്തിന് അവസരം ലഭിച്ച സിറിയന്‍ വിദ്യാര്‍ഥികളുമായും മന്ത്രി സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: