തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം ജൂലൈ 14 ആയിട്ടും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ആസ്ഥാനമന്ദിരം ബിഎംഎസ് യൂണിയന്‍ ഉപരോധിച്ചു. കൂലി ചോദിച്ച് സമരം ചെയ്ത ജീവനക്കാരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തി.
ജീവനക്കാരുടെ ശമ്പളം മാസങ്ങളായി ഗഡുക്കളായിട്ടാണ് നല്കിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തെ ശമ്പളം ഗഡുവായി നല്കാനും തയാറാകാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെഎസ്ടി എംപ്ലോയീസ് സംഘ് ഉപരോധസമരം നടത്തിയത്.
ഉപരോധസമരം നടത്തിയ ജീവനക്കാരെ ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്ത് ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ട് ഏറെ വൈകിയും കൂലിക്കുവേണ്ടി സമരം ചെയ്ത ജീവനക്കാര്‍ക്ക് ജാമ്യം നല്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. മുന്‍ മാസം 220 കോടി വരുമാനമുണ്ടായിട്ടും 80 കോടി രൂപ ശമ്പളം നല്കാതിരിക്കുന്നത് ഓണക്കാല ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള തന്ത്രമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത ഗുരുതര സാഹചര്യമാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളതെന്ന് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. രാജേഷ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി. പ്രദീപ്, സംസ്ഥാന സെക്രട്ടറി എന്‍.എസ്. രണജിത്, ജില്ലാ സെക്രട്ടറി ജീവന്‍ സി. നായര്‍, ടി. സുരേഷ് കുമാര്‍, എസ്.ആര്‍. അനീഷ്, ജില്ലാ ഭാരവാഹികളായ ആര്‍. പത്മകുമാര്‍, ഡി. ബിജു, എസ്. സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: